വൈദ്യൻമാരെല്ലാം
കയ്യൊഴിഞ്ഞപ്പോൾ
അവസാന വൈദ്യൻ പറഞ്ഞു.
“ഇനി പ്രകൃതി ചികിൽസയാവാം”
ഉണ്ണാതെ
ഉണരാതെ
ഉരിയാടാതെ
ഉടയാട മാറാതെ
കണ്ണ് തുറക്കാതെ
വിണ്ണ് കാണാതെ
മണ്ണിനെ പ്രണയിച്ച്
അനന്തശയനം വേണം.
ഏകാന്ത സെല്ലിൽ
ചീവീടുകളുടെ
കീർത്തനം കേട്ട്
കാലുകൾ നീട്ടിവെച്ച്
ശ്വാസം അടക്കിപ്പിടിച്ച്
സ്വപ്നം പോലും കാണാതെ.
തലയ്ക്ക് മീതെ
കള്ളിച്ചെടിയുടെ
നിഴൽ മാത്രം.
വൈദ്യങ്ങളെല്ലാം
തീർന്നവരുടെ
അവസാന വൈദ്യം
പ്രകൃതി ചികിൽസ.
പ്രകൃതിയിൽ നിന്ന്
നീകടമെടുത്തത്തെല്ലാം
തിരിച്ച് നൽകി
സ്വയം പ്രകൃതിയായ് മാറുന്ന
പ്രാകൃത ചികിത്സ.