പ്രകൃതിയൊരുക്കുന്ന വിഷുക്കണി

vishnukani-vishukaineetam-ritual-vishu-festival

 

ഉഴുത് പാകപ്പെടുത്തി വിളവിറക്കാൻ തയ്യാറായി നില്ക്കുന്ന കൃഷിയിടങ്ങളോ, വിത്തിറക്കാൻ തിടുക്കം കൂട്ടുന്ന കർഷകരോ കേരളത്തിനു വെറുമൊരു സ്വപ്നമാക്കികൊണ്ട് കാടും, പുല്ലും നിറഞ്ഞു പൊന്തകാടുകളായി പാമ്പുകൾക്കും, ക്ഷുദ്രജീവികൾക്കും വാസസ്ഥലമായി മാറി നമ്മുടെ കേരളം. എങ്കിലും ‘വിത്തും കൈകോട്ടും’ പാടി കർഷകനെ ജാഗരൂകരാക്കുന്ന വിഷുപക്ഷികളും, മേടമാസമായാൽ പച്ചപട്ടുമാറ്റി മഞ്ഞപട്ടണിയുന്ന കൊന്നപൂക്കളും മലയാള മണ്ണിൽ വിഷുവിന്റെ ഓർമ്മയ്ക്കായി നിലനില്ക്കുന്നു.

ചിങ്ങമാസം ഒന്നിനെയാണ് സാധാരണയായി മലയാളികൾ പുതുവത്സരമായി കണക്കാക്കാറുള്ളത്. പക്ഷെ ഇത് വിളവെടുപ്പിന്റെ പുതുവർഷമാണ്. ഗ്രിഗോറിയസ് കലണ്ടർ പ്രകാരം മലയാളവർഷം പിറക്കുന്നത് മേടമാസം ഒന്നിനാണ്. ഈ പുതുവർഷത്തെ സമ്പൽസമൃദ്ധിയും, ഐശ്വര്യവും, അഭിവൃദ്ധിയുംകൊണ്ട് നിറയ്ക്കാനാണ്, സാക്ഷാൽ ഭഗവാനോടുകൂടിയ നയനസമൃദ്ധമായ വിഷുകണി നാം കാണുന്നത്. വിഷുവെന്ന ആഘോഷത്തിനുപിന്നിൽ പുതുവർഷം എന്നതിലുപരി മറ്റു ചില ഐതിഹ്യങ്ങൾകൂടി പറയപ്പെടുന്നു. ഭഗവാൻ കൃഷ്ണൻ ജനങ്ങൾക്ക് അസഹ്യനായിതീർന്ന നരകാസുരനെകൊന്ന സന്തോഷം പടക്കംപൊട്ടിച്ചും, സദ്യയൊരുക്കിയും, സമൃദ്ധിയെ കണികണ്ടും വിഷുവായി ആഘോഷിയ്ക്കപ്പെടുന്നു. അഹങ്കാരം മൂത്ത രാവണൻ സൂര്യഭഗവാനെ ശരിയായി കിഴക്കുദിക്കിൽനിന്നും ഉദിയ്ക്കാൻ അനുവദിയ്ക്കാറില്ലെന്നും, രാവണൻ കൊല്ലപ്പെട്ട ദിവസം സൂര്യൻ നേരെ കിഴക്കുദിക്കിൽനിന്നും യാതൊരു തടസ്സവും കൂടാതെ മേടമാസം ഒന്നിന് ഉദിയ്ക്കാൻ തുടങ്ങിയതിന്റെ ഓര്മ്മയ്ക്കായി വിഷു ആഘോഷിയ്ക്കുന്നുവെന്നും പറയപ്പെടുന്നു. എന്നാൽ സൂര്യൻ മേടരാശിയിലേയ്ക്ക് മാറുന്നത് മേടമാസം ഒന്നിനാണെന്നു രാശിചക്രപ്രകാരം പറയുന്നു. ഇതേ ദിവസം രാവും പകലും തുല്യമാണെന്നും, നട്ടുച്ചയ്ക്ക് വെയിലിൽ നില്ക്കുന്ന ഒരു വസ്തുവിനും നിഴൽ ഉണ്ടാകില്ല എന്നും പഴയ ആളുകൾ പറയാറുണ്ട്. ആ ദിവസം പന്ത്രണ്ടുമണിയാകുമ്പോൾ വെയിലിൽ വടിനാട്ടി ഇത് ഞങ്ങൾ പരീക്ഷിച്ചറിഞ്ഞിട്ടുണ്ട്.
വിഷുവെന്നു പറയുമ്പോൾ എല്ലാവരുടേയും മനസ്സിൽ ഓടിവരുന്നത് വിഷുകണിയും, വിഷുകൈനീട്ടവും വിഷുപടക്കവുമെല്ലാമാണ്. എന്നാൽ വിഷുവിനെകുറിച്ചോർക്കുമ്പോൾ എന്റെ മനസ്സിൽ ഇതുകൂടാതെ ബാല്യകാലത്തെ വേറെകുറെ ഓർമ്മനുറുങ്ങുകളും ഓടിവരുന്നു.
കൊയ്ത്തുകഴിഞ്ഞു നെല്പാടങ്ങളിൽ പച്ചകറികൾ കൃഷിചെയ്യുന്നത് ഇക്കാലത്ത് പതിവായിരുന്നു. ഈ പച്ചകറികൾ ജലസേവനത്തിനായി പാടത്ത് പലസ്ഥലത്തും ഞെരുങ്ങിമൂളിയിരുന്ന തേക്കുകൊട്ട (കിണറ്റിൽ നിന്നും വെള്ളമെടുത്ത് ജലസേവനത്തിനായി ഉപയോഗിച്ചിരുന്ന മുളയും, കയറും, മരത്തിന്റെ വലിയ ചതുരത്തിലുള്ള പാത്രവും ചേർന്നുള്ള സംവിധാനം) പാടത്ത് വെള്ളരിചെടിയുടെ പച്ചിലയ്ക്കു മുകളിൽ വിളഞ്ഞു ലോകസുന്ദരി മത്സരത്തിനു സുന്ദരികൾ എന്നപോലെ കണിയ്ക്കു ഞാൻതന്നെ എന്ന ഭാവത്തിൽ സ്വർണ്ണവർണ്ണം സ്വായത്തമാക്കി നില്ക്കുന്ന വെള്ളരിക്കകൾ, പച്ചിലപന്തലിൽ നിന്നും വടിവൊത്ത് നിലം തൊട്ടുനിൽക്കുന്ന വെള്ളിനാഗംപോലുള്ള പടവലങ്ങകൾ, വള്ളിചൂരൽപോലെ ഇലകാണാത്തവിധം പൂത്തുനിൽക്കുന്ന പയർ, നിലത്തു പടർന്നു പന്തലിച്ചു കിടക്കുന്ന ഇലകൾക്കുള്ളിൽ ഒളിച്ചുകളിയ്ക്കുന്ന ഓറഞ്ചു നിറത്തിലുള്ള മത്തനും, വെള്ളപൂശിയ കുമ്പളങ്ങയും, മാവിൽ അരമണിപോലെ തൂങ്ങി കാറ്റിൽ ഊഞ്ഞാലാടുന്ന മാങ്ങ, തടിയുടെ നാണം മറയ്ക്കാനെന്നോണം തടിമുറ്റെ ഉണ്ടായിനിൽക്കുന്ന ചക്കകൾ, പൂത്തുലഞ്ഞു മതിമറന്നു നിൽക്കുന്ന പൂമരങ്ങൾ, പ്രകൃതി ഒരുക്കുന്ന ഇത്തരം നയനാനന്ദകരമായ കാഴ്ചതന്നെ വീണ്ടും വീണ്ടും ഓർത്ത് അയവിറക്കാവുന്ന കണിയല്ലേ!
‘ക്രിസ്തുമസ് ട്രീ’ പോലെ മഞ്ഞയും, ചുവപ്പും നിറത്തിലുള്ള കശുമാങ്ങകൾ കാറ്റിലാടികളിയ്ക്കുന്ന കശുമാവിൻ തോട്ടങ്ങൾ ഈ സമയത്തെ വേറൊരു കാഴ്ചയാണ്. വേനൽകാല അവധികാലത്ത് കശുവണ്ടി പൊട്ടിച്ചുകൊണ്ടുവരുന്നതും വൃത്തിയാക്കുന്നതും ഞങ്ങൾ കുട്ടികളുടെ ഉത്തരവാദിത്വമായിരുന്നു. എന്നും ശേഖരിയ്ക്കുന്ന കശുവണ്ടി യിൽനിന്നും ഒരുപിടി മാറ്റിവയ്ക്കും. വിഷുവിനു രണ്ടുദിവസം മുമ്പ് ഈ മാറ്റിവച്ച കശുവണ്ടി വിറ്റ പണംകൊണ്ട് ഞങ്ങൾ കുട്ടികൾക്കായി പടക്കവും, ലാത്തിരിയും, പൂത്തിരിയും വാങ്ങും. ഞങ്ങളെ ഏല്പിച്ച ജോലി കൃത്യമായി ചെയ്യുന്നതിന് അച്ഛൻ ഞങ്ങൾക്കുതരുന്ന ഒരു കൈമടക്കാണിതെന്നു പറയാം.
തലേദിവസം ഉറങ്ങാൻ കിടക്കുമ്പോൾ കണ്ണടച്ചാൽ ഉടൻ കണ്മുമ്പിൽ വിഷുകണി ഓടിവരും. അത്രയ്ക്കും ആകാംക്ഷയായിരുന്നു. ഞങ്ങളെല്ലാവരും ഉറങ്ങാൻ കിടനെന്നു ഉറപ്പുവരുത്തി അമ്മ വിഷുകണി തയാറാക്കിവയ്ക്കും. വെളുപ്പിനേ നാലുമണിയായാൽ വിളക്കുകൊളുത്തി അമ്മ കണികാണാൻ ഞങ്ങളെ വന്നു വിളിയ്ക്കും. പതിവുപോലെ പലവട്ടം വിളിയ്ക്കേണ്ട ബുദ്ധിമുട്ടൊന്നും അന്നില്ല. ഒരുവിളിയിൽ തന്നെ കണികാണാൻ തയ്യാറായി എഴുനേറ്റ് കണ്ണടച്ചിരുപ്പാകും. കണ്ണുമൂടിപിടിച്ചുകൊണ്ട് അമ്മ നടത്തികൊണ്ടുപോയി കണിയ്ക്കുമുന്നിലുള്ള ആവണപലകയിലിരുത്തി കണ്ണുതുറക്കാൻ പറയും. പൂവിതൾപോലെ വിരിയുന്ന കണ്ണിൽ സ്വർണ്ണ ഉരുളിയിൽ വച്ചിരിയ്ക്കുന്ന ഉണക്കല്ലരി പുതുവസ്ത്രം, സ്വർണ്ണനിറത്തിലുള്ള വെള്ളരിയ്ക്ക അതിൽ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന സ്വർണ്ണാഭരണങ്ങൾ, പണം, ഉരുളിയുടെ ഇരുവശങ്ങളിലായി കത്തിച്ചുവച്ചിരിയ്ക്കുന്ന തേങ്ങാവിളക്ക്, ഐശ്വര്യത്തിന്റെ പ്രതീകമായ അഞ്ചുതിരിയിട്ടു കത്തിച്ചുവച്ചിരിയ്ക്കുന്ന നിലവിളക്ക്, നിലവിളക്കിനുചുറ്റും ചക്ക, മാങ്ങ പടവലങ്ങ തേങ്ങ നെല്ല് തുടങ്ങിയ കാർഷികവിഭവങ്ങൾ, പിന്നെ കണികൊന്ന പൂവിനാൽ അലങ്കരിയ്ക്കപ്പെട്ട, വിളക്കിന്റെ പ്രകാശത്തിൽ വെട്ടിതിളങ്ങുന്ന സാക്ഷാൽ ഭഗവാൻ. ഇതെല്ലാം നോക്കി കാണുന്ന കണ്ണിൽ പുതുവർഷത്തിന്റെ ചൈതന്യം തുളുമ്പുന്നു. ഇതിൽ ശ്രദ്ധേയമായ മറ്റൊന്ന് മനുഷ്യർ മാത്രമല്ല കണികാണുന്നത് തൊഴുത്തിൽ കെട്ടിയിട്ടിരിയ്ക്കുന്ന പശുവിനും, മുറ്റത്ത് ഉറങ്ങുന്ന നായയ്ക്കും, കൂട്ടിലുറങ്ങുന്ന കോഴികൾക്കും കണികാണിയ്ക്കുന്നു. കണികൊണ്ട് അവരുടെ അടുത്തെത്തുമ്പോൾ എഴുനേറ്റുനിൽക്കുന്ന ആ മൃഗങ്ങളെകണ്ടാൽ ഭവവാനോടു മനുഷ്യനേക്കാൾ ആദരവ് അവർക്കാണെന്ന് തോന്നിപോകും കണികണ്ടതിനുശേഷം അച്ഛൻ ഞങ്ങൾക്കെല്ലാവർക്കും വിഷുകൈനീട്ടമായി ഇരുപത്തിയഞ്ച് അല്ലെങ്കിൽ അമ്പത് പൈസ തരും പിന്നെ പടക്കം, കമ്പിപൂത്തിരി, ലാത്തിരി എന്നിവ കത്തിച്ച് ആഘോഷത്തിനു തുടക്കമിടുന്നു. കണിവച്ച ചക്കകൊണ്ടുണ്ടാക്കിയ ചക്കപുഴുക്ക്, മാങ്ങ, വെള്ളരിക്ക എന്നിവകൊണ്ടുണ്ടാക്കിയ മാമ്പഴപുളിശ്ശേരി, ഉണക്കല്ലരി കൊണ്ടുണ്ടാക്കിയ പാൽപായസം എന്നിവയെല്ലാമാണ് വിഷുസദ്യയിൽ പ്രധാനം. എല്ലാവിഭവങ്ങളും തയ്യാറായി കഴിഞ്ഞാൽ പ്ലാവിലകുമ്പിളിൽ എല്ലാം പകർന്നെടുത്ത് കൊന്നപൂക്കൾകൊ ണ്ട് അലങ്കരിച്ച കൈകോട്ടിനാൽ മണ്ണിളക്കി എല്ലാ വിഭവങ്ങളും ഭൂമിദേവിയ്ക്കു സമർപ്പിച്ചതിനുശേഷമാണു എല്ലാവരും ആഹാരം കഴിയ്ക്കുന്നത് ഓരോ വീട്ടിലേയും വിഷുസദ്യ കഴിഞ്ഞാൽ മാലപടക്കം പൊട്ടിയ്ക്കും. ഇതിൽനിന്നും ഏതു വീട്ടിലെ വിഷുസദ്യ കഴിഞ്ഞു എന്ന് മനസ്സിലാക്കാം. വിഷുദിവസം പാടത്ത് ഒരൽപ്പമെങ്കിലും വിത്തുവിതയ്ക്കണമെന്നു നിർബന്ധാമാണു അന്നത്തെ കൃഷികാർക്കുണ്ടായിരുന്ന തന്റെ പണിയായുധങ്ങളോടും, മണ്ണിനോടുമുള്ള അമിതമായ വാത്സല്യം ഒരു നൊമ്പരംപോലെ മനസ്സിലെന്നും തങ്ങിനിൽക്കുന്നു.
കേരളീയർ കൊണ്ടാടുന്ന ഓരോ വിശേഷങ്ങൾക്കും അതിന്റേതായ അർത്ഥവും, നന്മയും പ്രയോജനവും ഉണ്ടായിട്ടും ഇന്നത്തെ തലമുറ നമ്മുടെ ഓരോ ആഘോഷത്തെയും ടെലിവിഷനിലും, മൊബയിൽ ഫോണിലൂടെയുള്ള ആശംസ സന്ദേശങ്ങളിലുമായി ഒതുക്കി നിർത്തുനത് നമ്മുടെ മലയാളമണ്ണിനെത്തന്നെ അപമാനിയ്ക്കുന്നതിന് തുല്യമാണ്.
ഓരോ ആഘോഷങ്ങളും നമ്മളെപോലെതന്നെ നമ്മുടെ കൊച്ചുതലമുറയ്ക്കും ഓർമ്മകൾ അയവിറക്കാനും, ഓർമ്മകൾ അവരുടെ തലമുറകൾക്കു പങ്കുവയ്ക്കാനും വിധം തനിമയോടെ ആഘോഷിയ്ക്കാനും അതിന്റെ ഐതിഹ്യങ്ങളെ നമ്മുടെ തലമുറയ്ക്കു കൈമാറാനും ഓരോ ആഘോഷവേളകളും നമുക്കും പ്രയോജനപ്പെടുത്തികൂടെ?
എല്ലാ വായനക്കാർക്കും എന്റെ വിഷു ആശംസകൾ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

 1. നന്മയുടെ മേടപ്പുലരി, വിഷു ……..
  മലയാളിയുടെ നാട്ടുപച്ചയുടെ സമൃദ്ധി കുടി വിലയിരുത്തുന്ന പുണ്യ ദിനം. മലയാളദേശത്തെ ഓർമ്മിപ്പിക്കുന്ന ഒരു സ്വർണ പുഷ്പം, കണിക്കൊന്ന.
  കണിക്കൊന്നയുടെ അഴകും ആഭിജാത്യവും മറ്റൊരു പുഷ്പത്തിനും ഇല്ല. കൈനീട്ടത്തിനൊപ്പം ഒരു കൊന്നപ്പൂവും.
  അതാണല്ലോ ആചാരം …… ലേഖനം നന്നായിരിക്കുന്നു.
  എല്ലാ വായനക്കാർക്കും ഐശ്വര്യം നിറഞ്ഞ ഒരു പുതുവത്സ ആശംസകൾ
  പ്രത്യേകിച്ചും ജ്യോതിലക്ഷ്മിക്ക്

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English