1)
ഞാവൽ
എന്തായിരുന്നു അതിന്‍റെ പേര്?
കിട്ടാത്തപ്പോൾ പുളിക്കുകയും
കഴിക്കുമ്പോൾ മധുരിക്കുകയും
ഒടുക്കം
ഒരു കറയായി തീരുകയും ചെയ്യുന്നത്?
പ്രണയം?
ങാ
അതു തന്നെ
പ്രണയം
(2)
ഉങ്ങ്
എല്ലാരുമിങ്ങനെ
കൊഴിഞ്ഞിറങ്ങുന്ന കാലത്ത്
നീ മാത്രമിങ്ങനെ
പച്ചപുതച്ച്,
തണൽ വിരിച്ച്.
(3)
കൊന്നപ്പൂ
വെയിലിന്‍റെ വ്യഥയില്‍
ഒറ്റപെടലിന്‍റെ വിഷമേറ്റ്
മരിച്ചു വീഴാനാണ് വിധി
എന്നിട്ടും
കൊന്നപൂഎന്ന
ദുഷ്പേര് കൂടെ
(4)
പ്ലാശ്
കാടകത്തിന്‍റെ മെയ് –
നിറഞ്ഞു കത്തുന്ന നിഗൂഡ-
അനുരാഗം നീ
പാത വക്കില്‍ പതിഞ്ഞു
മറയാന്‍ വെമ്പുന്ന
പകല്‍ക്കിനാവും നീ
(5)
കരിമ്പന
വേരറുത്തു
നിറഞ്ഞൊഴുകും
പ്രണയതീരത്തിരുന്നു
–
ഞാനൊരു
കരിമ്പനവിത്തിന്റെ
സ്വപ്നം കണ്ടു