പ്രണയം

pranayam

 

അന്നു നിന്നെ കണ്ട മാത്രയില്‍

നിലാവുദിക്കാത്ത രാവുപോല്‍

ഇരുണ്ട, വിണ്ടുവരണ്ട ശൂന്യമാമെന്‍

മനസ്സിലൊരു പൂമൊട്ടു കിളിര്‍ത്തു

അതു പയ്യെ വളര്‍ന്നു വലുതായി

ഹൃത്തിലാകെയും സുഗന്ധം പരത്തുന്ന

പൂവായി പൊട്ടിവിടര്‍ന്നുയാ

പൂവിന്‍ പേരിതോ പ്രണയം

പ്രണയകുസുമത്തിന്‍ നിറങ്ങളില്‍ ചാലിച്ചു

മനതാളില്‍ കുറിച്ചിട്ട വരികള്‍

ഈണം പകര്‍ന്നു പാടുന്നു അധരങ്ങളാ

ഈരടികളേറ്റു പാടുന്നു ഇണക്കുയിലുകള്‍

നീയെന്നുള്ളിലുഷസ്സായിയുദിച്ച നാളുകള്‍

വിഷാദാര്‍ദ്രമാം എന്‍ മൗനത്തിനു

വിരാമമിട്ട നിന്‍ വാക്കുകള്‍

കദനങ്ങള്‍ പങ്കിടുവാനെന്‍

കിളിവാതിലില്‍ രാക്കിളിയായി

തഴുകികൊണ്ടു താരാട്ടുപ്പാടിയുറക്കാന്‍

കാറ്റായി നീ എത്തുന്ന രാവുകള്‍

എല്ലാം ഓര്‍മ്മകള്‍ മാത്രമാക്കി

നീയെങ്ങോ മറഞ്ഞുപോയി

ഓര്‍ത്തിരിക്കുന്ന തരുക്കളോടൊന്നുമുരിയാടാതെ

ഒഴുകിയകലുന്നു പുഴയോളങ്ങള്‍

പൊന്നില്‍ കുളിച്ച സന്ധ്യ

സൂര്യനേയും തോളിലേറ്റി മാഞ്ഞപ്പോല്‍

എന്നിലെ വെളിച്ചവും കവര്‍ന്നെടുത്തു നീ

എങ്ങോ മാഞ്ഞുമറഞ്ഞു പോയി

എന്നുള്ളില്‍ ആര്‍ത്തലയ്ക്കുന്നു

ദുഃഖസാഗരത്തിന്‍ തിരമാലകളാ

തിരയില്‍ തീരമൊട്ടും കാണാതെയൊരു

നീര്‍കുമിളയായി ഞാന്‍ പൊട്ടിതെറിക്കവേ

പാതിമറഞ്ഞ ബോധത്താല്‍ ഞാനറിയുന്നു

പ്രണയം നേരുംനെറിയുമില്ലാ സങ്കല്പ്പം

കവികളും കാഥികരും പാടിപുകഴ്ത്തുന്ന

വെറുമൊരു മിഥ്യാസങ്കല്പ്പം

ഇഷ്ടത്തോടെയല്ലെങ്കിലും ഒരിക്കല്‍

നഷ്ടപ്പെടുത്തുന്നു നാം

നഷ്ടങ്ങളോര്‍ത്തു ശിഷ്ടകാലങ്ങളില്‍

കഷ്ടപ്പെടുന്നു നാം

മധുരക്കിനാക്കളും തേന്മൊഴികളും

പടുത്തുവെച്ചു പണിയുന്നൊരു സങ്കല്പമാളിക

നിനച്ചിരിക്കാത്ത നിമിഷത്തില്‍ നിലംപതിക്കുന്നു

ചിന്നിച്ചിതറുന്നു സ്വപ്നങ്ങളൊക്കെയും

എന്‍റെ സ്വപ്നങ്ങളിലെന്‍റെ നിദ്രയില്‍

നീയിന്നു ഓര്‍മ്മകള്‍ മാത്രമാ

ഓര്‍മ്മകള്‍ നീറും നൊമ്പരങ്ങള്‍

ആ നൊമ്പരത്തിന്‍ പേരിതോ പ്രണയം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here