ഒരു വിളിപ്പാടകലെ നീ നിന്നുവെങ്കിലും ,
ഒരു വാക്ക് , നിന്നോടു ചൊല്ലിയില്ല.
മിഴികളില്‍ ഞാൻ കണ്ട ,കവിത തന്‍ മലരുകള്‍
പേനത്തലപ്പാ,ലടർത്തിയില്ല.
വെയിൽ ചാഞ്ഞുറങ്ങുന്നൊരിടനാഴി തന്നിലായ്,
നിന്നെയും കാത്തു ഞാന്‍ നിന്നതില്ല.
ഒരു മഴക്കാലത്തും ,നിന്‍ കുടക്കീഴെ ഞാന്‍
ഒരു നാളു,മഭയം തിരഞ്ഞതില്ല.
നീ തന്ന പുസ്തക,ത്താളിലായ് ഞാനെന്‍റെ
പ്രണയം നിനക്കായ് കുറിച്ചതില്ല.
യാത്ര പറയേണ്ടുന്ന നിമിഷത്തില്‍, വ്യർത്ഥമായ്
“പിരിയില്ല നമ്മള്‍ ” എന്നോതിയില്ല.
പറയാതെ അറിയാതെ,യിരുളിൽ പൊലിഞ്ഞൊരെന്‍
സ്വപ്നങ്ങളോര്‍ത്തു കരഞ്ഞുമില്ല.
എന്തു കൊണ്ടെന്നോ സഖി…?
സ്നേഹിച്ചിരുന്നു ഞാന്‍ നിന്നെ, അത്രമേൽ
സ്നേഹിച്ചിടുന്നു ഞാന്‍ നിന്നെ…