ഇന്നു ഞാന്‍ കണ്ണാടിയിലെന്
പ്രതിബിംബം കാണ്കേ
ഇതെന്നുടെ മുഖമല്ലെന്ന് ഞാനോര്‍ക്കുന്നു
കണ്ണാടിയും അതുതന്നെ പറയുന്നു
എന്നുറ്റ തോഴരെല്ലാം പറയുന്നു
ഇതു നിന്നുടെ മുഖമല്ല
നിന്റെ മുഖം എവിടെയെന്ന്
ആരായുന്നു സര്‍വ്വരും
കപടമീ പാരില്‍ വാഴുവാന്‍
ഞാനും യോഗ്യനാകുവാന്‍
നാട്യങ്ങള്‍ തദവസരത്തില്‍ മിന്നിമറയും
ഒരു പൊയ്മുഖമെടുത്തണിഞ്ഞിരിക്കുകയാണിന്ന്
പ്രായോഗികതയുടെ പൊയ്മുഖം
നിര്‍വ്വികാരതയുടെ പൊയ്മുഖം
നിസ്സംഗതയുടെ പൊയ്മുഖം
എന്റെയാ പഴയ മുഖത്ത്
അശരണര്‍ തന് ആര്‍ത്തനാദങ്ങള്‍
കൂരമ്പുപോല്‍ തറയ്ക്കും രണ്ടുശ്രവണികളുണ്ട്
കദനങ്ങള്‍ കേള്‍ക്കുമ്പോള്‍
കണ്ണീരുപൊടിയും രണ്ടുനയനങ്ങളുണ്ട്
അനീതി കാണുമ്പോള്‍ ഒരല്പ്പമ്പോലും
അടങ്ങിയിരിക്കാത്ത ഒരു നാവുണ്ട്
ചീഞ്ഞുനാറും മര്ത്ത്യമനസ്സിന് ദുര്‍ഗന്ധം
തിരിച്ചറിയാന്‍ ഒരു നാസികയുമുണ്ട്
ഉരുളന്‍കല്ലുകള്‍ പാഞ്ഞുവന്നാ
നയനങ്ങള്‍ കുത്തിപൊട്ടിക്കാതിരിക്കാന്
കൂര്‍ത്ത വാളോടി വന്നാ
നാക്കറുത്തെടുക്കാതിരിക്കാന്
ഞാനെന്‍ മുഖം അഴിച്ചെടുത്ത്
ഒരിടത്തുഭദ്രമായിട്ടെടുത്തു വെച്ചിട്ടുണ്ട്
എന്നേലുമീ ലോകം മാറുകയാണേല്‍
എടുത്തണിയുവാനായി
ഇന്നു കാണുന്നതും കേള്‍ക്കുന്നതുമെല്ലാം
ഒരു തമാശയായി തോന്നുന്ന
മിണ്ടാട്ടം മുട്ടിപോയ
ഒരു സര്ക്കസ്സ്കോമാളിയുടെ മുഖമാണെനിക്ക്
അംഗവൈകല്യമില്ലാതെ, അസ്വസ്ഥകളില്ലാതെ
ആയുസ്സറ്റു പോകാതെ, ഉലകമിതില്‍
വാഴുവാനിതുപോലൊരു
പൊയ്മുഖമണിയുക നിങ്ങളും കൂട്ടരേ.