പൊയ്‌മീശ

മലയാള സാഹിത്യരംഗം ഇന്നു പൊയ്‌മീശക്കാരുടെ കയ്യിലാണു .ചൂരും ചുണയുമുണ്ടായിരുന്ന കാലത്തു ,അക്കാലത്തിന്റെ അഭിരുചികള്‍ അറിഞ്ഞെഴുതി , പേരു സമ്പാദിച്ചു , പിന്നീടു , അത് ദുരുപയോഗം ചെയ്‌തു ഓടസാഹിത്യം എഴുതിക്കൂട്ടി , കാശു കൂടുതല്‍ കൊടുക്കുന്ന പ്രസാധകനു വിറ്റു , ഭരിക്കുന്നവരെ സേവ പിടിച്ചു അവാര്‍ഡുകള്‍ തരപ്പെടുത്തി , പറ്റുന്നതൊക്കെ സിനിമയാക്കി , സാഹിത്യത്തിന്റെയും കലയുടെയും കലാകാരന്മാരുടെയും ധര്‍മ്മങ്ങള്‍ മറന്നു ,സമൂഹത്തെ പൊതുവെ ബാധിച്ചിരിക്കുന്ന ദ്രവ്യമോഹത്തിന്റെ അഴുക്കുചാലിലൂടെ പോകുന്ന മിക്ക മുന്‍നിര സാഹിത്യകാരന്മാരെയും പിന്‍പറ്റി , ‘ മുഗ്ദ്ധയാം നവോഢയെപ്പോലെയിരിപ്പിവള്‍ മുത്തിയാണു ..’ എന്നപോലെ , നൂറ്റാണ്ടു പിന്നിട്ട കലാസങ്കേതങ്ങളെ അതേപടി പിന്‍പറ്റി , ബഷീറിന്റെ ‘ ബാല്യകാലസഖി ‘ യെ ഓര്‍മ്മപ്പെടുത്തുന്ന റീയലിസവും സെന്റിമെന്‍സും നിറച്ചു ,അവതരണത്തിലും പ്രമേയത്തിലുമൊന്നും എടുത്തുപറയത്തക്ക പുതുമകള്‍ ഒന്നുമില്ലാതെ സാഹിത്യം ചമച്ചു ,മൂക്കില്ലാരാജ്യത്തെ മുറിമൂക്കരായി കടന്നുവരുന്ന പുതുമുഖരും , ഭരതന്റെയും ,പത്‌മരാജന്റെയും ഐ വി ശശിയുടെയും സിനിമകളിലേക്കു , (അവയുടെ കലാമൂല്യത്തിനപ്പുറം ) ,ഒരു കാലത്തു , നമ്മെ ആകര്‍ഷിക്കാന്‍ എടുത്ത വിപണനതന്ത്രത്തിന്റെ നൂറിരട്ടി തന്ത്രമെടുത്തു , (പലപ്പോഴും അതിന്റെ ഉള്‍കാമ്പില്ലാഴികയെ മറയ്ക്കുന്ന തരത്തില്‍ , പലപ്പോഴും കൃത്രിമമായും ആസൂത്രിതമായും .) പ്രകോപനങ്ങള്‍ ഉണ്ടാക്കി , തര്‍ക്കങ്ങളും വിവാദങ്ങളുമുണ്ടാക്കി ,ആളുകളെക്കൊണ്ടു പറയിക്കാന്‍ ചൊടിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ കാണിച്ചുകൂട്ടി , പക്ഷം തിരിയാന്‍ പ്രേരിപ്പിച്ചു , പിന്നീടു ,അമ്മയെയും പെങ്ങളെയും പോലും വെറുതെ വിടുന്നില്ല എന്ന് വ്യസനം ഭാവിച്ചു ,വാവിട്ടുനിലവിളിച്ചു ,സഹതാപം നേടിയെടുത്തു ,( ഇതിനിടയിലും പത്രക്കാര്‍ക്കു പോസ് ചെയ്യുമ്പോള്‍ ചന്ദനക്കുറി തൊടാന്‍ മറക്കാതെ ) , ‘ സമൂഹം പാകപ്പെടുമ്പോള്‍ പ്രസിദ്ധീകരിക്കും ‘ എന്നൊരു ഗംഭീരവാചകമെഴുതി , ഗത്യന്തരമില്ലാതെ പിന്‍വലിക്കേണ്ടിവന്നതില്‍ ,പ്രസാധകരോടു നിരുപാധികം ക്ഷമ ചോദിച്ചു പിന്‍വലിച്ചു , അതിനകം ,അത്തരം വലിയ കോലാഹലങ്ങളിലൂടെ തന്റെ ഉല്പന്നത്തിനു വേണ്ടത്ര വിപണി ഉണ്ടെന്നു ഉറപ്പാക്കി , മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ചു ചോരകുടിക്കുന്ന പഴയ തന്ത്രം കൂടുതല്‍ മെച്ചത്തില്‍ ഇപ്പോഴും പയറ്റുന്ന വന്‍മടിശീലക്കാരര്‍ പ്രസാധകന്‍ വച്ചുനീട്ടുന്ന പണക്കിഴി കണ്ടു കണ്ണുമഞ്ഞളിച്ചു ,അയാള്‍ക്കതു വില്‍ക്കുന്നതു വഴി നമ്മുടെ സാഹിത്യത്തെയും കലയെയും മൂല്യബോധങ്ങളെയുമൊക്കെ മറിച്ചു വില്‍ക്കുന്ന , ഒറ്റുകൊടുക്കുന്ന ‘ പൊയ്‌മീശ വച്ച യൂദാസ്സുകള്‍ നമ്മുടെ സാഹിത്യത്തെയും സമൂഹത്തെയും യാതൊരു രീതിയിലും പോഷിപ്പിക്കാന്‍ വന്നവരല്ല എന്ന തിരിച്ചറിവു വേണം .. ‘

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English