പ്രണയം ബന്ധനമല്ല

 

 

 


നാമെല്ലാവരും വ്യത്യസ്ത തരത്തിലുള്ള ബന്ധങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ് ജീവിക്കുന്നത്. ബന്ധങ്ങളില്ലാതെ, കൂട്ടില്ലാതെ ജീവിക്കാൻ പ്രയാസമാണ്. എല്ലാ ജീവജാലങ്ങളും കൂട്ടു കൂടിയാണ് ജീവിക്കുന്നത്. പൂച്ചകൾ ഒഴികെ. അതിജീവനം സുഖകരമാവാണമെങ്കിൽ കൂട്ടു കൂടേണ്ടത് ആവശ്യമാണ്. എന്തിനും ഏതിനും പരാശ്രയം നല്ലതുമല്ല. അതെപ്പോഴും സംഘർഷമേ സൃഷ്ടിക്കൂ.


കൂട്ടുകൂടുന്നത് പരസ്പരം സഹകരിച്ചുകൊണ്ട് ജീവിക്കാനാണ്. അവിടെ സാമ്പത്തികമായും, ശാരീരികമായും, ആശയപരമായും ഉള്ള വിനിമയം നടക്കുന്നു. ഇതിൽകൂടിയാണ് ഏതൊരു ബന്ധവും ഉടലെടുക്കുന്നത്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ എല്ലാ ബന്ധങ്ങളും വ്യാപാര അധിഷ്ഠിതമാണ്. കച്ചവടമാണ്. കൊടുക്കലും വാങ്ങലുമാണ്. സാധാരണ നിലയിൽ നടക്കുന്ന കച്ചവടം തന്നെയാണ് എല്ലാ ബന്ധങ്ങളുടെയും മൂല കാരണം. എന്നാൽ പ്രണയത്തിൽ ലാഭ നഷ്ട കണക്കില്ലാത്തത് കൊണ്ട് അവിടെ ബന്ധങ്ങൾ ബന്ധനമാവുന്നില്ല.


ബന്ധങ്ങൾ നിലനിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ലാഭ നഷ്ട കണക്കിന്റെ അടിസ്ഥാനത്തിലാണ്. വെറും നഷ്ടങ്ങൾ സഹിച്ചുകൊണ്ട് വ്യാപാരം നിലനിൽക്കില്ല. അവ അടച്ചുപൂട്ടുകയോ അല്ലെങ്കിൽ മറ്റു സ്ഥാപനത്തിൽ ലയിക്കുകയോ ചെയ്യും. ഇത് തന്നെയല്ലേ വിവാഹ ജീവിതത്തിലും സംഭവിക്കുന്നത്. ബന്ധങ്ങളിൽ ഏർപെടുമ്പോൾ രണ്ടുപേർക്കും ലാഭമുണ്ടെങ്കിൽ അത്തരം ബന്ധം തുടർന്നും പോയിക്കൊണ്ടിരിക്കും. ഒരാൾക്ക് ലാഭവും മറ്റെയാൾക്ക് നഷ്ടവുമാണെങ്കിൽ അവർ ആ കച്ചവടത്തിൽ നിന്ന് തന്റെ ഷെയർ വാങ്ങി ബന്ധം അവസാനിപ്പിക്കും. അല്ലെങ്കിൽ എപ്പോഴെങ്കിലും ലാഭം കിട്ടുമെന്ന പ്രതീക്ഷയിൽ വ്യാപാരം തുടരും. പരസ്പരം സഹിച്ചുകൊണ്ട് ജീവിക്കാൻ കാരണം ഈ പ്രതീക്ഷയാണ്.

ബന്ധങ്ങളെ കൂട്ടിയോജിപ്പിക്കുന്നത് വ്യാപാര മനസ്സാണ്. വ്യാപാരമാവുമ്പോൾ അവിടെ ലാഭവും നഷ്ടവുമുണ്ട്. ലാഭം കിട്ടുമ്പോൾ മനസ്സിന്ന് സന്തോഷവും നഷ്ടം സംഭവിക്കുമ്പോൾ മനസ്സിന്ന് ദുഖവും അനുഭവിക്കുന്നു. വ്യാപാര മനസ്സാണ് ഒരാളുടെ സന്തോഷവും ദുഖവും നിർണായിക്കുന്നത്. ഇവർ എപ്പോഴും സംഘർഷത്തിലും മാനസിക പിരിമുറുക്കത്തിലുമായിരിക്കും. അതോടെ അയാളുടെ ശരീരം തളരുകയും രോഗത്തിന്ന് കീഴ്പ്പെടുകയും ചെയ്യുന്നു. തുടർന്ന് പ്രായം തികയാതെ അയാൾ മരണത്തിന്ന് കീഴ്പ്പെടുകയോ ആത്മഹത്യയോ ചെയ്യുന്നു.

മാനസിക പിരിമുറുക്കം അനുഭവിക്കാതെ ഒരു ബന്ധവും നിലനിൽക്കില്ല. ഈ മാനസിക പിരിമുറുക്കമാണ് മത പുരോഹിതന്മാർ, ആത്മീയ ആചാര്യന്മാർ, ജ്യോത്സ്യൻ, രാഷ്ട്രീയ നേതാക്കന്മാർ ഇവരൊക്കെ ശാരീരികമായും, മാനസികമായും, സാമ്പത്തികമായും ചൂഷണം ചെയ്യുന്നു.


നന്നായി സമാധാനത്തോടെ ജീവിച്ചുപോകുന്ന കുടുംബത്തിൽ വിവാഹത്തോടെ സ്ത്രീയോ പുരുഷനോ പുതുതായി വന്നാൽ ആ കുടുംബത്തിന്റെ സമാധാനം നഷ്ടപ്പെടുത്തുന്നു. പിന്നീടങ്ങോട്ട് സഹിച്ചുകൊണ്ട് സമൂഹത്തിന്റെ മുന്നിൽ നല്ല പിള്ള ചമഞ്ഞ് കൊണ്ടാണ് ഓരോ കുടുംബവും മുന്നോട്ട് പോവുന്നത്. കുടുംബ പരമായുള്ള ബന്ധങ്ങൾ വൈകാരികത നിറഞ്ഞവയാണ് അവിടെ ഇണക്കങ്ങളും പൊരുത്തക്കേടുമൊക്കെയുണ്ടെങ്കിലും മിക്കവാറും ആളുകൾ സഹനത്തിന്റെ പാതയാണ് പിന്തുടരുന്നത്. ഇത്തരം സഹനമാണ് അയാളെ നിത്യ രോഗിയാക്കി മറ്റുന്നതും.

ജനിച്ചു വീഴുമ്പോഴുള്ള അച്ഛൻ, അമ്മ, സഹോദരങ്ങൾ, സഹോദരിമാർ എന്നിങ്ങനെയുള്ള വൈകാരിക ബന്ധം തകരാൻ പ്രധാന കാരണം കുടുംബത്തിലേക്ക് പുറത്ത് നിന്ന് വന്നവരാണ്. ഒരു മനസ്സും ഇരു മെയ്യുമായി കഴിഞ്ഞവർ പരസ്പരം സംസാരിക്കാതെയും നിസ്സാര കാര്യത്തിന്ന് പോലും പരസ്പരം വഴക്കിടുന്ന കാഴ്ചകൾ നമ്മുടെ മുന്നിലുണ്ട്.


വിവാഹത്തോടെ വീട്ടിലേക്ക് വരുന്ന ചെറുക്കനും പെണ്ണിനും അവരുട വ്യാപാര മനസ്സ് വ്യത്യസ്തമാണ്. അവർ പുതിയ വ്യാപാര സാധ്യതകളാണ് അന്വേഷിക്കുന്നത്. അതോടെ കുടുംബത്തിൽ ആസ്വാരസ്യങ്ങൾ ഉടലെടുക്കുന്നു. ചെറുക്കനെ പെണ്ണിന്റെ വീട്ടിലേക്ക് അവരുടെ സംസ്കാരത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നു. അത്പോലെ തിരിച്ചും. ഇത് സംഭവിക്കാത്ത കുടുംബങ്ങൾ കേരളത്തിൽ വളരെ കുറവാണ്. എല്ലാവരും സ്വയം സഹിച്ചുകൊണ്ട് പൊതുജന മദ്ധ്യത്തിൽ നല്ലത് ചമയുന്നു.


ബന്ധങ്ങളുട അനിവാര്യത അതിജീവനത്തിന് വളരെ അത്യാവശ്യമാണ്. അതിലുള്ള ആശ്രീയത്വമാണ് പ്രശ്ങ്ങൾ ഉണ്ടാകുന്നത്. വിവാഹത്തോടെ ഭർത്താവ് തന്റെ ദൈനന്തിക കാര്യത്തിൽ ഭാര്യയെ ആശ്രയിക്കുന്നു. അത് പോലെ തിരിച്ചും. ഇതിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുമ്പോൾ അവിടെ സംഘര്‍ഷം ഉടലെടുക്കുന്നു. അത് പിന്നീട് മാറാ രോഗത്തിന്നും മാനസിക പിരിമുറുക്കത്തിന്നും ഇടയാക്കുന്നു. അല്ലെങ്കിൽ ആ ബന്ധം തകരാം.


കുടുംബത്തിൽ സാമ്പത്തികമായി സഹകരിച്ചാണ് ഓരോ ആളും ജീവിക്കുന്നത് വിവാഹത്തോടെ പങ്കുവെക്കലിന്ന് വിത്യാസം സംഭവിക്കുന്നു. പുരുഷന്റെ മുഴുവൻ അധ്വാനവും സമ്പത്തും ഭാര്യക്കും കുട്ടികൾക്കും അവകാശപ്പെട്ടതാണെന്ന പൊതു ധാരണ സമൂഹത്തിൽ കുറച്ചു കാലമായി രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ നഷ്ടമാവുന്നത് അവരുടെ അച്ഛനമ്മ, സഹോദരി സഹോദരന്മാരുടെ പരിചരണമാണ്. വൃദ്ധസദനം പെരുകാൻ പ്രധാന കാരണം ഇതാണ്.


വിവാഹ ജീവിതത്തിൽ ഭാര്യാ ഭർതൃ ബന്ധമെടുത്താൽ പരസ്പരം സ്നേഹവും, വിശ്വാസവും. ആത്മാർത്ഥതയിലൂന്നിയ ബന്ധങ്ങൾ വളരെ കുറവായിരിക്കും. അവരെ പരസ്പരം ബന്ധിപ്പിക്കുന്നത് ലൈംഗികതയും ആശ്രിയത്വവുമാണ്. ഇത് രണ്ടും നടക്കാത്തവർ വേർപിരിയുന്നു. എന്നാൽ പ്രണയ ജോഡികളിൽ ഇത് കാണുന്നുമില്ല. അവിടെ ആശ്രിയത്വമില്ല. ലൈംഗികയുണ്ട്. അവിടെ വ്യാപാരം മനസ്സ് കൊണ്ട് നടക്കുന്നില്ല. മനസ്സാണവിടെ ഒന്നാവുന്നത്. പ്രണയം സ്ത്രീ പുരുഷന്മാർ തമ്മിലാവാം. ആശയങ്ങൾ, ഗുരുക്കൾ, വ്യക്തികൾ ഇങ്ങനെ പോവുന്നു. പ്രണയത്തിൽ നാളെ ഇല്ല. അവർക്ക് ഇന്നാണ് പ്രധാനം . അവിടെ നടക്കുന്നത് ഒരു തരം സമർപ്പണമാണ് . ആന്തരിക തലത്തിലുള്ള സമർപ്പണം. അത് കൊണ്ട് തന്നെ മനസ്സാ അവർ പിരിയുന്നേയില്ല.


വിവാഹ ജീവിതത്തിൽ ഒരു സുഹൃത്തിനെ പോലെ ഇടപെടുന്നത് വളരെ ചുരുക്കം പേർ മാത്രമാണ്. പങ്കാളിയോട് തുറന്ന സംസാരത്തിൽ നർമത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്താൽ അവരുടെ ഇടയിലുള്ള പകുതി പ്രശ്നങ്ങൾ തീരുന്നതാണ്. മനസ്സ് ലാഭ നഷ്ടങ്ങളുടെ ഇടയിലായത്കൊണ്ട് അത് സംഭവിക്കുന്നില്ല. ദാമ്പത്യ ബന്ധങ്ങൾ പലപ്പോഴും ബന്ധനമായി മാറുന്നത് മത ആചാരങ്ങൾ അനുഷ്ഠിച്ചു ജീവിക്കുന്നത് കൊണ്ടാണ്. വീട്ടുകാരുടെയും നാട്ടുകാരുടെയും ഇടയിൽ നാണക്കേട് ഒഴിവാക്കാൻ വേണ്ടി അവർ പുറത്ത് പറയുന്നില്ല എന്ന് മാത്രം.

ജനനം മുതൽ മരണം വരെ പലതരത്തിലുള്ള ബന്ധങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ് നാമെല്ലാവരും ജീവിക്കുന്നത് ഇതിൽ നഷ്ടം മാത്രം സംഭവിക്കുന്ന ബന്ധങ്ങൾ നാം ഉപേക്ഷിക്കുന്നു.

മനുഷ്യരുടെ സഹജസ്വഭാവം ശാന്തിയും സമാധാനവുമാണ്. അത് കിട്ടുന്നിടത്തേക്ക് ചായുകയാണ് പതിവ്. പരസ്പരം ആഗ്രഹിക്കുന്ന തരത്തിൽ സ്നേഹവും പരിചരണവും ഉണ്ടെങ്കിൽ ബന്ധങ്ങൾ പെട്ടെന്ന് പൊട്ടിച്ചിതറുകയില്ല.

ഏതൊരു സാഹചര്യത്തിലും പൊരുത്തപ്പെടാനുള്ള ജൈവികമായ കഴിവ് സ്ത്രീകൾക്കുണ്ട്. അതവർ ഉപയോഗിക്കണമെന്ന് മാത്രം. എല്ലാ സ്ത്രീയിലും പുരുഷ സ്വഭാവമുണ്ട്. അത്പോലെ തിരിച്ചും. വിവാഹം കഴിച്ച് ഒന്നിച്ചുജീവിക്കുന്നത് സ്ത്രീത്വവും പുരുഷത്വവും തമ്മിലാണ് അവിടെ വേർപിരിയലിന്റെ ആവശ്യം വരുന്നതേയില്ല. വിവാഹ ജീവിതത്തിൽ സ്ത്രീ പുരുഷ സ്വഭാവത്തിലും പുരുഷൻ പുരുഷ സ്വഭാവത്തിലും ജീവിക്കാൻ ശ്രമിച്ചാൽ അവിടെ കലഹം മാത്രമേ ഉണ്ടാകൂ. അത് പോലെ തിരിച്ചും. സ്ത്രീയുടെ സഹജമായ ആവശ്യങ്ങൾ പുരുഷൻ നിറവേറ്റുകയും പുരുഷന്റെ സഹജമായ ആവശ്യങ്ങൾ സ്ത്രീ നിറവേറ്റുകയും ചെയ്താൽ രണ്ട് പേർക്കും ലാഭം മാത്രമേയുള്ളൂ. അത്തരം വ്യാപാരം തുടർന്ന് പോവാൻ ഒരു വിഷമവും കാണില്ല. അവരുടെ ഇടയിൽ പുതിയൊരു കച്ചവട സാധ്യത ഉടലെടുക്കുന്നില്ല.

പ്രണയത്തിൽ ബന്ധങ്ങൾ ബന്ധനമാവാതിരിക്കാൻ കാരണം അവരെ ബന്ധിപ്പിക്കുന്നത് സ്നേഹമാണ്. സമർപ്പണമാണ്. പരസ്പര വിശ്വാസമാണ്. അവർ പരസ്പരം തുറന്ന് പറയുന്നു. തമ്മിൽ ഒരു മറ സൃഷ്ടിക്കാൻ അവർ തയ്യാറല്ല. ഞാൻ എന്നതിൽ നിന്ന് നമ്മളായി അവർ ജീവിക്കുന്നു. വാശിയും വൈരാഗ്യവും വളർത്താൻ അവർ ഇടം കൊടുക്കാറില്ല. തെറ്റുകൾ വരുത്താതെ അവർ സൂക്ഷിക്കുന്നു. അഥവാ പറ്റിയാൽ തന്നെ അപ്പോൾ തന്നെ പൊറുക്കാനുള്ള മനസ്സും അവർക്കുണ്ട്. ഈ തരത്തിൽ ദമ്പതിമാരും അവരുടെ ജീവിതം ക്രമീകരിച്ചാൽ അവിടെ ബന്ധനമില്ല. സന്തോഷം മാത്രമേയുളൂ ബന്ധങ്ങൾ ബന്ധത്തിലാവാതിരിക്കാൻ അവർ അർഹിക്കുന്ന പ്രാധാന്യത്തോടെ പെരുമാറിയാൽ മതി ബന്ധങ്ങളുടെ കേട്ടുറപ്പിനെ ബാധിക്കുന്ന മാറ്റിനിർത്തേണ്ടതിനെ മാറ്റി നിർത്തിയും, ചേർത്തു നിർത്തേണ്ടതിനെ ചേർത്ത് നിർത്താനും പറ്റണം.

എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം വ്യാപാരമാണ്. ബന്ധങ്ങളിൽ ഏർപ്പെടുന്നവർ അവരറിയാതെ ബന്ധനത്തിലാവുന്നു. അതോടെ അവർ മാനസിക സമ്മർദ്ദത്തിന്ന് ഇരയാവുന്നു. ഇത്തരം ജനങ്ങളുടെ മാനസിക സംഘർഷമാണ് ലോകത്തെ ചലിപ്പിക്കുന്നത് അപ്പോൾ ഒരു കാര്യം വ്യക്തമാണ്. നമ്മുടെ മുന്നിൽ കാണുന്ന എല്ലാ ചലനങ്ങളുടെയും അടിസ്ഥാനം ജനങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷമാണ് മാനസിക പിരിമുറുക്കമാണ്.

 


കൂടുതൽ വായനക്കായി
https://www.amazon.com/WHO-AM-NINGALENGINE-NINGALAY-WORLD-ebook/dp/B07R8XKW4W


അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here