(മയാ അന്‍ജലുവിന്‍റെ “ഫെനോമെനല്‍ വുമണ്‍” എന്ന ഉത്കൃഷ്ട കവിതക്ക് ഞാന്‍ ശ്രമിച്ച മലയാള പരിഭാഷയാണിത്. തെറ്റുകുറ്റങ്ങള്‍ സദയം ക്ഷമിക്കുക.}
അത്ഭുതം കൂറുന്നു സുന്ദരിമാര്‍
എവിടെയാണെന്‍റെ രഹസ്യം?
ഫാഷന്‍ കുമാരികമാരെപ്പോലെ
ഞാനൊരു സുന്ദരിയല്ല
ആകാരസൗഷ്ഠവമില്ല
വിശദീകരിക്കാന്‍ ശ്രമിച്ചാല്‍
അത് നുണയെന്നവര്‍ പറഞ്ഞീടും
അവരോട് ഞാനപ്പോള്‍ ചൊല്ലും
എന്‍റെ രഹസ്യരഹസ്യം
ബാഹുദൈര്‍ഘ്യത്തിന്‍റെ ഭംഗിയാണെ
വസ്തിപ്രദേശ വിസ്താരമാണെ
എന്‍റെ ചുവടിന്നെടുപ്പിലാണെ
അധരത്തിന്നാകര്‍ഷകചുരുളിലാണെ
പ്രതിഭാസപൂരിത രീതിയില്‍ ഞാന്‍
മഹാപ്രതിഭാസമാകും വനിതയാണെ
ഒരു മുറിയില്‍ ഒരു പുരുഷന്‍റെ മുന്നില്‍
ഞാന്‍ ശാന്തയായ് ചെന്നു കേറുന്നു
കണ്ടിരിക്കുന്നോരെണീക്കും
വീണു മുട്ടുമടക്കി നമിക്കും
തേനീച്ചക്കൂട്ടങ്ങള്‍ പോലെ
ചുറ്റും മൂളിപ്പറന്നു നടക്കും
അതിന്‍ കാരണമെന്തെന്നു ചൊല്ലാം
എന്നക്ഷികള്‍ക്കുള്ളിലെ ജ്വാല
പല്ലിലെ മിന്നും പ്രകാശം
എന്നരക്കെട്ടിന്‍റെയാട്ടം
കാലില്‍ കളിക്കുമാനന്ദം
പ്രതിഭാസപൂരിത രീതിയില്‍ ഞാന്‍
മഹാപ്രതിഭാസമാകും വനിതയാണെ
പുരുഷന്മാരതിശയിക്കുന്നു
അവരെന്നില്‍ കാണുന്നതെന്തോ
എത്ര ശ്രമിച്ചാലുമെന്നും
ആന്തരമാമെന്‍ രഹസ്യം
അവര്‍ക്ക് സ്പര്‍ശിക്കാന്‍ പോലുമാവില്ല
കാട്ടിക്കൊടുക്കാന്‍ ശ്രമിച്ചാല്‍
കാണാന്‍ കഴിയാത്ത വര്‍ഗം
എന്‍റെ രഹസ്യരഹസ്യം
എന്‍റെ മുതുകിന്‍റെ വര്‍ത്തുളത്തില്‍
എന്‍റെ മന്ദസ്മിത ഭാനുവിങ്കല്‍
എന്‍റെ സ്തനത്തിന്‍ കുതിപ്പില്‍
രമ്യമാമെന്‍റെ നടപ്പില്‍
പ്രതിഭാസപൂരിത രീതിയില്‍ ഞാന്‍
മഹാപ്രതിഭാസമാകും വനിതയാണെ
ഇപ്പോളറിയാം നിങ്ങള്‍ക്ക്
എന്‍റെ തല കുനിയാത്ത രഹസ്യം
ഉച്ചത്തില്‍ ഞാനൊന്നും ചൊല്ലവേണ്ട
കോപിച്ചെവിടെയും ചാടവേണ്ട
ഞാനരികത്തൂടെ പോയിടുമ്പോള്‍
അഭിമാനമാര്‍ജ്ജിക്കും നിങ്ങളെല്ലാം
എന്‍റെ രഹസ്യരഹസ്യം
എന്‍റെ കുതിയിന്‍ ഞൊടിയില്‍
കൊണ്ടല്‍ ചുരുളിന്‍ തിരയില്‍
ഉള്ളംകയ്യിന്‍റെ ഉള്ളത്തിനുള്ളില്‍
നിങ്ങളെന്‍റെ ശ്രദ്ധ തേടുന്ന തുടിപ്പില്‍
പ്രതിഭാസപൂരിത രീതിയില്‍ ഞാന്‍
മഹാപ്രതിഭാസമാകും വനിതയാണെ