നിളയുടെ കാൽച്ചിലമ്പൊച്ചയിൽ നടനമാടി, ഋതുമതിയായി നിൽക്കുന്ന നെൽപാടങ്ങളെ തൊട്ടുതടവി, ഹൃത്തിൽ നിറച്ച ഭക്തിഗാനങ്ങളുമായി കാതിൽ ചൂളംകുത്തിയെത്തുന്ന കുളിര്‍ക്കാറ്റ്, കേരളസുന്ദരിയുടെ ഭാവപ്പകർച്ചകളാകുന്ന നാടൻകലാരുപങ്ങളെ വാർത്തെടുക്കുന്ന ചൂളയാകുന്ന കലാമണ്ഡലം, മലബാറിന്റെ പ്രസിദ്ധങ്ങളായ ഉത്സവങ്ങളിൽ ഒന്നായ ആര്യൻ കാവ് പൂരം അരങ്ങേറുന്ന വേദി, കലകൾക്കെന്നോണം തന്നെ ആയൂര്‍വ്വേദത്തിനും പ്രാധാന്യം നൽകുന്ന ഷൊർണ്ണൂർ ഗ്രാമത്തെ പിരിഞ്ഞിരിയ്ക്കാൻ കൂടെ താമസിച്ച ഏതെങ്കിലും മനസ്സിനാകുമോ? പ്രകൃതി സൗന്ദര്യത്തോട് എന്നും മധുവിധുപോലെ ആസക്തികാണിയ്ക്കുന്ന, ഒരൽപം കലയുടെയും സാഹിത്യത്തിന്റെയും ഗന്ധം മണത്തറിഞ്ഞ, പ്രൈമറി അദ്ധ്യാപികയായി വിരമിച്ച അംബിക അന്തർജ്ജനത്തിന് ഷൊർണൂരിൽനിന്നും തന്റെ ഇല്ലം വിട്ട് മുംബെയിലേക്കുള്ള താമസമാറ്റം ഒരു വൻവൃക്ഷത്തെ വേരോടെ കടപുഴക്കി മാറ്റിനടുന്നതിലും പ്രയാസമായിരുന്നു. എന്നാൽ ഭർത്താവ്, ശങ്കരൻ നമ്പൂതിരിക്കാണെങ്കിൽ സുഭിക്ഷമായ ഭക്ഷണം, ആവശ്യത്തിലധികം വ്യായാമം, പിന്നെ ഒരൽപം മധുരപ്രിയം, അത് ഏതർത്ഥത്തിലാണെങ്കിലും ഇഷ്ടമാണ്. എന്ത് ചെയ്യാം…. വലിയ ഉദ്ദ്യോഗസ്ഥനായ തന്റെ ഒരേ ഒരു മകന് ജോലിത്തിരക്കിനിടയിൽ കേരളത്തിൽ വരാനോ അച്ഛനമ്മമാരെ ശുശ്രൂഷിയ്ക്കാനോ കഴിയില്ല എന്ന സാഹചര്യത്തിൽ മാതാപിതാക്കളെ മുംബെയിലേയ്ക്ക് പറിച്ചുനടുകയല്ലാതെ വേറെ ഒരു ഉപായമില്ല. അതുമാത്രമല്ല മകന്റെ വേളി, ദീപാളി ഒരു മറാഠി പെണ്ണ്, കേരളത്തിലെ വിനോദകേന്ദ്രങ്ങളിൽ രണ്ടുനാലു ദിവസം ചുറ്റിക്കറങ്ങി പോകാനല്ലാതെ മാതാപിതാക്കളെ ശുശ്രുഷിയ്ക്കാൻ അവളെ കിട്ടുമോ? തന്റെ പ്രൈവസി നഷ്ടപ്പെടാത്ത അടിപൊളി ജീവിതം അതാണല്ലോ അണുകുടുംബങ്ങളുടെ ഉത്ഭവം. അതുതന്നെയാകാം താൻ താമസിയ്ക്കുന്ന ഫ്‌ളാറ്റിന് അധികം ദൂരെയല്ലാതെ ഒരു വീട്ടിൽ മാതാപിതാക്കളെ താമസിപ്പിയ്ക്കാൻ മകൻ സന്തോഷിനെയും പ്രേരിപ്പിച്ചത്.
നാല് ചുവരുകൾക്കുള്ളിൽ ടെലിവിഷനോടും വർത്തമാനപത്രത്തോടും മാത്രം സംസാരിച്ചുകൊണ്ടുള്ള ജീവിതം വലിയ ദുസ്സഹമായിരുന്നു രണ്ടുപേർക്കും. പ്രായം ഇത്രയൊക്കെയായാലും മനസ്സിൽ ഒരു മധുരപതിനേഴുകാരിയുടെ കുസൃതിയുമായുള്ള അന്തർജ്ജനം ഏതു സാഹചര്യത്തിലും ഒരു കൗതുകം കണ്ടെത്തി മനസ്സെന്ന സ്വപ്നകൂടുമായി വിഹരിയ്ക്കും. മാസങ്ങൾ കടന്നുപോയതോടെ രാവിലത്തെ പ്രാതൽ അവർക്ക് ‘നാസ്ത’ (പ്രാതലിന്റെ ഹിന്ദിയിലുള്ള വാക്ക്) യായി മാറി. വെള്ളം ‘പാനി’യായി മാറി, ചോറും സാമ്പാറും രസവും ചോറും ‘ചപ്പാത്തി-ഭാജി(കറി) ആയി മാറി. വൈകീട്ടൊന്നു ‘ചലനകേലിയെ’ (നടക്കാൻ പോക്ക്) പിന്നെ വൈകീട്ടൊരു ‘ഗുംനെകീലിയെ’ (കറങ്ങാൻ) പോകാൻ പരിശീലിച്ചു. അങ്ങനെ മുംബൈ നഗരം അവരിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. എന്തും പെട്ടെന്ന് പഠിയ്ക്കാൻ ഇഷ്ടപ്പെടുന്ന കുട്ടികളുടെ മനസ്സുള്ള അന്തർജ്ജനം മകന്റെ കുട്ടികളിൽനിന്നും ഹിന്ദി പഠിച്ച് ബാജി (പച്ചക്കറി) മാർക്കറ്റിൽ തട്ടി വിടാൻ തുടങ്ങി. കൂട്ടത്തിൽ തിരുമേനിയെയും ‘ഥോടാ ഥോടാ’ (കുറച്ച് കുറച്ച്) ഹിന്ദി പഠിപ്പിച്ചു.
അന്ന് രാവിലെ അംബിക അന്തർജ്ജനം തീരുമാനിച്ചു, ഈ ദിവസം അടിപൊളിയാക്കണം. ജീവിതത്തിലെ ഓരോ നിമിഷങ്ങൾക്കും ജീവൻ പകരണം. തിരുമേനി എഴുന്നേൽക്കും മുൻപുതന്നെ നിറയെ മധുരപലഹാരങ്ങളും തിരുമേനിയ്ക്കിഷ്ടമുള്ളതെല്ലാം തയ്യാറാക്കി കുളിച്ചൊരുങ്ങി തിരുമേനിയെ വിളിച്ചു.
“എന്നാൽ എഴുനേൽക്കു” അന്തർജ്ജനം കുലുക്കി വിളിച്ചു.
‘ഇന്നെന്താ പതിവിലും നേരത്തെ ഒരു വിളി’ തിരുമേനി ഒരുനിമിഷം ഓർത്തു.
ഒരഞ്ചുമിനുറ്റിൽ എഴുനേൽക്കാൻ എന്നും പറഞ്ഞു ഒന്നുകൂടി തിരിഞ്ഞു കിടന്നുറങ്ങി. അഞ്ചു നിമിഷം കഴിയുന്നതിനുമുന്പ് അന്തർജ്ജനം വിളിയോട്‌വിളി. എഴുന്നേൽക്കാതെ നിവർത്തിയില്ലെന്നായി. എഴുന്നേറ്റു പ്രഭാതകൃത്യങ്ങളെല്ലാം നിർവ്വഹിച്ചു. ക്ഷമകെട്ട അന്തർജ്ജനം വീണ്ടും പറഞ്ഞു.
‘ഒന്ന് പെട്ടെന്ന് വരൂന്നേ’ കഴിയ്ക്കാനായി തിരുമേനി ഊണുമേശയ്ക്കരികിൽ വന്നിരുന്നു. പുഞ്ചിരി പൂച്ചെണ്ടുമായി അരികിൽ വന്നുനിന്ന് ചൂടുപാറുന്ന പലഹാരങ്ങൾ രണ്ടുതട്ടുകളിലായി അന്തർജ്ജനം വിളമ്പാൻ തുടങ്ങി.
“ഇതെന്തൊക്കെയാ ഇത് അംബു?” അതിശയത്തത്തോടെ തിരുമേനി ചോദിച്ചു.
‘അങ്ങിനെ വെറുതെ’ വാക്കുകളേക്കാൾ കൂടുതൽ, തുളുമ്പുന്ന നാണമാണ് അന്തർജ്ജനത്തിൽ നിന്നും പുറത്തുവന്നത്.
“അല്ല പ്രമേഹത്തിന്റെ ഒരൽപം അസ്കിതയുണ്ടെന്നു എന്നോ രക്തം പരിശോധിച്ചപ്പോൾ കണ്ടൂന്നും പറഞ്ഞു ഒന്നും അങ്ങട് കഴിയ്ക്കാൻ സമ്മതിയ്ക്കാറില്യാലോ!” തീറ്റപ്രിയനായ തിരുമേനി കൂടുതൽ വിശദീകരണത്തിനൊന്നും കാത്തുനിൽക്കാതെ ഇക്ഷ കഴിച്ച് വർത്തമാന പത്രവുമെടുത്ത് ചാരുകസേരയിൽ ഇരുന്നു. തമ്പുരാട്ടി മുണ്ടും നേരിയതും മാറി എവിടെയോ പുറമെ പോകാനൊരുങ്ങി.
“അംബു എവിടെക്കാണാവോ” തിരുമേനി ചോദിച്ചു.
“എന്തോരോട്ടം വാങ്ങണം ഇന്നലെയങ്ങട്ട് നിരീച്ചില്ല്യ’ അന്തർജ്ജനം പറഞ്ഞു.
‘ആട്ടെ നടക്കട്ടെ” എന്നും പറഞ്ഞു തിരുമേനി പത്രത്തിൽ കണ്ണും നട്ടിരുന്നു.
അരല്പസമയത്തിനുശേഷം കൈനിറയെ റോസാപൂക്കളും, മുല്ലപ്പൂമാലയുമൊക്കെയായി അന്തർജ്ജനം കയറിവന്നു.
“ഉം ഇന്നെന്താ വല്ല പ്രത്യേക പൂജയുമുണ്ടോ? ശ്ശി പൂക്കളൊക്കെ വാങ്ങി താൻ വന്നിരിയ്ക്കുന്നു! എന്തായാലും ആ സുഗന്ധം ക്ഷ പിടിച്ചു. ഇങ്ങടുത്ത് കൊണ്ടുവര്വാ.. മുല്ലപൂവോരൽപ്പം മുടിയിൽ ചൂടി ഇങ്ങട് വന്നാലും വിരോധല്യാട്ടോ ” ചിരിയ്‌ക്കൊപ്പം കുലുങ്ങി ചിരിയ്ക്കുന്ന വയറുമായി തിരുമേനി പറഞ്ഞു.
“ഓ ഇദ്ദേഹത്തിന്റെ ഒരു കാര്യം. ഇപ്പഴും മുല്ലപൂവിനോടുള്ള കൊതിയങ്ങാട് തീർന്നിട്ടില്ല്യ എന്നുണ്ടോ?” കാമാസ്ത്രം തൊടുത്തതുപോലെ കണ്ണയച്ച് ഒന്ന് തിരുമേനിയെ നോക്കി അന്തർജ്ജനം. സോഫയിൽ പത്രത്തിൽ കണ്ണുംനാട്ടു ഇരിയ്ക്കുന്ന തിരുമേനി കണ്ണടയ്ക്ക് മുകളിലൂടെ നഗ്ന നേത്രങ്ങൾകൊണ്ട് അന്തർജ്ജനത്തിനെ ഒന്ന് അടിമുടി ശ്രദ്ധിച്ചു.
“ആവൂ എന്തൊരു പ്രസരിപ്പ്!!! അംബുവിനെന്തായാലും ഇന്നൊരു നല്ല ദിവസം തന്നെ” മനസ്സിലെന്തോ ഓർത്തു ഒന്നു ചിരിച്ചു തിരുമേനി.
പതിവിലും തിരക്കിലായിരുന്നു അന്തർജ്ജനം. തിരുമേനിയാണെങ്കിൽ മൃഷ്ടാന ഭാജനത്തിനുശേഷം ഒരു അർദ്ധമയക്കത്തിലും. ‘ഖാന (ഉച്ചഭക്ഷണം) തയ്യാറാക്കി എല്ലാം ഊണുമേശയിൽ നിരത്തി തിരുമേനിയെ കഴിയ്ക്കാൻ വിളിച്ചു. രാവിലത്തെ പ്രാതൽപോലെത്തന്നെ സുഭിക്ഷമായ വിഭവങ്ങൾ കിണ്ണത്തിൽ കണ്ട തിരുമേനിയുടെ കണ്ണ് തള്ളി.
“ഇന്നെന്താ അംബു വിശേഷം?” തിരുമേനി ചോദിച്ചു.
“അതൊക്കെയുണ്ട്. എന്താ പറയാ…. അതൊക്കെ കുട്ടികൾ പറഞ്ഞതാ” അന്തർജ്ജനം പറഞ്ഞു.
പിന്നെ കൂടുതലൊന്നും ചോദിയ്ക്കാൻ തിരുമേനിയ്ക്ക് ക്ഷമ കിട്ടിയില്ല ആർത്തിയോടെ കഴിയ്ക്കാൻ തുനിഞ്ഞു. പെട്ടെന്ന് അന്തർജ്ജനം കയ്യിൽ കയറി പിടിച്ചു പറഞ്ഞു. “ആ ചൂടുചോറിൽ ഒരൽപം നെയ്യുചേർത്ത് കുഴച്ച് ഒരു ഉരുള എനിയ്ക്കിങ്ങാട്ട് തര്വാ”.
“എന്തൊക്കെയാ ഇത് എച്ചിലാകി ല്യേ?” കാമപുഷ്പങ്ങൾ മനസ്സിൽ ഒരായിരം പൊട്ടിവിടരുന്നുണ്ടെങ്കിലും ഒരൽപം ഗൗരവത്തോടെ തിരുമേനി ചോദിച്ചു.
“ഏയ് ഈ സിറ്റിയിലൊക്കെ ഇങ്ങനെയാണ്. തരൂന്നേ…” ഒന്നും കൂടി ലാസ്യഭാവത്തോടെ അന്തർജ്ജനം ചോദിച്ചു. പിന്നീട് തിരുമേനിയ്ക്ക് പിടിച്ചുനിൽക്കാൻ ആയില്ല.
“ഉം അംബുവിന്റെ മോഹല്ലേ ചെയ്യന്നെ”.
ഉച്ചയൂണ് കഴിഞ്ഞാൽ ഒരു ഉറക്കം, എന്ന് പറയാൻ തിരുമേനിയ്ക്കിഷ്ടമില്ല ഒരു മയക്കം പതിവാണ് ഇന്നാണെങ്കിൽ ഇക്ഷ കഴിച്ചതുകൊണ്ടാകാം ആ വിശ്രമമല്പം നീണ്ടു പോയി. അന്തർജ്ജനമാണെങ്കിൽ അടുക്കളയിൽ പതിവിലും തിരക്കിലായി. ഉണർന്നെഴുനേറ്റ തിരുമേനി ചോദിച്ചു “അംബു വിശ്രമിച്ചില്യേ”.
“ഇല്ല്യ. ഞാനെന്തോ ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. ഇപ്പോൾ കാപ്പിയെടുത്തിട്ടുവരാം. കാപ്പി കുടിച്ച് നമുക്കൊന്ന് പുറമെ പോകണം” അന്തർജ്ജനം പറഞ്ഞു.
“ആ ശരിയാ ക്ഷ കഴിച്ച് അതുകൊണ്ട് ഒരു നടത്താം നമുക്കും ആകാം” തിരുമേനി പറഞ്ഞു.
അങ്ങിനെ തിരുമേനിയും അന്തർജ്ജനവും ഇറങ്ങി വഴിയിൽ കണ്ട ഒരു തുണിക്കടയിൽ അന്തർജ്ജനം തിരുമേനിയെ വിളിച്ചു കയറ്റി. അന്തർജ്ജനത്തിനറിയാവുന്ന ഭാഷയിൽ തിരുമേനിയ്ക്ക് ഒരു ഷർട്ടും പാന്റും വേണമെന്ന് പറഞ്ഞു. തിരുമേനിയെ ഒന്ന് അടിമുടി നോക്കി അവർ ഒന്ന് രണ്ടെണ്ണം എടുത്തുകൊടുത്ത് ട്രയൽ റൂം കാണിച്ചുകൊടുത്തു.
“ഇതൊക്കെ ഇടാനോ!! ഇതൊന്നും വലിച്ച് കയറ്റാൻ നമുക്ക് വശല്യാന്നു അംബുവിനറിയില്ല്യേ??” തിരുമേനിയുടെ ഈ പിറുപിറുക്കളൊന്നും വകവെയ്ക്കാതെ അദ്ദേഹത്തെ ട്രയൽ മുറിയിലാക്കി വാതിലടച്ചു അന്തർജ്ജനം. കുറെ നേരത്തിനുശേഷവും പുറത്ത് വരാതിരുന്ന തിരുമേനിയെ അന്തർജ്ജനം മുട്ടി വിളിച്ചു “എന്താത് ഇട്ട് കഴിഞ്ഞില്ല്യേ? കഴിഞ്ഞുച്ച തുറക്കാ”.
വാതിലിനു പുറകെ മറിഞ്ഞു നിന്ന് തിരുമേനി വാതിൽ തുറന്നു. ഏ… ഇദ്ദേഹം ഒന്നും ധരിച്ചില്ല്യാന്നുണ്ടോ!! ആകാക്ഷയോടെ താഴെ നോക്കി. ആവൂ ഇട്ടിട്ടുണ്ട്…. (അന്തർജ്ജനം മനസ്സിലോർത്തു).
“ഇങ്ങട് പുറത്തുവരൂ ഞാൻ കാണട്ടെ” അന്തർജ്ജനം പറഞ്ഞു. ഒരു കൊച്ചു കുട്ടിയെപോലെ പാന്റിന്റെ രണ്ടുവശത്തും കൈകൊണ്ടു പിടിച്ച് തിരുമേനി ഒരൽപം നാണത്തോടെ പുറത്തുവന്നു.
“ഉം അസ്സലായിരിയ്ക്കുന്നു” ഇതുതന്നെയിരിയ്ക്കട്ടെ അന്തർജ്ജനം തീര്‍ച്ചപ്പെടുത്തി. തിരിച്ചവർ വീട്ടിലെത്തി. സന്ധ്യസമയത്ത് രണ്ടുപേർക്കും ഒരു കുളി പതിവുണ്ട്. അന്തർജ്ജനം കുളിയ്ക്കാനായി കയറി. അല്പസമയം കഴിഞ്ഞു.
“ഞാനിങ്ങിറഞ്ഞിട്ടോ കയറി കുളിചോളൂ” കിടപ്പുമുറിയിൽ പെട്ടെന്ന് കയറിയ അന്തർജ്ജനം വിളിച്ചു പറഞ്ഞു.
തോളിൽ ഒരു തോർത്തും ഇട്ട് തിരുമേനി കുളിയ്ക്കാൻ ഉള്ളിൽ കയറി. അറിയാതെ തിരുമേനിയുടെ കണ്ണുകൾ കണ്ണാടിയിൽ പതിഞ്ഞു.
“ഏയ് ഇതെന്താ??” തിരുമേനി ഒന്നും കൂടെ ശ്രദ്ധിച്ചു നോക്കി. ചുകന്ന ചായം. ഒന്നും കൂടെ ശ്രദ്ധിച്ചു. അയ്യേ ഇത് റോഡിലൊക്കെ നടക്കുന്ന പാന്റും ഷർട്ടും ഒക്കെ ധരിച്ച് നടക്കുന്ന കുട്ടികൾ ചുണ്ടിൽ തേയ്ക്കുന്ന ചായമല്ലേ? കൂടുതൽ ശ്രദ്ധിച്ചു. അയ്യയ്യോ…. ഇത് മുഴുവൻ ചുമ്പനത്തിന്റെ പാടുകളാണല്ലോ!!! ഇനീപ്പോ അംബുവാണോ! എങ്കിൽ എന്നോടാകാമായിരുന്നില്ലേ ഈ കാസറത്ത്! . ഇവിടെ അംബുവല്ലാതെ ആര് വരാനാ?? ഓ ഒത്തിരി തിടുകായിന്നങ്ങട് പറയാൻ നാണിച്ചാകും ഇങ്ങെനെയൊരു സൂചന!! എന്നാലിതൊന്നു ചോദിച്ചിട്ടുതന്നെ കാര്യം
“അംബു എന്തായിത്? ഈ കണ്ണാടിയിലൊക്കെ ചായം?” തിരുമേനി ഒന്നും അറിയാത്തതുപോലെ ചോദിച്ചു.
പകുതി ഒരുങ്ങി കഴിഞ്ഞ അന്തർജ്ജനം പുറത്തുവന്നു “ഏയ് ഇത്രയൊന്നും ബഹളം കൂട്ടാതെ. ദേ… എന്റെ ചുണ്ടിലേയ്ക്കൊന്നു നോക്കൂ” നാണത്തിൽ പൊരുതിഞ്ഞ അന്തർജ്ജനം പറഞ്ഞു.
“എന്താ ഇതൊക്കെ നമുക്കിതൊന്നും അറിയില്യാട്ടോ” തിരുമേനി പറഞ്ഞു.
“അതൊക്കെയുണ്ട്. ഇന്നിവിടെ എല്ലാരും ഇങ്ങിനെയാ. ഞാൻ കുട്ടികളോട് ചോദിച്ചു” അന്തർജ്ജനം പറഞ്ഞു“.
“അയ്യയ്യേ ഇതൊക്കെ കുട്ടികളോട് ചോദിച്ചൂന്നോ! നോം ഇവിടെത്തന്നെയില്യേ? പിന്നെ എന്താ ഇന്ന് ഇത്ര ഒരു തിടുക്കം” ഒരു കള്ളാ ചിരിയോടെ തിരുമേനി കുളിമുറിയുടെ വാതിലടച്ചു. ആ കണ്ണാടിയിലെ ചുംബനപാടുകൾ ഒന്നുകൂടി നോക്കി. അറിയാതെ ആ ചുണ്ടിൽ ഏതൊക്കെയോ കഥകളി പദങ്ങൾ മൂളലായ് വന്നു. കുളികഴിഞ്ഞു ഒരു ഒറ്റ മുണ്ടെടുത്ത് തിരുമേനി കുളിമുറിയിൽ നിന്നും ഇറങ്ങിയതോടെ കൈകളില്ലാത്ത ബ്ലൗസും, കടുത്ത കളർ സാരിയും, ചുണ്ടിൽ ചായവും, കണ്ണുകളിൽ കരിമഷിയും, തലയിൽ നിറയെ മുല്ല പൂവും ചൂടി, കയ്യിൽ പുതിയതായി വാങ്ങിയ പാന്റും ഷർട്ടുമായി തന്റെ മുന്നിൽ അന്തർജ്ജനം പ്രത്യക്ഷപ്പെട്ടു. തിരുമേനി അടിമുടിയൊന്നു നോക്കി “ഈ അപ്സരസ്സ് എന്റെ അംബു തന്നെയോ? ഈ വേഷത്തിലാദ്യമായാണ്” തിരുമേനി കഷ്ടപ്പെട്ട് കണ്ണെടുത്തു.
“ദേ ഇതിടു” പാന്റും ഷർട്ടും നീട്ടി അന്തർജ്ജനം പറഞ്ഞു.
“ഇതോ! ഈ സാധനം വലിച്ചിടാനോ! നോമിനെ അതിനൊന്നും കിട്ടില്യാ. ഇയ്യാൾ ആ വേഷ്ടി ഇങ്ങട് തര്വാ” കുറച്ച് ഗൗരവതത്തോടെ തിരുമേനി പറഞ്ഞു.
അന്തർജനത്തിന്റെ മുഖഭാവം മാറി “എന്റെയൊരു ആഗ്രഹമല്ലേ ഒന്ന് ഇടുന്നെ” അന്തർജ്ജനം പറഞ്ഞു.
ഉടുത്തോരുങ്ങി തന്നെ കൊതിപ്പിച്ച് ഒരു ചിത്രശലഭത്തെപ്പോലെ തന്നെ ചുറ്റിപറ്റി രാവിലെ മുതൽ നടക്കാണു അന്തർജ്ജനം. പിണക്കിയാലും………ഒരുനിമിഷം ചിന്തിച്ച് മനസ്സില്ലാ മനസ്സോടെ തിരുമേനി പറഞ്ഞു “ഇങ്ങട്ട് തര്വാ. ഇനീപ്പോ ഇതൊക്കെ വലിച്ചികയറ്റിയാൽ നോം എങ്ങിനെ സന്ധ്യാവന്ദനം ചെയ്യും അംബുവിനെല്ലാം ഒരു പിടിവാശിയാ”.
“ഇനിയിപ്പോ സാരല്യ..നാളെ എല്ലാം പതിവുപോലെ ചെയ്യാം” അന്തർജ്ജനം പറഞ്ഞു.
“ഇന്ന് സന്ധ്യാവന്ദനം മുടക്കാനോ!” അതിശയോക്തിയോടെ തിരുമേനി ചോദിച്ചു.
“അതെ ഇതിട്ടു ഇങ്ങട്ട് വര്യാ, ഞാൻ എല്ലാം പറയാം” തീരെ ക്ഷമയില്ലാത്ത കുട്ടികളെപ്പോലെ അന്തർജ്ജനം പറഞ്ഞു.
പുതിയ പാന്റും “ഈ അംബുവിന്റെ ചിലനേരത്തെ ഒരു കുസൃതി… ഉം കുറച്ച് കുസൃതിയൊക്കെ നോമിനും ഇഷ്ടാ തിരുമേനി” മനസ്സിൽ പറഞ്ഞു. പുതിയ പാന്റും ഷർട്ടുമൊക്കെ ധരിച്ച തിരുമേനിയെ കൈപിടിച്ച് അന്തർജ്ജനം കിടപ്പുമുറിയിൽ കൊണ്ട് പോകാൻ തുടങ്ങി.
“എന്തായിത് അംബു തിരക്കുവയ്ക്കാതെ” തിരുമേനിയുടെ മനസ്സൊരു കാമദേവനായി മാറി. എങ്കിലും അംബുവിന്റെ പെരുമാറ്റത്തിലെന്തോ ഒരു പന്തികേട് തോന്നാതിരുന്നില്ല.
“എന്താ ഇന്ന് അത്താഴമൊന്നും വേണ്ടേ” തിരുമേനി ചോദിച്ചു.
“എല്ലാം ഉണ്ടേ. അങ്ങട് നടക്കു. എല്ലാം ഞാൻ പറയാം” അന്തർജ്ജനം പറഞ്ഞു.
കിടപ്പുമുറിയിൽ പ്രവേശിച്ചതും അവിടെ റോസ്സാപ്പൂക്കളാൽ അലങ്കരിച്ച ഒരു മേശമേൽ ഹൃദയാകൃതിയിലുള്ള ഒരു ചെറിയ കേക്ക്, ചുറ്റിലും നിറയെ കഴിയ്ക്കാനുള്ള വിഭവങ്ങൾ. എല്ലാം ഒരു മെഴുകുതിരിയുടെ വെളിച്ചത്തിൽ തിരുമേനിയ്ക്ക് കാണാൻ കഴിഞ്ഞു. “
എന്തായിത് അത്താഴം കിടപ്പുമുറിയിലോ! എന്താ വല്ല സുഖല്യായ്മയുമുണ്ടോ?” തിരുമേനി ചോദിച്ചു.
“ഇന്നത്തെ ദിവസ്സം ഇങ്ങനെയൊക്കെയാ എല്ലാം ഞാൻ കുട്ടികളോട് ചോദിച്ചു” അന്തർജ്ജനം പറഞ്ഞു.
“എന്തായിത് കുറെ നേരായല്ലോ ഇത് കേൾക്കാൻ തുടങ്ങിയിട്ട്” തിരുമേനി ദേഷ്യത്തോടെ ചോദിച്ചു.
മറുപടി ഒരു ചിരി മാത്രമായിരുന്നു. അതും കൂടിയായപ്പോൾ നോം സംശയിച്ചത് ശരിതന്നെ എന്ന് തിരുമേനിയ്ക്കു തോന്നി. ഒരു മിനിറ്റ് എന്നും പറഞ്ഞു മുന്നിലെ മുറിയിൽ വന്നു സന്തോഷിനു ഫോൺ ചെയ്തു.
“മോനെ ഒന്ന് വേഗം വര്വാ. അമ്മയ്ക്കെന്തോ ഒരു സുഖല്യാത്തപോലെ”.
“എന്തുപറ്റി?” സന്തോഷ് പേടിച്ച് ചോദിച്ചു.
“ഏയ് പേടിയ്ക്കാനൊന്നുമില്ല്യ” തിരുമേനി പറഞ്ഞു.
ഏതാനും നിമിഷത്തിൽ സന്തോഷ് വീട്ടിലെത്തി.
“എന്തുപറ്റിയമ്മയ്ക്ക്” സന്തോഷ് ചോദിച്ചു.
അമ്മ ഇന്ന് രാവിലെ മുതൽ പെരുമാറുന്നത് ഒരു പന്തിയിലല്ല. രാവിലെ മുതലുള്ള കാര്യങ്ങൾ തിരുമേനി മകനോട് പറയാൻ തുടങ്ങി. പറഞ്ഞു തീരും മുൻപ് സന്തോഷ് ഉറക്കെ ചിരിച്ചു പറഞ്ഞു.
“ഹാപ്പി വാലന്റൈൻസ് ഡേ”.
അച്‌ഛാ ഇന്ന് ഫെബ്രുവരി പതിനാലു. ഇന്ന് സനേഹിയ്ക്കുന്ന മനസ്സുകളുടെ ദിവസമാണ്. ഒന്നും പിടികിട്ടാതെ തിരുമേനി അന്തം വിട്ടു നിന്നു.
അമ്മയുടെ കുസൃതി ഓർത്തു സന്തോഷിനു ചിരി അടക്കാൻ കഴിഞ്ഞില്ല.
നാണക്കേടുകൊണ്ടു മകന്റെ മുഖത്തുനോക്കാൻ കഴിയാതെ മധുരപതിനേഴിന്റെ മനസ്സുമായി നടക്കുന്ന അന്തർജ്ജനം നെടുവീർപ്പിട്ടു.
കഥ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്
അവതരണം നന്നായിട്ടുണ്ട്.
ജ്യോതിലക്ഷ്മിക്കു അഭിനന്ദനം.