ഒരു പകൽ നീളത്തിൽ മിന്നിമാഞ്ഞനവധി പൊയ്മുഖങ്ങൾ.
ഇനിയൊരു പൊയ്മുഖം ദർശിക്കാതെയരുണനും പോയി മറഞ്ഞു.
ചിരിച്ചടുക്കും സുഹൃത്തിന്നുള്ളിൽ ഒളിച്ചിരിക്കും വേറൊരു ഭാവം.
ഒരു വരം എനിക്കു നൽകുകിൽ ചോദിക്കും ഞാൻ ദൈവത്തോടായി,
മനസു വായിച്ചെടുക്കുവാൻ എനിക്കൊന്ന് കഴിഞ്ഞിരുന്നുവെങ്കിൽ…
എന്നിലടങ്ങാത്ത നോവായി നിലകൊള്ളുമീ
മനുഷ്യരിൻ പൊയ്മുഖങ്ങൾ…..
കൊതിപ്പൂ ഞാൻ എന്നുമാ ബാല്യകാലം!
എന്നുള്ളിൽ ബാല്യം ഒരു വട്ടം കൂടി പിറന്നെങ്കിൽ….
നിഷ്കളങ്കമായോന്നു ചിരിക്കുവാനായെങ്കിൽ…
മറവിതൻ ഏടുകൾ പുൽകുമോരോ പുലരികളു-
മെന്നായുസ്സു കാർന്നു തിന്നുമ്പോഴും,
മരണം എന്ന സത്യം മന്ദമായടുക്കുമ്പോഴും,
ഞാൻ അറിയുന്നില്ലെന്നിലെ ബാല്യം എന്നേ മരിച്ചെന്നു,
ഞാനും ഇന്നൊരു പൊയ്മുഖമാണെന്നു.