” മഴ കവിതപോലാദ്യമാദ്യം
കൊഞ്ചിക്കുഴഞ്ഞു വന്നു.
” എന്തു നല്ല ഭംഗി മഴ ?!”
നമ്മളാനന്ദിച്ചു.
കഥ പോലെ പെരുകി മഴ ‘
പിന്നെ മിണ്ടിയേറെ;
‘ എന്തൊരുത്സാഹമഴ’
നമ്മള്‍ വിസ്മയിച്ചു.
വിമര്‍ശക വിചാരണ തന്‍
ആക്രോശമായ് പിറകെ.
പൊന്തിയനുനിമിഷജലച്ചൂണ്ടുവിരല്‍ നീട്ടി
പുഴകളോടും, മലകളോടും, നമുക്കു വാസം തന്ന
പരമദയാഭൂമിയുടെ സകലാംഗത്തോടും
നമ്മള്‍ ചെയ്ത തെറ്റുകളെ ചോദ്യം ചെയ്യലായി.
നടപ്പാക്കാന്‍ നാം നിനച്ച ചൂഷണ പദ്ധതികള്‍
ഒന്നായിച്ചൊല്ലി ശിക്ഷ വിധിക്കയായി നമ്മില്‍!
( ആദ്യമാനന്ദസ്മിതം
പിന്നെയാശ്ചര്യസ്തബ്ധം
ഒടുവിലന്ധാളിപ്പിന്‍
മഴദീനകരുക്കള്‍ , നാം !)
നമ്മള്‍ പാര്‍ക്കും മേടകളെ നിര്‍ദ്ദയം കൈയേറി
വഴിയാധാരം നിര്‍ഗതിതന്‍ ‘ അധിപരാക്കി’ നമ്മെ!
നമ്മള്‍ തന്‍ സാമ്രാജ്യത്തില്‍ ഫണമുടഞ്ഞ നാഗ
പടങ്ങളാക്കി മഴ നമ്മെ എണ്ണം ചൊന്ന നാളില്‍!
ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ കക്ഷി രാഷ്ട്രീയത്താല്‍
അരിശത്തില്‍, ചുച്ഛത്തില്‍ വേറായ നമ്മെ;
പരസ്പരം കൈകോര്‍പ്പിച്ച ചരിത്രമുഹൂര്‍ത്തത്തില്‍
ധനികരേയും, നിസ്വരേയും സമത്വപ്രായരാക്കി
പടിയടച്ചു പിണ്ഡമാക്കി താണ്ഡവം ചവിട്ടി
വിജിഗിരീഷുക്കളഹന്താപ്പടുക്കള്‍ നമ്മുടെ കണ്ണില്‍
അകം പുറം ഒരേപോലെ ചുടുമഴ ചൊരിഞ്ഞ്
മടങ്ങയായി, തല്‍ക്കാലം കരിമേഘത്തോറ്റം !
– മനുഷ്യത്വം പേറ്റുന്ന
വിനയാന്തരംഗം
മലയാള മണ്ണിന്‍ പച്ച-
മര്‍ത്യരാക്കി നമ്മെ!! ‘