പ്രളയശേഷം

 

തകഴിയുടെ ‘ വെള്ളപ്പൊക്കത്തല്‍ ‘ എന്ന കഥയിലെ നിമിഷം പ്രതി ഉയരുന്ന പ്രളയജലത്തില്‍ മുങ്ങിക്കൊണ്ടിരുന്ന കുടിലില്‍ നിന്നും ചേന്നപ്പറയന്‍ കുടുംബാംഗങ്ങളോടൊപ്പം വീട് വിട്ട് പോകുമ്പോള്‍ കൂടെ കൊണ്ടു പോകാന്‍ മറന്നു പോയ നായയുടെ ദയനീയാവസ്ഥയായിരുന്നു വരച്ചുകാട്ടിയത്. ജീവന്‍ വെടിയേണ്ടി വന്ന അവസാന നിമിഷം വരെയും തന്റെ ചുമതല നിറവേറ്റിയ ഹൃദയസ്പര്‍യായ കഥ പ്രസിദ്ധീകരിച്ച് അര നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും ഓര്‍മ്മയില്‍ തുടിച്ചു നില്ക്കുന്നു.

ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ ഞങ്ങളുടേ നാട്ടിലെ ഞാനുള്‍പ്പെടെയുളള്ള കുടുംബാംഗങ്ങളും ബന്ധുക്കളും അഭയം തേടിയെത്തിയ നാട്ടിലെ ഉയരം കൂടിയ പ്രദേശത്തുള്ള വീട്ടില്‍ അന്തേവാസികളായി കഴിയേണ്ടി വന്നപ്പോള്‍ വിശ്വസ്തരായ നായ്ക്കളുള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങളെയും കൂടെ കൂട്ടാന്‍ മറന്നില്ല. അഭയാര്‍ത്ഥികളായി വന്നവര്‍ ഒന്നും രണ്ടു പേരുമല്ല ഇരുപത്തിയഞ്ചു പേര്‍. സംരക്ഷണം നല്കിയ കുടുംബത്തിലെ പ്രായം ചെന്ന ഗൃഹനാഥനും കോളേജധ്യാപികയായ മകളുമുള്‍പ്പെടെ മൊത്തം ഇരുപത്തിയേഴു പേര്‍. പുറമെ അഞ്ചു പട്ടികളും.

വിശാലമായ മുറികളും വലിയൊരു ഹാളും ഇടനാഴിയുമുള്ള വീട്ടില്‍ സന്ധ്യ മയങ്ങിയതോടെ അഭയാര്‍ത്ഥികളായി വന്നരില്‍ ആദ്യ സംഘമായിരുന്നു ഞങ്ങളുടേത്. ആറ് പേര്‍. അത്യാവശ്യം സാധനങ്ങള്‍ മാത്രമേ എടുത്തുള്ളു. ‘ലെസ് ലഗേജ് മോര്‍ കംഫര്‍ട്ട്’

തൊട്ടടുത്തുള്ള താഴെ കവലയില്‍ നിന്നും കുറച്ചു ദൂരെ മാറിയുള്ള പബ്ലീക് സ്കൂളീലാണ് ഈ പ്രദേശത്തെ അഭയാര്‍ത്ഥി ക്യാമ്പ്. അവിടെ വന്ന് ചേര്‍ന്നവരുടെ ആവലാതിയും വിലാപവും ഇങ്ങോട്ട് എത്തുന്നുണ്ട്. മഴയിങ്ങനെ തുടര്‍ന്നാല്‍ ആ സ്കൂള്‍ ക്യാമ്പ് ഈ രാത്രി കൊണ്ട് നിറയും.

ഗൃഹനാഥന്‍ ഒരു എണ്‍പത്തിയാറുകാരന്‍. ഡിഫന്‍സ് സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്തു. ഭാര്യ മരിച്ചതോടെ കൂട്ടിനായി വന്നതാണ് കോളേജ് അധ്യാപികയായ മകള്‍ . മകളുടെ ഭര്‍ത്താവ് കോട്ടയത്ത് പീഡിയാട്രീഷനായി ജോലി ചെയ്യുന്നു. മക്കള്‍ രണ്ടു പേരും പുറമെ പഠിക്കുന്നു. ഇപ്പോള്‍ ഈ വീട്ടില്‍ ഇവര്‍ രണ്ടു പേരും മാത്രം. പ്രായമേറെ ചെന്നിട്ടും ഇപ്പോഴും നര്‍മ്മ സംഭാഷണം വിളമ്പാന്‍ വിരുത് കാട്ടുന്ന ഗൃഹനാഥന്‍. പറയുന്ന വാക്കുകള്‍ക്കു ഒരു സൈദ്ധാന്തിക സ്വഭാവമുണ്ട്. ഇടയ്ക്കെപ്പോഴോ പുഴയോടു ചേര്‍ന്ന റോഡരികിലെ വീട്ടില്‍ വെള്ളം കയറിയോ എന്നു ആധിയില്‍ കഴിയുന്ന ഞങ്ങളുടേ സ്ത്രീ ജനങ്ങളോട് അദ്ദേഹം പറയുന്നു.

”എന്തിനെകുറിച്ച് ചിന്തിച്ചു തല ചൂടാക്കുന്നു? ഇപ്പോള്‍ വന്ന ഈ വെള്ളപ്പൊക്കം ഏതാനും ഉദ്യോഗസ്ഥരുടെ മാന്‍ മാനേജുമെന്റിലെ പിഴ മൂലം വന്നതാണ്. അവര്‍ കുറച്ചു കൂടി ജാഗ്രത കാണിച്ചിരുന്നെങ്കില്‍ ഇത്രയും പെട്ടന്നീ വെള്ളപ്പൊക്കം ഉണ്ടാകുമായിരുന്നില്ല. എന്നാലും ഇതൊക്കെിനിയുമുണ്ടാകും. പെട്ടന്നുണ്ടാകുന്ന പേമാരി, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം അതൊരു പ്രകൃതി നിയമമാണ്. മല കയ്യേറിയും കാട് വെട്ടി നശിപ്പിച്ച് വീടുകളും റിസോര്‍ട്ടുകളും പണിയുമ്പോഴും‍ പുഴത്തീരം സ്വന്തമായി രമ്യഹര്‍മ്മ്യങ്ങളും അപ്പാര്‍ട്ടുമെന്റുകളും പണിതുയര്‍ത്തുമ്പോഴും ഭൂമിയുടെ സന്തുലിതാവസ്ഥക്കു താളം തെറ്റുന്നു. അപ്പോള്‍ ഇക്കാണുന്ന ദുരന്തങ്ങളൊക്കെയുണ്ടാലും ഭൂമാഫിയക്ക് കൂട്ടുനില്ക്കുന്ന മാറി മാറി വരുന്ന സര്‍ക്കാരുകളും അവര്‍ക്കു ശിങ്കിടി പാടുന്ന ഉദ്യോഗസ്ഥരും വരുത്തി വയ്ക്കുന്ന ദുരന്തം കുറച്ചൊക്കെ പൊതു ജനം സഹിച്ചേ പറ്റു. കൂട്ടത്തില്‍ നിരപരാധികളൂം ശിക്ഷിക്കപ്പെടുന്നുവെന്നു മാത്രം.”

കോളേജ് അധ്യാപികയായ മകള്‍ അപ്പച്ചന്റെ വാക്കുകള്‍ ഒട്ടൊരത്ഭുതത്തോടെയാണ് കേള്‍ക്കുന്നത് കോളേജിലെ എന്‍വോണ്‍മെന്റ് ഡിപ്പാര്ട്ടുമെന്റിലെ പ്രൊഫസറുടെ വാക്കുകളെയാണ് ഓര്‍മ്മിപ്പിക്കുന്നത്.

പലയിടത്തും ഇലട്രിക് ലൈന്‍ തകരാറിലായിട്ടുണ്ട്. രാവിലെതന്നെ കറന്റു പോയതാകണം. മെഴുതിരിവെട്ടത്തിലാണു സംഭാഷണം. രാത്രിയേറെ ചെല്ലുന്നതിനു മുന്നേ തന്നെ ഭക്ഷണമൊരുക്കാനും അഭയാര്‍ത്ഥികളായി വന്ന ഞങ്ങളാറു പേര്‍ക്കും കിടക്കുന്നതിനുള്ള സൗകര്യമൊരുക്കാനും മകള്‍ സമയം കണ്ടെത്തി. പുറം പണിക്ക് വീടിന്റെ കോമ്പൗണ്ടിനു പുറത്ത് ജോലി ചെയ്യുന്ന വരുണ്ടെങ്കിലും അവരെയാരേയും അടുക്കളയിലേക്കു കയറ്റിയില്ല. എല്ലാം മകള്‍ തന്നെ ഏറ്റെടുത്ത് നടത്തുന്നു. വിശാലമായ മുറികളും ഇടനാഴികളുമുള്ള ഈ പഴയ തറവാട്ടില്‍ കിടപ്പ് ഒരു പ്രശ്നമേ ആയിരുന്നില്ല.

വീട്ടിലെ പട്ടിയെ അഴിച്ചു വിടുന്നത് രാത്രി സമയം മാത്രമാണ്. പകല്‍ സമയം കോളേജില്‍ പോകുമ്പോള്‍ പട്ടിക്കു കിട്ടുന്ന സഞ്ചാര സ്വാതന്ത്ര്യം പരിമിതമാണ്. കോരിച്ചൊരിയുന്ന മഴയത്തും കൂട് തുറന്നു വിട്ട് പട്ടി വീടിനു ചുറ്റും വിശാലമായ തൊടിയിലും ചുറ്റിക്കറങ്ങി തന്റെ കടമ നിര്‍ വഹിക്കുന്നുണ്ട്. മുന്‍വശത്തെ വരാന്തയിലാണു കിടപ്പ്. പുതുതായി വന്ന അതിഥികളെയും ഒന്നു മണത്തും തൊട്ടുരുമ്മിയും അവര്‍ കുഴപ്പക്കാരല്ല എന്നുറപ്പുവരുത്തിയതിനു ശേഷമാണ് പട്ടി കിടപ്പിനു വട്ടം കൂട്ടിയത്.

ആദ്യമൊക്കെ പുതിയ ആളുകളെ കാണുമ്പോള്‍ ബഹളം വയ്ക്കുക പതിവായിരുന്നു. ഇന്നതുണ്ടായില്ല. ഞങ്ങളുടെ ആള്‍ക്കാരാണെന്നു ബോധ്യം വന്നാല്‍ പിന്നൊരു ശല്യവുമുണ്ടാക്കില്ല മകള്‍ ഉറപ്പു നല്കി. വിട്ടു പോന്ന വീടുകളില്‍ വെള്ളം കയറിയോ എന്ന ആധി ഞങ്ങളുടെ കൂട്ടത്തില്‍ എല്ലാവര്ക്കുമുണ്ടായിരുന്നു. ബസുകളുടെ ഓട്ടം നിലച്ചു. അപൂര്‍വം ചില ട്രക്കുകളും മോട്ടോര്‍ ബൈക്കുകളും മാത്രമേ ഓടുന്നുള്ളു. ഇപ്പോഴതും നിലച്ചു കാണൂം. ഇടുക്കിയിലെ എല്ലാ ഷട്ടറുകളും തുറന്ന സ്ഥിതിക്ക് പുഴയില്‍ നിന്നു റോഡിലേക്കു വെള്ളം കയറും. ഇവിടം കുറെ പൊക്ക പ്രദേശമായതിനാല്‍ വെള്ളം ഇങ്ങോട്ട് കയറില്ല എന്നു സമാധാനിക്കാം. എങ്കിലും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ. ഈ വീട്ടില്‍ നിന്നും മാറേണ്ടി വരുമോ?

” ഏയ് പേടിക്കേണ്ട 99 ലെ വെള്ളപ്പൊക്ക കാലത്തു പോലും ഇവിടം സുരക്ഷിതമായിരുന്നു അപ്പനപ്പൂപ്പന്‍മാര്‍ പറഞ്ഞ വിവരമാണ് പിന്നീടാണ് ഈ വീട് വലുതാക്കിയതും പുതിയ മുറികളും എടുപ്പുകളും അകത്തെ വിശാലമായ ഹാളുമൊക്കെ ഉണ്ടാക്കിയതും. എത്ര വലിയ വെള്ളപ്പൊക്കമുണ്ടായാലും ഇങ്ങോട് വരില്ല”

പെരിയാറിലെ നീരൊഴുക്ക് കൂടിക്കൂടി വരുന്നു. ആലുവ മണപ്പുറത്ത് ശിവക്ഷേത്രം മുങ്ങിയെന്നാണു കേള്‍വി. ഇവിടെ അടുത്തുള്ള ക്യാമ്പ് ഏറെക്കുറെ നിറഞ്ഞു . ഇനി അങ്ങോട്ടു പോവുകയേ നിവര്‍ത്തിയൊള്ളു. തലയില് നെരിപ്പോടുമായി ആധിപിടിച്ചിരിക്കുമ്പോഴും ഗൃഹനാഥ എല്ലാവര്ക്കും കടും കാപ്പി തയാറായതായി അറിയിച്ചു. മനസാന്നിധ്യം കൈവിടാതെ എല്ലാവരോടും സമചിത്തതയോടേ പെരുമാറാനവര്‍ക്കാകുന്നുണ്ട്. അടുക്കളമുറ്റത്ത് ശുദ്ധ ജലം കിട്ടുന്ന കിണറുള്ളതിനാല്‍ പ്രഭാത കൃത്യങ്ങള്‍ക്കൊന്നും ബുദ്ധിമുട്ടുണ്ടായില്ല.

അപ്പനെ വിളിച്ച് ചൂടുവെള്ളം തയാറായതായി അറിയിച്ചു. രാവിലെ എട്ടുമണിയായപ്പോഴാണ് ഭാര്യയുടെ മൊബൈലിലേക്കൊരു വിളീ. അനിയത്തിയാണ്. കാലടിയില്‍ നിന്ന് അനിയത്തിയും ഭര്‍ത്താവും മക്കള്‍ രണ്ടു പേരും കുടുംബവുമായി വരുന്നു.

‘ നീ അവരെ പറഞ്ഞ് മനസിലാക്ക് ഞങ്ങള്‍ക്കു കൂടി താമസിക്കാനൊരിടം കണ്ടെത്തെണം”

” അതിനെന്താ അവരുകൂടി വരട്ടെ ഇവിടെ പത്ത് പതിനഞ്ച് പേര്‍ക്കു കൂടി കഴിയാം.” അപ്പച്ചനാണ്.

അവര്‍ വന്നു. ഒന്നും രണ്ടും അല്ല കോതമംഗലത്തു നിന്നു വന്ന ബന്ധു കുടുംബത്തിലെ നാലംഗങ്ങളും കൂടെയുണ്ട്. കൂടെ നാലു കാറുകള്‍ മൂന്നു ബൈക്കുകള്‍ പിന്നെ പട്ടികളും പൂച്ചയും. ഇപ്പോള്‍ മൊത്തം അഭയാര്‍ത്ഥികള്‍ വന്നവരുടെ എണ്ണം 25. വീട്ടിലെ അപ്പനും മോളും കൂടി 27 പേര്‍.

മകള്‍ സുനന്ദ താഴെ റോഡരുകിലെ തുറന്നിട്ടിരിക്കുന്ന പലചരക്ക് കടയിലേക്ക് പോയി. അവിടെ കടയില്‍ അവശേഷിച്ചിരുന്ന പച്ചക്കറികളൂം പലചരക്ക് സാധനങ്ങളൂം എല്ലാം ഒരു ഓട്ടോ റിക്ഷയില്‍ കൊണ്ടു വന്നു.

”ഇനി കുറെ കഴിഞ്ഞാല്‍ അവരാ കട പൂട്ടും. ഉള്ളത് മുഴുവന് ഇങ്ങോട്ടെടുത്തു” സുനന്ദ ഇങ്ങനെ പറഞ്ഞപ്പോഴാണാണ് അന്തേവാസികളേവരുടേയും കണ്ണൂ തുറന്നത്.

‘ പാവം വല്ലാതെ കഷ്ടപ്പെടുന്നു. എന്തു ചെയ്യാം വേറൊരു നിവര്‍ത്തിയുമില്ലാത്തതു കൊണ്ടല്ലേ ?’

പൊതുവെ ശാന്തമായ അന്തരീക്ഷം മാറി. വീട്ടില്‍ ഒച്ചയും ബഹളവുമായി. അനിയത്തിയും ഭര്‍ത്താവും അവരുടെ മക്കളും ഭര്‍ത്താക്കന്മാരും അവരുടെ കുട്ടികളും. പുറകില്‍ അടുക്കള വാതിലിനോടൂ ചേര്‍ന്നുള്ള പട്ടിക്കൂട്ടിലെ പട്ടി പൊതുവെ ശാന്തമാണെങ്കിലും ഇപ്പോള്‍ വന്നു കയറിയ പട്ടികള്‍ നാലു പേരും കുരയ്ക്കുകയും ബഹളം കൂട്ടുകയും ചെയ്യുമ്പോള്‍ ആ പട്ടിയും വെറുതെയിരിക്കില്ല.

സുനന്ദയുടെ അപ്പച്ചന്റെ മുഖത്തെ പ്രസന്നഭാവം മറഞ്ഞു. ഇന്നലെ സന്ധ്യക്ക് നര്‍മ്മ സംഭാഷണം നടത്തിയ ഗൃഹനാഥനല്ല ഇപ്പോള്‍. ഏറെക്കുറെ മൗനത്തില്‍. അപ്പച്ചന് ഇടയ്ക്കിടെ ഓര്‍മ്മ നശിക്കും. ചിലപ്പോള്‍ തലക്കറക്കമുണ്ടാകും. ആ സമയം കുറെ വിശ്രമം ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളതാണ്. സുനന്ദ ഇക്കാര്യം ഭാര്യയോടു സൂചിപ്പിച്ചപ്പോള്‍ കേട്ടു നിന്നതല്ലാതെ ഒന്നും പറയാനായില്ല. കുറെ ക്കഴിഞ്ഞ് പോയി വന്ന സുനന്ദ ഒന്നു കൂടി ഓര്‍മ്മിപ്പിച്ചു.

”അപ്പച്ചന്‍ അകത്തേ മുറിയില്‍ കിടക്കുന്നു. കുറേ ശാന്തമായ അന്തരീക്ഷം കിട്ടണം. ഭാര്യ എന്തോ അടക്കം പറഞ്ഞ് സുനന്ദയെ സമാധാനിപ്പിച്ചു. രാത്രി എല്ലാവരും ഭക്ഷണം കഴിക്കുന്ന സമയം എല്ലാവരോടുമായി ഇക്കാര്യം പറയാമെന്ന് ഭാര്യയുടെ ചേച്ചി ഏറ്റു. പക്ഷെ ഇക്കാര്യം പറയുന്നതിനു മുന്നേ വേറൊരു വിഷയമാണ് സംഭാഷണ വിഷയമായത്. അരിക്ക് വേവ് കുറവാണ് കഴിച്ചാല്‍ കല്ല് പോലെ കിടക്കും. അപ്പോള്‍ അനിയത്തിയുടെ പെണ്മക്കളിലൊരാള്‍ തേങ്ങാച്ചമ്മന്തിക്ക് കണ്ട മാനം എരി. നാവു പുകയണു. അപ്പച്ചന്റെ അവസ്ഥ പറയുമ്പോള്‍ തനിക്ക് പറയാനായി തയാറെടുത്തിരുന്ന സുനന്ദയുടെ മുഖത്തെ ഭാവവ്യത്യാസം മേശപ്പുറത്ത് കത്തിച്ചു വച്ച റാന്തല്‍ വിളക്കിന്റെ ഇത്തിരി വെട്ടത്തില്‍ ആരും കണ്ടില്ല.

ഇത്രയും പേര്‍ക്ക് വച്ചു വിളമ്പി തന്നതും പോര പിന്നെയും കുത്തി നോവിക്കുന്നോ ? അങ്ങനെ പറയാതെ സുനന്ദ നേരെ പോയത് അടുക്കളയിലേക്കാണ്. ഇനി ഇവിടെ നിന്നാല്‍ ഭക്ഷണത്തിലെ കുറവുകള്‍ എന്തെല്ലാം കേള്‍ക്കേണ്ടി വരുമോ എന്തോ.

പിറ്റേന്നു നേരം വെളുത്തപ്പോള്‍ സമീപത്തു താമസിക്കുന്ന ഒരാള്‍ പറഞ്ഞ വിവരം എരിതീയില്‍ എണ്ണ ഒഴിക്കുന്നതിനു തുല്യമായിരുന്നു.

മുസ്ലീം പള്ളിയോടു ചേര്‍ന്നുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ നിറഞ്ഞു. ഇനിയുള്ളവര്‍ എവിടെ പോകും? അങ്ങ് ദൂരെ സ്കൂളിലെ ക്യാമ്പില്‍ കുറെ പേര്‍ അഭയം തേടിയിട്ടുണ്ട്. ടൗണീല്‍ പറവൂര്‍ കവലക്കു അടുത്തുളള കോളേജിലെ ക്യമ്പും ഏറേക്കുറെ നിറഞ്ഞു.

ഇവിടെ സുനന്ദ ആകെ ഉത്സാഹം കെട്ട നിലയിലാണ്. അപ്പച്ചന് സ്വസ്ഥമായി കിടക്കാന്‍ പറ്റുന്നില്ല എന്നതാണേറെ അലട്ടുന്നത്. ഡോക്ടര്‍ നേരത്തെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്ന് സമയാസമയങ്ങളില്‍ കഴിക്കുന്നുണ്ട്. ഭക്ഷണം മിതമായ നിരക്കില്‍ അതും കഴിക്കുന്നുണ്ട്. നടക്കുമ്പോള്‍ തല വേച്ചു പോകുന്നു. ഇടക്കിടക്ക് ഓര്‍മ്മക്കുറവും. കുറെ നാളായി ഇതൊന്നും ഇല്ലാതിരിക്കുകയായിരുന്നു. അസുഖം മൂര്‍ച്ഛിച്ചാല്‍ എങ്ങനെയൊരു ഡൊക്ടറെ കാണാന്‍ പറ്റും?.

പക്ഷെ ഇവിടെ വന്ന് തമ്പടിച്ചവര്‍ക്ക് ഇതൊക്കെ മനസിലാകേണ്ടേ?

പട്ടികളുടെ കുര കൂടെക്കൂടെ മുഴങ്ങുന്നു. കൊണ്ടു വന്ന പട്ടികളെ വീടിനു പുറത്ത് കുറച്ചു കൂടി ദൂരെ മാറ്റിക്കെട്ടിയാല്‍ കുറച്ചു മാറ്റം വരും വിവരം പറഞ്ഞതേയുള്ളു…

” അയ്യോ അതു പറ്റില്ല” അനിയത്തിയുടെ മക്കളാണ്. ”പട്ടി മഴ നനഞ്ഞാല്‍… പിന്നെ പട്ടിയല്ലേ വല്ലപ്പോഴും കുരച്ചെന്നിരിക്കും കടിക്കാനൊന്നും വരണില്ലല്ലോ”

ഇന്നലെ രാവിലെ കരഞ്ഞു പിടിച്ചു അപേക്ഷിച്ചു വന്നവരാണ്.

മനുഷ്യര്‍ക്ക് അഭയം കൊടുത്തതു പോരാ പിന്നെ പട്ടിക്കും പൂച്ചക്കും ഇതെന്താ? സുനന്ദ അങ്ങനെ പറയാത്തത് ഭാഗ്യമെന്നേ കരുതേണ്ടു.

അരമണീക്കൂര്‍ കഴിഞ്ഞില്ല രണ്ടു ദിവസം മുന്നേ വന്ന ഞങ്ങളാറു പേരും കൂടി ഒരു തീരുമാനമെടുത്തു. ഇവിടെ നിന്നു മാറണം. എറണാകുളത്ത് അനിയന്റെ വീട്ടിലോ ഇടപ്പള്ളിയില്‍ ചേച്ചിയുടെ മകളുടെ വീട്ടിലോ പോവാന്‍ നോക്കാം. ഫോണില്‍ കൂടി വിവരം പറഞ്ഞതേ ഉള്ളു അവര്‍ക്കു സമ്മതം. സാധാരണ ഗതിയില്‍ നല്ലൊരു മഴ പെയ്താല്‍ മതി എറണാകുളത്തെ കാനകളൊക്കെ നിറഞ്ഞ് റോഡില്‍ വെള്ളം കയറാന്‍. ഇത്തവണ കാനകളിലെ ചെളിയും പായലും കഴിഞ്ഞയാഴ്ചയോടേ മാറ്റിയിരുന്നു. വീടിന്റെ തെക്കുമുറിയുള്ള കുന്നിന്‍ പ്രദേശത്തു കൂടിയുള്ള മൂനടിപ്പാതയില്‍ കൂടി തെക്കെ വാഴക്കുളത്ത് ചെന്നു പറ്റിയാല്‍ അവിടെ നിന്നും പുക്കാടുപടി വഴി എറണാകുളത്തെത്താം.

”ആദ്യം വന്ന നമ്മളാറു പേരും മാറിയാല്‍ പിന്നെത്തെ കാര്യം സുനന്ദ നോക്കിക്കൊള്ളും ”

വിവരം പറഞ്ഞതോടെ സുനന്ദയുടെ പെട്ടന്നുണ്ടായ പ്രതികരണം ഇങ്ങനെ.

”എന്താ ആന്റി പെട്ടന്നിങ്ങനെയൊരു തീരുമാനം”

”ഇല്ല മഴയൊട്ടു കുറഞ്ഞില്ലേ തിരിച്ചു വീട്ടിലേക്കല്ല പോണത്. അങ്ങോട്ട് പോകാന്‍ രണ്ടു മൂന്നു ദിവസം എടുക്കും. എറണാകുളത്ത് അനിയന്റടുക്കലോ ചേച്ചിയുടെ മകളുടെ അടുത്തോ കൂടാമെന്നു തീരുമാനിച്ചത്. അവരുടെ സമ്മതം കിട്ടിക്കഴിഞ്ഞു. പിന്നെ അപ്പച്ചനിങ്ങനെ സുഖമില്ലാതെയിരിക്കുമ്പോള്‍”

”ഏയ് അതൊന്നും കാര്യമാക്കണ്ട. ഒച്ചയും ബഹളവും കുറഞ്ഞാ കുറെ ആശ്വാസം കിട്ടും. ആന്റിയൊക്കെ വന്ന ദിവസം കണ്ടതല്ലേ അപ്പച്ചന്‍ നല്ല ജോളിയായിരുന്നല്ലോ. ഇന്നലെ കാലത്ത് ഇവര്‍ വന്നപ്പോഴും ജോളിയായിരുന്നു. പിന്നെയീ പിള്ളേരുടെ ഒച്ചയും ബഹളവും അവരുടെ കാറിരപ്പിക്കലും അതേ ഉള്ളു പ്രശ്നം. എങ്കിലും നിങ്ങള്‍ പോകാന്‍ ഞാന്‍ പറയില്ല. അപ്പച്ചനറിഞ്ഞ സമ്മതിക്കേമില്ല”

”ഇല്ല മാറണം മാറിയാലിവരുടെ നിലപാടില്‍ മാറ്റം വരും. അങ്ങ് വാഴക്കുളത്തെവിടയോ ഒരു വില്ല അവര്‍ പറഞ്ഞു വച്ചിരുന്നു. പക്ഷെ ഇത്രേം പേര് ഇരുപത് പേര്‍ക്കവിടെ തങ്ങാന്‍ പറ്റില്ല. അതാ ഞങ്ങളുടെ കെയര്‍ ഓഫില്‍ ഇങ്ങോട് പോന്നെ. ഇവിടെയാകുമ്പം നല്ല കിണര്‍ വെള്ളം കിട്ടും.”

”ഉച്ചക്കുള്ള ഭക്ഷണത്തിനു ഒരുക്കം തുടങ്ങിയിരുന്നു. ഒഴിച്ചുകറിയും തോരനും പുളിങ്കറിയും ഒക്കെ റെഡിയായി. അരി അടുപ്പത്ത് കിടക്കുന്നു. ഒരു മണിക്കൂറിനകം ചോറ് റെഡിയാകും.”

”വേണ്ട സുനന്ദേ ഇപ്പോഴാണേല്‍ മഴ ഒന്ന് തോര്ന്നേക്കുവാ. വണ്ടിയെടുക്കാന്‍ ബുദ്ധിമുട്ടില്ല.”

അഞ്ചു മിനിറ്റു കഴിഞ്ഞിട്ടില്ല സുനന്ദ വന്നു.

”ശരി ആന്റിയും ചേട്ടനുമൊക്കെ പോവാന്നു വച്ചപ്പോള്‍ ഞങ്ങളും പോകാന്‍ തീരുമാനിച്ചു. ഇളയമ്മ എറണാകുളത്ത് കടവന്ത്രയിലാണു താമസം. അവിടെ കുഴപ്പമൊന്നുമില്ല. വിവരം കേട്ടപ്പോളപ്പച്ചനും സന്തോഷമായി. അവിടാകുമ്പോള്‍ ഡോക്ടറേയും കാണാന്‍ പറ്റുമല്ലോ”

”അപ്പോള്‍ വീടോ?”

” വീടു പൂട്ടും. പുറമെ വരാന്തയും പിന്നെ പിന്നാമ്പുറത്തെ ചായ്പ്പും അതൊക്കെ ഉണ്ടല്ലോ ഇവരൊക്കെ അവിടെ കൂടിക്കൊള്ളും. വീടിന്റെ പിന്നാമ്പുറത്തു നിന്ന് അടുക്കളയിലേക്കു കയറാം.”

ഡ്രസ് മാറി ബാഗും കുടയുമായി വന്നപ്പോഴാണ് മറ്റുള്ളവര്‍ വിവരമറിയുന്നത്.

”എങ്ങോട്ടാണു പോവുന്നത്”

”എറണാകുളം. ഈ വീടിന്റെ പിന്നാമ്പുറത്തുള്ള വഴിയിലൂടെ പോകാന്‍ പറ്റും”

അവര്‍ വല്ലാത്ത പ്രതിസന്ധിയിലാണെന്നു മുഖഭാവം കണ്ടാലറിയാം. പക്ഷെ അവരുടെ കാര്യം അവര്‍ നോക്കുന്നതാ നല്ലത്. ഞങ്ങളുടെ പിന്നാലെ സുനന്ദയും അപ്പച്ചനും ഇറങ്ങുന്നെന്നു കേട്ടപ്പോള്‍ അവരുടെ ചോദ്യം.

”ഞങ്ങളെവിടെ പോകും?”

വീട്ടുടമസ്ഥന്‍ കൂടി പടിയിറങ്ങുമ്പോള്‍ അഭയാര്‍ത്ഥികളായി വന്നവരെവിടെ കൂടും. അവര്‍ നേരത്തെ കണ്ടു വച്ചിരുന്ന വാഴക്കുളത്തെ വില്ലയിലേക്കു മാറുമായിരിക്കും. അവിടെ സൗകര്യക്കുറവുണ്ടെങ്കിലും ഇവിടെ നിന്നും ഇറങ്ങിയേ പറ്റു. എല്ലാവരും വീട് വിട്ടിറങ്ങുമ്പോള്‍ വീടു കാവലിനു ഈ വീട്ടിലെ പട്ടി മാത്രം. ജോലിക്കാര്‍ തൊട്ടടുത്തുള്ളതുകൊണ്ട് പട്ടി ഒരിക്കലും അനാഥമാവില്ല.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here