പ്രണയചിന്തകൾ ചിന്തനങ്ങൾ

 

 

 

 

 

വിഷയത്തിലേക്ക് കൂപ്പു കുത്തുകയാണ് ആമുഖ മുഖവുരകളില്ലാതെ. ഏതൊരു മനുഷ്യനും കൗമാര പ്രായം മുതൽ അതായത് ഹോർമോൺ പ്രവർത്തനങ്ങൾ ശരീരത്തിൽ തുടങ്ങുന്നത് മുതൽ തുടങ്ങുന്നതാണ് എതിർ ലിംഗത്തിനോടുള്ള ആകർഷണം. അതില്ലാത്ത ഒരു മനുഷ്യനും ഉണ്ടാവുകയില്ല അഥവാ ഈ ആകർഷണം എന്നാൽ ഏതൊരു വ്യക്തിയുടെയും ശരീരം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നു എന്നതിനുള്ള ഒരു തെളിവ് തന്നെയാണ്. എന്നാൽ ഈ ആകർഷണം ഓരോ വ്യക്തിയും വൈകാരികമായും മാനസികമായും എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം. നമ്മളതിനെ “വിവേകം” എന്ന് വിളിക്കുന്നു.

ഏറ്റവും അധികം വീരാരാധനയുണ്ടാകുക; അത് ഒരു നടനോടൊ; ക്രിക്കറ്റ് താരത്തിനോടോ; രാഷ്ട്രീയത്തിലേറ്റവും ഇഷ്ടമായ വ്യക്തിയോടോ; ഒക്കെ  കൗമാര യൗവന പ്രായക്കാർക്ക് തന്നെ ആണ്. അതിന് കാരണം ഇതേ ആകർഷണമാണ്. ആകർഷണത്തിന് കാരണം ഹോർമോൺ പ്രവർത്തനങ്ങൾ ഏറ്റവും കൂടുതലായുണ്ടാകുക ഈ പ്രായത്തിലാണ് എന്നത് തന്നെ ആണ്. പലപ്പോഴും പല നടന്മാരും നടികളും ഒക്കെ പരാതി പറയുന്ന ആരാധകരുടെ ശല്യവും ഇതേ ആകർഷണത്തിൽ നിന്നും ഉരുത്തിരിയുന്നത് തന്നെയാണ്.

അപ്പോൾ പ്രണയം….മറ്റൊരു വ്യക്തിയോട് ഇഷ്ടം… അതാണ് വിഷയം.

“പ്രണയം….”, എപ്പോൾ വേണമെങ്കിലും, ആർക്ക് വേണമെങ്കിലും, ആരോട് വേണമെങ്കിലും, തോന്നിയേക്കാവുന്ന വികാരം തന്നെയാണ് അതിൽ ഒരു സംശയമില്ല. അതിന് വലിപ്പചെറുപ്പമോ ആൺപെൺ വ്യത്യാസമോ ഒന്നുമില്ല…എങ്കിലും വീരാരാധന പോലെ തന്നെ ഈ വികാരവും ഏറിയിരിക്കുക കൗമാര യൗവനങ്ങളിൽ തന്നെയാണ്; നിസ്തർക്കം.

ഇനി ഈ വികാരത്തിന്റെ “ബാഹ്യ പ്രകടനം!!!”. എല്ലാ വികാരങ്ങളും എല്ലായ്‌പ്പോളും എല്ലായിടത്തും പ്രകടമാക്കേണ്ടുന്ന ഒന്നല്ല….ആ ഒരു വിവേകം നഷ്ടമാകുന്നു എന്നതാണ്, ഇന്നത്തെ കാലത്തു അധികരിച്ചു വരുന്ന പ്രണയ നൈരാശ്യങ്ങളിൽ നിന്നും ഉരുത്തിരിയുന്ന ദുഷ്പ്രവർത്തികളും, സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന മറ്റെല്ലാ ദുഷ്പ്രവർത്തികളും നേർകാണിക്കുന്നത്.

കുറച്ചു വർഷങ്ങളായി ഇന്ത്യയിൽ ആകമാനം നടക്കുന്ന പ്രണയത്തെ ചൊല്ലിയുള്ള അപകടകരമായ പ്രവണതകൾക്ക് ഒരു കടിഞ്ഞാണിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു… ഒരു കാലത്തു പ്രണയം മനസ്സുകൾ തമ്മിലായിരുന്നു…… കാണാതെയും കേൾക്കാതെയും ഉള്ള പ്രണയങ്ങളായിരുന്നു കൂടുതൽ.. അറിയിക്കാതെ പുസ്തകത്താളുകളിൽ വാക്കുകളായും; അലമാരയിൽ തൂവാലയ്ക്കുള്ളിൽ പൊതിഞ്ഞു ഭദ്രമാക്കിയിരുന്ന വളപ്പൊട്ടുകൾ ആയിരുന്നു പ്രണയം….പരസ്പരം പറയുകയും അറിയുകയും ചെയ്തതിനേക്കാൾ പറയാതെയും അറിയാതെയും ഇരുന്ന പ്രണയങ്ങളായിരുന്നു അന്ന് കൂടുതൽ… അത് കൊണ്ട് തന്നെ സ്വന്തമാക്കണം എന്നോ സ്വന്തമാക്കിയില്ലെങ്കിൽ അതൊരു നഷ്ടമായോ അന്നാരും കരുതിയിരുന്നില്ല….

പ്രണയത്തിലിരിക്കുന്ന രണ്ടു പേരുടെ മാനുഷിക നിലകൾ ഒന്നാകണം എന്ന് ഒരു നിർബന്ധവുമില്ല. ഒരാണിന് ഒരു പെണ്ണിനോട് പ്രണയം തോന്നിയെന്ന് തന്നെ ഇരിക്കട്ടെ അയാൾക്ക് ഒരു കുറവുകളും ഇല്ലെന്നും തന്നെ വിചാരിക്കുക എന്നതിനാൽ മാത്രം ആ പെണ്ണിന് അയാളോട് പ്രണയം തോന്നണം എന്ന് എന്താണ് നിർബന്ധം. അങ്ങനെ ഒരു നിർബന്ധവുമില്ല. ഇതേ സാഹചര്യങ്ങൾ തിരിച്ചും ആകാം. അങ്ങനെയുള്ള സാഹചര്യങ്ങളിൽ സത്യാവസ്ഥ ഉൾക്കൊള്ളാൻ പരിശ്രമിച്ചു പിന്മാറുക എന്നല്ലാതെ അതൊരു പ്രതികാരബുദ്ധിയിലേക്ക് നീളുന്ന;  ഇന്നത്തെ കാലത്ത് അധികരിച്ചു കാണുന്ന  പ്രവണത;   നിജപ്പെടുത്തുന്നത് ആ വ്യക്തിക്ക് തോന്നിയ വികാരം പ്രണയമല്ല മറിച്ചു സ്വന്തമാക്കണം എന്ന അഭിവാഞ്ചയാണെന്ന് പറയാതെ തരമില്ല. ഇവിടെ ഉത്സവപ്പറമ്പിലെ കടയിൽ കാണുന്ന കളിപ്പാട്ടം സ്വന്തമാക്കാൻ വാശിപിടിക്കുന്ന ഒരു കുട്ടിയും മേല്പറഞ്ഞ പ്രണയിതാവും തമ്മിൽ വലിയ വ്യത്യാസമില്ലാതാകുന്നു, കളിപ്പാട്ടത്തിന് വാശി പിടിക്കുന്ന കുട്ടി അവന്റെ പ്രായത്തിനനുസരിച്ചുള്ള രീതിയിൽ വാശിപിടിക്കുമ്പോൾ-അതായത് കരയുകയോ,നിലത്തു കിടന്നുരുളുകയോ ഒക്കെ പോലെയുള്ള പ്രകോപനമായ രീതികൾ അവലംബിക്കുമ്പോൾ പ്രണയിതാവ് എന്ന് പറയപ്പെടുന്ന വ്യക്തി  അതെ പ്രകോപനമായ രീതികൾ  കുറച്ചു കൂടി പ്രായത്തിനനുസരിച്ചുള്ള വളർച്ചയിൽ എത്തിച്ചു എന്ന് വേണം വിലയിരുത്താൻ. സ്നേഹിച്ച ഒരു വ്യക്തി അല്ലെങ്കിൽ സ്നേഹിക്കുന്ന ഒരു വ്യക്തി ഏറ്റവും നല്ലതായി ജീവിക്കണം എന്നതിന് പകരം എന്റെ കൂടെയല്ലെങ്കിൽ ഇല്ലായ്മ ചെയ്യണം എന്നൊക്കെ ചിന്തിക്കുന്നത് തന്നെ മനസികവൈകല്യമുള്ള വ്യക്തിത്വത്തിന് ഉടമകളാണ്.

അത് ആരോഗ്യകരമായ ഒരു പ്രണയവുമല്ല, ഇങ്ങനെയുള്ള വ്യക്തികൾ തമ്മിൽ ഒന്ന് ചേർന്ന് ജീവിച്ചാൽ തന്നെ അതൊരു അനാരോഗ്യകരമായ ബന്ധമായിത്തീരാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. അതിനാൽത്തന്നെ അവർക്ക് ആവശ്യം മാനസികമായ പക്വതയിലെത്താനുള്ള ഉപദേശമോ മാർഗനിർദ്ദേശമോ ഒക്കെയാണ്.

ഒരു പ്രണയം വിവാഹത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നതിൽ ഒരു തെറ്റുമില്ല, ബഹുഭാര്യാത്വം അനുവദനീയമല്ലാത്തത് പോലെ തന്നെ ഒരുപാട് പ്രണയബന്ധങ്ങളിൽ തത്പരരാകാതിരിക്കാനും ഒരു ലക്ഷ്യമുണ്ടാകാനും ഒക്കെ പ്രണയബന്ധം വിവാഹത്തിൽ കലാശിക്കണം എന്ന ആഗ്രഹം നല്ലതാണ്. മാത്രമല്ല സ്വയമേവ ജീവിതപങ്കാളിയെ കണ്ടെത്താൻ ഒരു പ്രണയത്തിലൂടെ കഴിയുമെങ്കിൽ വളരെ നല്ലത്. അതിനു വേണ്ടിയുള്ള ആത്മാർത്ഥ പരിശ്രമവും നല്ലതാണ്. പക്ഷെ ഏതൊരു കാര്യസാധ്യത്തിനും നേരിടുന്ന എല്ലാ തരം കടമ്പകളും ഒരു പ്രണയബന്ധത്തിലും നേരിട്ടേക്കാം. ഒരു പക്ഷെ മറ്റു കാര്യസാധ്യങ്ങളെക്കാൾ ഒരു പടി കൂടി കടുത്ത കടമ്പകൾ തന്നെയാണ് ഈ കാര്യത്തിൽ യുവത്വങ്ങൾ നേരിടേണ്ടി വരിക.

ഒരു തൊഴിലിന് വേണ്ടിയുള്ള അശ്രാന്ത പരിശ്രമം ഏകപക്ഷീയമാണ്. ആഗ്രഹിച്ച കോഴ്സ് തേടിപ്പിടിച്ചു പഠിക്കുന്നതും അതിൽ വിജയം കണ്ടെത്തുന്നതുമൊക്കെയാണല്ലോ യുവത്വം കടന്നു പോകുന്ന മറ്റു സമ്മർദ്ദപരമായ മേഖലകൾ, ഇവിടെ ഒക്കെ തന്നെ സ്വന്തം താല്പര്യങ്ങൾക്കനുസരിച്ചും അനുകൂല സാഹചര്യങ്ങൾ തേടിപ്പിടിച്ചും പരിശ്രമിച്ചും വിജയം കണ്ടെത്താൻ കഴിയുമെങ്കിൽ ഒരു പ്രണയബന്ധം വിവാഹത്തിൽ എത്തിക്കണമെങ്കിൽ രണ്ടു വ്യക്തികൾക്കും പരസ്പരം പ്രണയമുണ്ടായിരിക്കണം, രണ്ടു വീട്ടുകാരും ഒത്തുപോകത്തക്ക രീതിയിൽ ഉള്ളവരായിരിക്കണം ഇത്തരം അനവധി കാര്യങ്ങൾ ഒത്തു വരണം. പ്രത്യേകിച്ചു നമ്മുടെ നാടുകളിൽ. മറ്റു രാജ്യങ്ങളിലെ സംസ്കാരമനുസരിച്ചു രണ്ടു വ്യക്തികൾ തല്പരരായാൽ അവർക്ക് വൈവാഹ ജീവിതത്തിൽ ഏർപ്പെടാൻ ഒരുപക്ഷെ ഇത്രയേറെ കടമ്പകൾ ചാടിക്കടക്കേണ്ട ആവശ്യകത ഉണ്ടായെന്നു വരില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ തികഞ്ഞ ആത്മസംയമനത്തോടെ മുന്നോട്ട് പോയി എങ്ങിനെ അതൊരു ജീവിതമാക്കി മാറ്റാം എന്ന് തന്നെയാണ് ചിന്തിക്കേണ്ടത്. എന്നാൽ സാഹചര്യ സമ്മർദ്ദങ്ങളാൽ പ്രണയത്തിൽ നിന്ന് ഒരു പെൺകുട്ടി പിന്മാറിയാൽ ആ പെൺകുട്ടിയെ ഉപദ്രവിക്കുകയോ അല്ലെങ്കിൽ പ്രണയാഭ്യർത്ഥന നിരസിച്ചാൽ സ്വന്തമായി കടുത്ത നടപടിയിലേക്ക് മുതിരാനോ തോന്നാത്ത വിധം അന്യരുടെ തീരുമാനങ്ങൾ സ്വീകരിക്കാനും അതിനനുസരിച്ചു നീങ്ങാനും യുവതലമുറയ്ക്ക് കഴിയണമെങ്കിൽ അവർക്ക് സാഹചര്യങ്ങളെയും സമ്മർദ്ദങ്ങളെയും അതിജീവിക്കാനുള്ള പഠനങ്ങൾ, മുന്നൊരുക്കങ്ങൾ കലാലയങ്ങളിലെങ്കിലും ആരംഭിക്കേണ്ടതാകുന്നു. ഇത്തരുണത്തിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാൻ കെൽപ്പുള്ള നിർദേശകർ അവരുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ തീർച്ചയായും അവർക്ക് പ്രണയബന്ധങ്ങളുടെ തകർച്ചകൾ മാത്രമല്ല; തൊഴിൽപരമായുള്ള സമ്മർദ്ദങ്ങളും, ജീവിതത്തിലെ മറ്റു സമ്മർദ്ദങ്ങളും, ഒക്കെ തന്നെ തരണം ചെയ്യാനുള്ള കഴിവ് ഉടലെടുക്കുന്നതാണ്. യുവത്വങ്ങൾ ആണ് ഒരു ജനതയുടെ വാഗ്‌ദാനം എന്നതിനാൽ തന്നെ ഇങ്ങനെയുള്ള സംഭവങ്ങൾ കൂടുതൽ ഗൗരവകരമായ കണക്കിലെടുത്തു ചൊട്ടയിലെ തന്നെ കുട്ടികളിൽ ജീവിതത്തിൽ വരുന്ന ഓരോ ഘട്ടങ്ങളും തരണം ചെയ്യാനുള്ള മനക്കരുത്ത് ആർജിക്കുവാനുള്ള എല്ലാ തരത്തിലുള്ള സഹായസഹകരണങ്ങളും മാതാപിതാക്കളും അധ്യാപകരും കലാലയങ്ങളും ഒരുക്കേണ്ടതാകുന്നു.

പ്രണയം ഒരു കുറ്റമായിക്കണക്കാക്കാതെ അതും ഏതൊരുവനും കടന്നു പോകുന്ന ഒരു ഘട്ടമായി കണക്കാക്കി അതിലൊരു പാളിച്ചയോ തകർച്ചയോ നേരിടേണ്ടി വന്നാൽ ആ വ്യക്തിയ്ക്ക് പരമാവധി മാനസികസമ്മർദ്ദം ഉണ്ടാകാതെ നോക്കിയാൽ ഇത്തരത്തിലുള്ള അപചയങ്ങൾ സമൂഹത്തിൽ നിന്നും അകറ്റി നിർത്തുവാൻ സാധിക്കും.

ഒരു പരിധിവരെ കലാലയങ്ങളിൽ ജീവിതവീക്ഷണത്തെ കുറിച്ചും, ജീവിതം എങ്ങിനെ നേരിടണം എന്നതിനെ കുറിച്ചും മാർഗ്ഗനിർദ്ദേശങ്ങൾ യുവതലമുറയ്ക്ക് നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പുസ്തകപ്പുഴുക്കളാക്കി, ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം നടത്തിക്കൊടുത്തു കുട്ടികളെ വളർത്തി വലുതാക്കുമ്പോൾ; ഇടയ്‌ക്കൊക്ക ഇങ്ങനെയുള്ള തോൽവികൾ ജീവിതത്തിന്റെ ഭാഗമാണെന്നും അവ ഉൾക്കൊള്ളാനുള്ള മാനസിക വളർച്ച യുവതലമുറ ആർജ്ജിക്കേണ്ടതുണ്ടെന്നും ഉള്ള ഓർമ്മപ്പെടുത്തലുകൾ കൂടിയാണ് ഇങ്ങനെയുള്ള തെറ്റായ പ്രവണതകൾ എടുത്തു കാട്ടുന്നത്.

ഏത് തരത്തിലുള്ള തെറ്റിലേക്കും വിദ്യാഭ്യാസം ഉള്ള മനുഷ്യൻ തിരിയുന്നത് ആത്മനിയന്ത്രണം നഷ്ടപ്പെടുമ്പോൾ തന്നെയാണ്. ആ ആത്മനിയന്ത്രണം നഷ്ടമാകാനുള്ള കാരണങ്ങൾ പലതായിരിക്കും എന്ന് മാത്രം.  പല പ്രതിസന്ധി ഘട്ടങ്ങളിലും പ്രവർത്തിക്കുന്നതിന് പകരം പ്രതികരിക്കാൻ ആണ് ആത്മനിയന്ത്രണമില്ലാത്ത ഒരുവൻ ശ്രമിക്കുക, എന്നാൽ ആത്മനിയന്ത്രണമുള്ള ഒരു വ്യക്തി പരിശ്രമം  അല്ലെങ്കിൽ പ്രവർത്തി ആയിരിക്കും ഈ സമയം അനുവർത്തിക്കുക. അതിനാൽത്തന്നെ പരിശ്രമവും പ്രതികരണവും എപ്പോൾ, എവിടെയൊക്കെ, എങ്ങിനെയൊക്കെ എന്ന ഒരു വീണ്ടു വിചാരം ചെറുപ്പം മുതലേ കുട്ടികളിൽ വളർത്തിയെടുക്കേണ്ടതാകുന്നു അതിന് വേണ്ടി സമൂഹമൊന്നാകെ തന്നെ മുന്നോട്ട് വരേണ്ടിയിരിക്കുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസിറ്റി- സെൻ
Next articleസ്വപ്നസുന്ദരി
യു ഏ യിൽ താമസമാക്കിയ ഒരു ഇരിങ്ങാലക്കുടക്കാരി....കുഞ്ഞിലിക്കാട്ടിൽ ഉണ്ണിച്ചെക്കൻറെയും പദ്മിനിയുടേയും മകൾ, അശ്വനിയുടെ വാമഭാഗം. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയിൽനിന്നും ഹിന്ദി പ്രവീൺ, കമ്പ്യൂട്ടർ ആപ്പ്ളിക്കേഷനിൽ പ്രൊഫഷണൽ ബിരുദം,പ്രകൃതി സ്‌നേഹി.... ഓർമകളും,നൊമ്പരങ്ങളും, മറവിയിൽനിന്നു കണ്ണുപൊത്തിക്കളിക്കുമ്പോൾ....... സംവേദനം നേരിട്ടാകാൻ കഴിയാത്ത സന്ദർഭങ്ങളിൽ..... അപ്പോഴൊക്കെ വിരിയുന്നവയാണ് ഈ ചെറിയ ശീലുകൾ,വാക്കുകൾ,വാക്യങ്ങൾ.... അവ കാതോർക്കുന്നവർ, കണ്ണോടിക്കുന്നവർ നിങ്ങളാണ്. നിങ്ങളോട് ഞാൻ എന്നെക്കുറിച്ചു മറ്റെന്തു പറയാൻ..... എഴുത്ത് ഇതുവരെ:- "അച്ഛൻ ഓർമ്മകൾ " എന്ന പുസ്തകത്തിൽ ഒരു ചെറു ഓർമ്മക്കുറിപ്പ്. "56 പെൺകവിതകൾ","സൈക്കിൾ റാലി പോലൊരു ലോറി റാലി " എന്ന കവിതാസമാഹാരങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു. കഥയോളം, അക്കഥയിക്കഥ എന്ന കഥാസമാഹാരങ്ങളിൽ കഥ പ്രസിദ്ധീകരിച്ചു "Loneliness Love Musings and Me എന്ന ഇംഗ്ലീഷ് കവിതാസമാഹാരം. ഇദം പ്രഥമം ദ്വയം എന്ന കഥാസമാഹാരം, അമേയം എന്ന കവിതാസമാഹാരം.

2 COMMENTS

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English