റാവുത്തര്‍ വടക്കന്‍ മലബാറില്‍ അത്യാവശ്യം അറിയപ്പെടുന്ന ഒരു സമ്പന്നനാണ്. അയാളുടെ വീടിന്‍റെ പത്തായത്തിലും നിലവറയിലുമൊക്കെ പൂത്ത കാശാണെന്ന് നാട്ടില്‍ കൊച്ചു കുട്ടികള്‍ പോലും പറഞ്ഞ് നടക്കുന്നുമുണ്ട്. പക്ഷെ പറഞ്ഞിട്ടെന്താ, കെട്ട്യോന്‍ അറുത്ത കൈയ്ക്ക് ഉപ്പ് തേയ്ക്കാത്തവനാണെന്ന് ഭാര്യ റംലത്ത് ബീവി പോലും രഹസ്യമായി സമ്മതിക്കും.
ആവശ്യക്കാര്‍ക്ക് ഏത് സമയത്തും അയാളെ സമിപിക്കാം. എന്നാല്‍ ആളും തരവും നോക്കി മാത്രമേ റാവുത്തര്‍ പണം കൊടുക്കൂ.
ജോസഫേ, ഇപ്പൊ കാശിന് കുറച്ചു ബുദ്ധിമുട്ടാണ്. നീ പോയിട്ട് അടുത്തയാഴ്ച വാ. ഞാനൊന്ന് നോക്കട്ടെ,: എന്നായിരിക്കും ചിലപ്പോള്‍ പറയുക. അങ്ങനെ പറഞ്ഞാല്‍ പിന്നെ അയാള്‍ ആ വഴിക്ക് പോകണമെന്നില്ല. പണം തരാന്‍ താല്പര്യമില്ല എന്നാണ് അതിന്‍റെ അര്‍ത്ഥമെന്ന് വരുന്നവന്‍ മനസിലാക്കിക്കൊള്ളണം.
എന്നാല്‍ ആളെ ബോധിച്ചാലോ, ഇങ്ങനെയായിരിക്കും പറയുക.
ജോസഫേ, നീ പോയി പുരയിടത്തിന്‍റെ പ്രമാണമോ പണ്ടങ്ങളോ, എന്താണെന്ന് വച്ചാല്‍ കൊണ്ടു വാ. ങാ പിന്നെ, നൂറ്റിക്ക് പത്താണ് പലിശ എന്ന കാര്യം മറക്കണ്ട കേട്ടോ.
അതോടെ കടം വാങ്ങുന്നവന്‍റെ കാര്യം കട്ടപൊകയാകും. റാവുത്തരുടെ കയ്യില്‍ നിന്ന് പണം വാങ്ങുന്നത് സിംഹത്തിന്‍റെ വായില്‍ തല വച്ച് കൊടുക്കുന്നത് പോലെയാണെന്ന ഒരു പറച്ചില്‍ തന്നെയുണ്ട് നാട്ടില്‍. പക്ഷെ എന്ത് ഫലം ? സര്‍ക്കാരിന്‍റെ കുബേര വന്നിട്ടും റാവുത്തരുടെ രോമത്തില്‍ പോലും തൊടാന്‍ കഴിഞ്ഞില്ല. അത്രയ്ക്കുണ്ട് മേലാവിലുള്ള അയാളുടെ പിടിപാട്. പതിനേഴാമത്തെ വയസില്‍ സ്വന്തം ഉമ്മയുടെ കെട്ടുതാലി പൊട്ടിച്ച് നാടുവിട്ടയാളാണ് കക്ഷിയെന്നും ഇപ്പോഴും ഉമ്മയ്ക്കോ മറ്റ് കൂടപ്പിറപ്പുകള്‍ക്കോ അയാളെ കൊണ്ട് കാല്‍കാശിന് പ്രയോജനമില്ലെന്നുമൊക്കെ നാട്ടുകാര്‍ ആരും കേള്‍ക്കാതെ പായാരം പറയുമെങ്കിലും ആ പണക്കൊഴുപ്പിനെ സകലരും ഭയന്നു പോന്നു. ഒരു വിളിപ്പാട് അകലെയാണ് കുടുംബ വീടെങ്കിലും ആ സംസര്‍ഗ്ഗം റാവുത്തര്‍ പണ്ടേ ഒഴിവാക്കിയതാണ്. അതുകൊണ്ടു തന്നെ ഇരുവീടുകള്‍ തമ്മില്‍ പോക്കുവരവുമില്ല.
പിടിച്ചെടുത്ത പ്രമാണങ്ങളും മറ്റ് സ്വത്തുവകകളുമൊക്കെയായി റാവുത്തരുടെ സാമ്രാജ്യം വികസിച്ചു വരുമ്പോഴാണ് അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ നിന്ന് വെള്ളിടി വെട്ടിയത്. സാധുവായിരുന്നതെല്ലാം കണ്ണടച്ച് തുറക്കും മുമ്പ് അസാധുവായി. നോട്ടുകെട്ടുകള്‍ കുമിഞ്ഞു കൂടിയതോടെ ആ പഴയ ഇരുനില വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റുകാര്‍ വിരുന്നെത്താന്‍ തുടങ്ങി. ഒരു മേമ്പൊടിക്ക് പോലീസും ഇന്‍കം ടാക്സും കൂടി കൂടെ കൂടിയതോടെ റഹ്മത്ത് മന്‍സില്‍ അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഒരു കേന്ദ്രമായി മാറി.
കേസും ശിക്ഷയും കഴിഞ്ഞ് റാവുത്തര്‍ മടങ്ങി വരുന്നതും കാത്ത് റംലത്ത് അയാളുടെ പ്രായമായ ഉമ്മയ്ക്കും മറ്റ് ബന്ധുക്കള്‍ക്കുമൊപ്പം ആ പഴയ കുടുംബ വീട്ടില്‍ കഴിയുകയാണ് ഇപ്പോള്‍. അന്ന് ഉമ്മയുടെ കെട്ടുതാലിയും പൊട്ടിച്ച് അയാള്‍ ഓടിയത് ഈ വീട്ടു മുറ്റത്ത് നിന്നാണ്. അതിനുശേഷം കുടുംബത്തിലേക്കുള്ള അയാളുടെ ആദ്യത്തെ വരവാണ്.