ഒരിടത്ത് ഒരു ജോത്സ്യനുണ്ടായിരുന്നു. അയാളുടെ ഏകമകന്‍ നാണുവിനെ കുലത്തൊഴിലായ ജോത്സ്യം പഠിപ്പിക്കാന്‍ ശ്രമിച്ചിട്ട് സാധിച്ചില്ല.
നാണുവിനു പ്രായപൂര്‍ത്തിയായപ്പോള്‍ സുന്ദരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്തു കൊടുത്തു. അങ്ങനെയിരിക്കെ ജോത്സ്യന്‍ മരിച്ചു.
ഭാവി അറിയാന്‍ ജോത്സ്യനെ അന്വേഷിച്ച് ആളൂകള്‍ ദൂരെ ദിക്കില്‍ നിന്ന് വന്നു കൊണ്ടിരുന്നു. നാണു അവരെയെല്ലാം മടക്കിയയച്ചു .
നാണുവിന്റെ ഭാര്യ അയാളെ ധൈര്യപ്പെടുത്തി ” വരുന്നവരെയെല്ലാം മടക്കിയയക്കാതെ അവരുടെ കാര്യങ്ങള്‍ കവടി നിരത്തി വേണ്ട പോലെ പറഞ്ഞു കൊടുത്ത് , തരുന്ന രൂപ വാങ്ങിക്കു അല്ലാതെ എങ്ങനെ ചെലവ് കഴിയും?”
” നീ എന്താണീ പറയുന്നത്? ജോത്സ്യത്തെ പറ്റി വിവരമില്ലാത്ത ഞാന്‍ കവടി നിരത്തി എന്തു പറയാനാണ്?”
” കവടി നിരത്തി പറയാന്‍ വലിയ വിവരമൊന്നും വേണ്ട. അച്ഛന്‍ കാണിക്കുന്നത് കണ്ടിട്ടില്ലേ അതു പോലെ കാണിച്ചു കൊണ്ട് പറഞ്ഞാല്‍ മതി”
ഇങ്ങനെ ഒന്നും രണ്ടും പറഞ്ഞ് ഭാര്യയും ഭാര്യയും തമ്മില്‍ തെറ്റി. നാണു വീട് വിട്ടിറങ്ങി അടുത്തുള്ള വീട്ടിനരികിലെത്തി . ആ വീട്ടിലെ അപ്പൂപ്പനും അമ്മൂമ്മയും തമ്മില്‍ തര്‍ക്കിക്കുകയാണ് മുറ്റത്തൊളിഞ്ഞു നിന്ന് നാണു അവരുടെ തര്‍ക്കം കേട്ടു.
”ഒരപ്പം കൂടുതലെനിക്കു തരണം ഞാനാണരിയിടിച്ചത്” അപ്പൂപ്പന്‍ വാദിച്ചു.
ആകെയുള്ള അഞ്ചപ്പത്തിനു വേണ്ടിയായിരുന്നു അവരുടെ തര്‍ക്കം തര്‍ക്കം മൂത്തു. ആരും കീഴടങ്ങാന്‍ തയാറായില്ല.
ഒടുവിലിരുവരും മൗനവ്രതം ആചരിക്കുവാന്‍ തീരുമാനിച്ചു. ആദ്യം മിണ്ടുന്നയാള്‍ക്ക് ഒരപ്പം കുറവ്.
അപ്പം പൊതിഞ്ഞ് പായത്തട്ടിന്റെ മുകളിരുന്ന പായയുടെ ഉള്ളില്‍ വച്ച് ഇരുവരും കിടന്നുറങ്ങി.
നേരം വെളുത്തിട്ടും അപ്പൂപ്പനും അമ്മുമ്മയും മിണ്ടിയില്ല. അയല്‍ക്കാര്‍ വിളീച്ചിട്ടും അവര്‍ വാതില്‍ തുറക്കുകയോ ശബ്ദിക്കുകയോ ചെയ്തില്ല. അവര്‍ക്ക് എന്തു സംഭവിച്ചു എന്ന് ആര്‍ക്കും മനസിലായില്ല.
നാട്ടുകാര്‍ ആ വൃദ്ധ ദമ്പതികളുടെ മകളെ വിവരം അറിയിച്ചു. മകളും ഭര്‍ത്താവും വന്നു വിളീച്ചിട്ടും അവര്‍ മിണ്ടിയില്ല . ഒരേ കിടപ്പു കിടന്നു . കാര്യം മനസിലാകാതെ മകളും മരുമകനും അന്ധാളിച്ചു. ഇനി എന്തു ചെയ്യണമെന്നവര്‍ ആലോചിച്ചു.
അയല്പക്കത്തുള്ള ജോത്സ്യന്റെ വീട്ടില്‍ ചെന്ന് പ്രശ്നം വെച്ചു നോക്കണം. നാണു അപ്പോഴേക്കും വീട്ടിലെത്തിയിരുന്നു . പ്രശ്നം നോക്കി വല്ല ബാധയോ മറ്റോ ആണോ എന്ന് നോക്കാന്‍ നാണുവിനോടവര്‍ ആവശ്യപ്പെട്ടു.
നാണു പ്രശ്നം വെക്കാന്‍ മടി പറഞ്ഞു. ഭാര്യ നിര്‍ബന്ധിച്ചപ്പോള്‍ കവടി വാരി നിരത്തി പറഞ്ഞു.
” അഞ്ചപ്പം മൂലമാണ് മിണ്ടാതിരിക്കുന്നത്. അപ്പം പായത്തട്ടിന്റെ മുകളിലിരിക്കുന്ന പായയുടെ ഉള്ളിലുണ്ട്. ആദ്യം മിണ്ടുന്നയാള്‍ക്ക് ഒരപ്പം കുറച്ചേ കിട്ടുകയുള്ളു. ഒരപ്പം കൂടുതല്‍ കിട്ടാന്‍ വേണ്ടിയാണ് മിണ്ടതിരിക്കുന്നത് ”
നാണുവിന്റെ പ്രവചനം കേട്ടപ്പോള്‍ മകള്‍ക്കും മരുമകനും ചിരി വന്നു. അവര്‍ വീട്ടില്‍ ചെന്ന് അകത്തു കയറി പായത്തട്ടിന്റെ മുകളില്‍ തപ്പി. ഭദ്രമായി പൊതിഞ്ഞു വച്ചിരിക്കുന്ന അഞ്ചപ്പം കണ്ടു.
ആ വൃദ്ധ ദമ്പതികള്‍ ചിരിച്ചുകൊണ്ട് അപ്പത്തിന്റെ കഥ എങ്ങനെ അറിഞ്ഞുയെന്നു ചോദിച്ചു.
നാണു പ്രശ്നം നോക്കി പറഞ്ഞതാണെന്നവര്‍ അറിയിച്ചു. ഇത്ര കൃത്യമായി പ്രശ്നം വച്ച് പറഞ്ഞതിന് നാണുവിനു നൂറു രൂപ പ്രതിഫലം നല്കി.
നാണു രൂപ വാങ്ങി സാമാനങ്ങള്‍ വാങ്ങാന്‍ ചന്തക്കു പോയി. പോകുന്ന വഴി വയലിലിറങ്ങി വിളവു തിന്ന ഒരു കാളയെ ഒരു കര്‍ഷകന്‍ റോഡരികിലുള്ള മാവില്‍ പിടിച്ചു കെട്ടുന്നതു കണ്ടു.
സാമാനങ്ങള്‍ വാങ്ങി നാണു തിരിച്ച് വീട്ടില്‍ വന്നപ്പോള്‍ രണ്ടാളുകള്‍ വന്നിരിക്കുന്നു.
കവടി വാരി കശക്കുന്നതിനിടയില്‍ നാണു ചോദിച്ചു.
” എന്താണ് നിങ്ങള്‍ക്കറിയേണ്ടത്?”
” ഞങ്ങളുടെ ഒരു കാളയെ കാണാതായിട്ട് രണ്ടു ദിവസമായി. അന്വേഷിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല എവിടെയാണു അവനെന്നു ഒന്നു പറഞ്ഞു തരു”
” കാള കിഴക്കോട്ടാണ് പോയിരിക്കുന്നത് വയലിന്റെ കരയില്‍ റോഡരുകില്‍ നില്ക്കുന്ന ഒരു മാവില്‍ ബന്ധിച്ചിരിക്കുകയാണ്. അതാണ് വീട്ടിലേക്കു വരാത്തത്. വെള്ള പാണ്ടുള്ള കാളയല്ലേ?”
” അതേ”
” എന്നാള്‍ കാളയെ കിട്ടും നിങ്ങള്‍ പോയി നോക്ക്”
അവര്‍ കാളയെ അന്വേഷിച്ച് ജോത്സ്യന്‍ പറഞ്ഞ വഴിക്ക് പോയി.
കാളയെ കിട്ടി അവര്‍ക്ക് അത്ഭുതം തോന്നി ”ഇത്ര കൃത്യമായി എങ്ങെനെ പറയാന്‍ സാധിക്കുന്നു. അച്ഛനേക്കാള്‍ മിടുക്കനാണ് മകന്‍”
നാണു കൃത്യമായി പ്രശ്നം പറയുന്ന വിവരം നാട്ടിലെ രാജാവറിഞ്ഞു. അയാളെ ഒന്നു പരീക്ഷിച്ചു നോക്കാന്‍ രാജാവ് തീരുമാനിച്ചു. നാണുവിനെ കൊട്ടാരത്തില്‍ വരുത്തി ചോദിച്ചു.
” നീ വലിയ പ്രശ്നക്കാരനല്ലേ? കൂട്ടില്‍ കിടക്കുന്ന എന്റെ കിളിയുടെ പേരു പറയണം പറഞ്ഞില്ലെങ്കില്‍ നിന്റെ കഴുത്ത് ഛേദിച്ചു കളയും ”
നാണു വിഷണ്ണനായി കൂട്ടില്‍ കിടക്കുന്ന കിളിയുടെ അടുത്ത് ചെന്ന് ആത്മഗതം ചെയ്തു.
അഞ്ചപ്പം മൂലം പ്രശ്നക്കാരനായി കാള മൂലം പ്രസിദ്ധി നേടി പക്ഷി മൂലം മരണമാണല്ലോ എന്റെ മരണപക്ഷി.
പെട്ടന്ന് പക്ഷി വിളീ കേട്ടു.
രാജാവ് അത്ഭുതപ്പെട്ട് ചോദിച്ചു.
” മരണ പക്ഷി എന്നാണ് ഈ പക്ഷിയുടെ പേരെന്ന് നീ എങ്ങനെ മനസിലാക്കി ? നീ മിടുക്കന്‍ തന്നെ”
ഒരു പരീക്ഷണം കൂടി നടത്തണം. അതിലും നീ വിജയിക്കുകയാണെങ്കില്‍ വിലപിടിപ്പുള്ള ഒരു സമ്മാനം തരുന്നുണ്ട്”
”എന്ത് പരീക്ഷണമാണെന്നു അടിയനറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്”
” ശരി അടുത്ത ആഴ്ച രാജസദസില്‍ വരു ”
നാണു പോയി . രാജാവും മന്ത്രിയും രാജസദസിലുള്ള പണ്ഡിതന്‍മാരും കൂടി ആലോചിച്ച് നാണുവിനെ തോല്പ്പിക്കാനുള്ള മാര്‍ഗം ആരാഞ്ഞൂ.
അവസാനം അവരിങ്ങനെ ഒരു തീരുമാനമെടുത്തു.
ഒരു മത്തങ്ങ തുരന്ന് കുരുവെല്ലാം എടുത്തതിനു ശേഷം അഞ്ചു കുരുമാത്രം എണ്ണിയെടുത്ത് മത്തങ്ങയുടെ ഉള്ളിലാക്കി അറിയാത്ത രീതിയില്‍ തുരന്ന ഭാഗം അടച്ച് സമുദ്രത്തിന്റെ നടുവില്‍ കിടന്ന കപ്പലില്‍ കൊണ്ടു പോയി വെച്ച് ഭൃത്യന്‍മാര്‍ കാവലിരുന്നു.
നാണുവിനോട് രാജകൊട്ടാരത്തില്‍ വരാന്‍ കല്പ്പിച്ചു.
നാണു വന്നു കപ്പലില്‍ സൂക്ഷിച്ചിരിക്കുന്ന മത്തങ്ങയില്‍ എത്ര കുരുവുണ്ടെന്നു രാജാവ് ചോദിച്ചു.
നാണു പറഞ്ഞു ” തിരുമേനി അടിയനു കപ്പലും മത്തങ്ങയും കാണാനുള്ള സാവകാശം തരണം. ശേഷം പറയാം ”
രാജാവ് സമ്മതിച്ചു.
നാണു കാവല്‍ക്കാരറിയാതെ മീന്‍ പിടുത്തക്കാരന്റെ വേഷത്തില്‍ കപ്പലിന്റെ അരികില്‍ ചെന്നു
കപ്പലില്‍ ഇരുന്ന കാവല്‍ക്കാര്‍ ഇങ്ങനെ സംസാരിക്കുന്നത് കേട്ടു.
” ഈ മത്തങ്ങയുടെ അകത്ത് അഞ്ചു കുരു മാത്രമേ ഉള്ളു എന്ന് ഒരു ജോത്സ്യനും പറയില്ല കുരുവെല്ലാം മാറ്റി അഞ്ചെണ്ണം മാത്രം എടുത്തിട്ട നമുക്ക് പറയാന്‍ സാധിക്കും”
നാണു ഈ സംസാരമെല്ലാം കേട്ടു രാജാവിന്റെ മുന്നില്‍ വന്ന് ആദരപൂര്‍വം കവടി നിരത്തിയിട്ടു പറഞ്ഞു.
”’ തിരുമേനി മത്തങ്ങയില്‍ അഞ്ചു കുരു മാത്രമേ ഉള്ളു”
നാണുവിന്റെ പ്രവചനം കേട്ട് രാജാവ് അത്ഭുതപരതന്ത്രനായി.
” ഇത്ര കൃത്യമായി പറയാന്‍ സാധിക്കുന്നതെങ്ങിനെയാണ്?” രാജാവ് ചോദിച്ചു.
” ദൈവത്തിന്റെ അനുഗ്രഹമാണ് പൊന്നു തിരുമേനി. അല്ലാതെ അടിയന്റെ സാമര്‍ത്ഥ്യമല്ല. സാമര്‍ത്ഥ്യം കൊണ്ടു മാത്രം ആര്‍ക്കും ജീവിതത്തില്‍ വിജയിക്കുവാന്‍ സാധിക്കുകയില്ല ദൈവാനുഗ്രഹവും ഭാഗ്യവും കൂടി വേണം ”
രാജാവിനു സന്തോഷമായി. നാണുവിനു വിലപിടിപ്പുള്ള അനവധി സമ്മാനങ്ങള്‍ നല്കി.