ചുംബനമർപ്പിച്ച പാറ്റയുടെ
കരിഞ്ഞ മാംസ ഗന്ധം
മറഞ്ഞപ്പോഴും
ഊറിച്ചിരിച്ചു കെടാതെ നിന്നു
രണ്ടിറ്റ് മുതലക്കണ്ണീരൊഴുക്കി
അടുത്ത പാറ്റകൾക്കായി
കാത്തിരിക്കുന്നു
മെഴുകുതിരികൾ.
വലിച്ചടുപ്പിച്ച്
ഗാഢാലിംഗനം ചെയ്ത ശേഷം
അകലങ്ങളിലേക്കെറിയപ്പെട്ടപ്പോഴും
അമ്പിനറിയില്ലായിരുന്നു
‘ശിഷ്ടകാലം
കരഞ്ഞു തീർക്കണമെന്ന്.
അവനാഴിയിലെ
അടുത്ത അസ്ത്രങ്ങളിൽ
കണ്ണും നട്ടിരുന്നു
വില്ലുകൾ.
പുൽക്കൊടിയിൽ
പറ്റിപ്പിടിച്ചിരുന്നു
സ്വപ്നങ്ങൾ നെയ്തപ്പോഴും
മഞ്ഞുതുള്ളിക്കറിയില്ലായിരുന്നു
അലിഞ്ഞില്ലാതാവുമെന്ന്.
പുതിയ മഞ്ഞുതുള്ളികൾക്കൊപ്പം
രാവുറങ്ങാൻ
പുൽ ക്കൊടികൾ
കാത്തിരിക്കുന്നുണ്ടായിരുന്നു.
അള്ളിപ്പിടിച്ചിരുന്നു
മധുനുകർന്നപ്പോഴും
മൂളിപ്പാട്ടു പാടി രസിപ്പിച്ച മധുപങ്ങൾ
വയറുനിറച്ചുണ്ടു
പുതിയ പൂക്കൾ തേടിപ്പറന്നു പോയി.
തന്റേതു മാത്രമാണെന്നു കരുതി
എല്ലാം കൊടുത്ത പൂക്കൾ
നടവഴികളിൽ കരിഞ്ഞു വീണിരുന്നു.