പ്രദീപന്‍ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്‌കാരം കെ.എച്ച്. ഹുസൈന്

മലയാള ഭാഷയ്ക്കു വേണ്ടി നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കായി കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഏര്‍പ്പെടുത്തിയ ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്‌കാരം ഈ വര്‍ഷം മലയാള കമ്പ്യൂട്ടര്‍ അധിഷ്ഠിത ലിപി വ്യവസ്ഥയുടെ ആവിഷ്‌ക്കര്‍ത്താവായ കെ.എച്ച്. ഹുസൈന് നല്‍കും. മലയാളത്തിന്റെ തനതുലിപി കമ്പ്യൂട്ടറില്‍ ആദ്യമായി സാദ്ധ്യമാക്കിയ അക്ഷരവേദിയുടെ മുഖ്യശില്പിയാണ് കെ.എച്ച്. ഹുസൈന്‍.1999 ല്‍ ഹുസൈന്റെ നേതൃത്വത്തില്‍ രൂപകല്പന ചെയ്ത രചന അക്ഷരങ്ങൾ മലയാള ലിപി വ്യവസ്ഥയെ അതിന്റെ എല്ലാ വൈപുല്യത്തോടെയും സൗന്ദര്യത്തോടെയും പുനരാവിഷ്‌കരിച്ചിട്ടുണ്ട്. മലയാളത്തില്‍ ആദ്യമായി കമ്പ്യൂട്ടര്‍ അധിഷ്ഠിത വിവരവ്യവസ്ഥ സജ്ജമാക്കിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെ അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ ഡിജിറ്റലൈസ് ചെയ്തുകൊണ്ട് 2006 ല്‍ ആരംഭിച്ച ഈ സംരംഭം ഇതിനകം 35 ലക്ഷം പേജുകള്‍ ആര്‍ക്കൈവ് ചെയ്തുകഴിഞ്ഞു. യൂണിക്കോഡിന്റെ ഭാഷാ സാങ്കേതികത രൂപപ്പെടുത്തുന്നതിലും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. പീച്ചിയിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സയന്റിസ്റ്റായി വിരമിച്ച ഹുസൈന്‍ ഭാഷാസാങ്കേതിക രംഗത്ത് ഇപ്പോഴും സജീവമായി പ്രവര്‍ത്തിച്ചു പോരുന്നു.ഡോ. സുനില്‍.പി.ഇളയിടം, ഡോ. വത്സലന്‍ വാതുശ്ശേരി, സര്‍വ്വകലാശാലാ രജിസ്ട്രാര്‍ ഡോ. ടി.പി. രവീന്ദ്രന്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.നവംബര്‍ ഒന്നാം തീയതി സംസ്‌കൃത സര്‍വകലാശാലയില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് പുരസ്‌കാരം സമ്മാനിക്കും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here