മൂന്നുപേരാണ് അവിടെ ഉണ്ടായിരുന്നത് .മൂന്നു പേർ എന്നാൽ മൂന്നു വാഹനങ്ങൾ എന്നും അർത്ഥമാക്കാം .ഒരു കാർ ,രണ്ടു ബൈക്കുകൾ .കാറിനുള്ളിലെ ആളുകളെ കാണുന്നില്ലായിരുന്നു .ഒരു ബൈക്കിൽ അയാളും മറ്റൊരു ബൈക്കിൽ ഒരു യുവതിയും യുവാവും .ക്ഷേത്രമുറ്റം പരന്നു കിടക്കുന്നു .ഉത്സവങ്ങൾ ഉള്ള സമയങ്ങളിൽ ജനനിബിഢമാകുന്ന ഇവിടങ്ങളിൽ മറ്റു സമയങ്ങളിൽ ആളൊഴിഞ്ഞു കിടക്കും .അയാളായിരുന്നു ആദ്യമെത്തിയത് .ചില്ലകൾ ഞാന്നുകിടന്നിരുന്ന ഒരു പേരാൽ മരത്തിന്റെ ചുവട്ടിലാണ് അയാളും ബൈക്കും സ്ഥാനം പിടിച്ചത് .പിരിയൻ ഗോവണിപോലെയോ കാപ്പിരി യുവതികളുടെ തലമുടി പോലെയോ ശിഖരത്തിൽ നിന്നും താഴേക്ക് തൂങ്ങിക്കിടക്കുന്നത് വേരുകളോ ചില്ലകളോ ആണെന്ന സംശയം മുമ്പെന്നത്തേയും പോലെ അന്നും അയാളിൽ പടർന്നുകയറി .തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ അനുഭവിച്ചിരുന്ന മാനസിക സംഘർഷങ്ങൾ എല്ലാം തന്നെ ആലിൻ ചുവട്ടിലെ പിരിയൻ ചില്ലകൾ ഏറ്റെടുത്തു .ആൽച്ചുവട്ടിൽ ചമ്രം പടിഞ്ഞിരിക്കാനാണ് തോന്നിയതെങ്കിലും വെള്ള മുണ്ടും ആലിൻ ചുവട്ടിലെ ചെളിയും സംയുക്തമായി അയാളെ ആ ശ്രമത്തിൽ നിന്നും പിന്തിരിപ്പിച്ചു .ബൈക്കിനു മുകളിൽ തന്നെ ഇരിപ്പുറപ്പിച്ചുകൊണ്ടയാൾ കെട്ടുപിണഞ്ഞ വള്ളികളിലൂടെ കണ്ണോടിച്ചു .
ക്ഷേത്രമുറ്റം വലിയൊരു മൈതാനത്തിന്റെ ആകൃതിയിൽ നിവർന്നു കിടക്കുകയാണ് .പേരാലും മറ്റു വൃക്ഷങ്ങളും തണലേകിക്കൊണ്ട് സാന്നിധ്യം അറിയിക്കുന്നുണ്ട് .ഭഗവാൻ ക്ഷേത്രാങ്കണത്തിൽ മറ്റൊരു ആൽത്തറയിൽ വിശ്രമിക്കുന്നു .ഇത്രയും അകലെനിന്നല്ലാതെ ഇതുവരെ ഭഗവാനെ കണ്ടിട്ടില്ല ,അകത്തുള്ള ഭഗവതിയെയും. ക്ഷേത്രവും വിഗ്രഹവുമെല്ലാം അയാൾക്കിന്നും അന്യമായി തുടരുന്നു .ക്ഷേത്രത്തിന്റെ എതിർവശത്തുള്ള വലിയ വാതിൽ എപ്പോഴും അടഞ്ഞു കിടന്നിരുന്നു .അതിനുള്ളിലെ കെട്ടിടങ്ങളുടെ മുകൾഭാഗം മാത്രം അകലെ കാണാം.
ആരാധനാലയങ്ങൾ എന്തുകൊണ്ടാണ് പലരെയും
അകറ്റിനിർത്തുന്നത് ? ചിലരിൽ മാത്രം തൃപ്തനാവുന്ന ദൈവം കുടിയിരിക്കുന്നതുകൊണ്ടാവുമോ അതോ ദൈവ കൽപ്പന നടപ്പിലാക്കാൻ ചുമതലപ്പെട്ടവരുടെ താല്പര്യങ്ങളോ അറിയില്ല .ഇന്നും പല ആരാധനാലയങ്ങളും ദൂരെ നിന്നും കാണാൻ മാത്രമേ കഴിയുന്നുള്ളൂ ..
ഇതിനിടയിൽ എപ്പോഴോ ആണ് അയാളെക്കൂടാതെ ആ രണ്ടു വാഹനങ്ങൾ കൂടി എത്തിയത് . കാറിനുള്ളിൽ നിന്നും ശബ്ദങ്ങളൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല .മറുവശത്തു ബൈക്കിൽ വന്ന യുവതിയും യുവാവും ഫോണിൽ ആരോടോ സംസാരിക്കുന്നത് കാണാമായിരുന്നു .
മൂന്നാളുകളും മൂന്നു വാഹനങ്ങളും ഓരോ വശങ്ങളിലുള്ള വൃക്ഷങ്ങൾക്ക് കീഴിലായിരുന്നു .കാറിനുള്ളിലേക്കയാളുടെ സദാചാര കണ്ണുകൾ അറിയാതെ പാളിനോക്കി പെട്ടെന്ന് തന്നെ പിൻവലിക്കുകയുണ്ടായി .തെല്ലകലെ ആയതിനാൽ സൂക്ഷിച്ചു നോക്കിയാലും ഉള്ളിലുള്ളവരെ കാണാൻ കഴിയുമായിരുന്നില്ല .തന്റെ ഉള്ളിലും കാമക്കണ്ണുള്ള ഒരു ഒളിഞ്ഞു നോട്ടക്കാരൻ ഉണ്ടെന്ന സത്യം അയാളിൽ തെല്ലു നിരാശയുളവാക്കി . അളവിൽ ഏറ്റക്കുറച്ചിൽ ഉണ്ടാവുമെങ്കിലും എല്ലാവരുടെ ഉള്ളിലും ഇത്തരമൊരാൾ കാണും .ചിലപ്പോൾ അതൊരു ജിജ്ഞാസയുടെ ഭാഗമാവാനും മതി .അയാൾ ആശ്വസിക്കാൻ ശ്രമിച്ചു .
എന്തായാലും കുറച്ചു മണിക്കൂറുകൾക്കു മുമ്പ് വരെ തന്നെ അലട്ടിയിരുന്ന ഒരു സംഗതിയും ഇപ്പോൾ മനസ്സിലേക്ക് വരുന്നില്ലെന്നയാൾ തെല്ലത്ഭുതത്തോടെ ഓർത്തു .ഇപ്പോൾ ഒരിക്കലും കാലുകുത്താൻ കഴിഞ്ഞിട്ടില്ലാത്ത അമ്പലവും ആൽമരത്തിന്റെ വേരുകളും എന്തോ ഒളിപ്പിച്ചുകൊണ്ടു മുന്നിൽ കിടക്കുന്ന കാറും ഫോൺ വിളിയിൽ മുഴുകിയിരിക്കുന്ന രണ്ടാളുകളും അയാളെ വലയം ചെയ്‌തുകൊണ്ടേ ഇരിക്കുന്നു .
ഇനിയും രണ്ടുപേരാണ് അരങ്ങത്തേക്ക് വരാനുള്ളത് .ഏതാനും മിനിറ്റുകൾക്കുള്ളിൽ ആദ്യത്തെയാൾ പ്രത്യക്ഷപ്പെടും .കാറിനെ അണിയറയിലേക്കു മടക്കി അയക്കുക എന്ന ലക്ഷ്യമാണ് ക്ഷേത്രം ജീവനക്കാരൻ എന്ന് തോന്നിപ്പിക്കുന്ന അയാൾക്കുള്ളത് .മറ്റൊരാൾ അയാൾക്ക് മുന്നിലൂടെ നടന്നുപോകുന്ന ഒരു സ്ത്രീയും .അതുവരേക്കും വലയം ഭേദിക്കാതെ ഇവരുടെ ഭ്രമണം തുടർന്നുകൊണ്ടേയിരുന്നു .
അയാളാകട്ടെ ബൈക്കിൽ നിന്നും ഇറങ്ങി ആല്മരച്ചുവട്ടിൽ ചമ്രം പടിഞ്ഞിരുന്നു .
ആരോടോ ഫോണിൽ ഉറക്കെ സംസാരിച്ചുകൊണ്ട് ആദ്യത്തെയാൾ ക്ഷേത്രമൈതാനത്തു പ്രത്യക്ഷനായപ്പോൾ അയാൾ കണ്ണുകളടച്ചു കിടക്കുകയായിരുന്നു .
മൂന്നു വാഹനങ്ങളെയും മാറി മാറി നോക്കിയ അയാൾ വളരെ ഉത്സാഹത്തോടെ കാറിനടുത്തേക്ക് ചെന്നു.അയാളുടെ ചോദ്യങ്ങൾക്കു മറുപടി നൽകിയത് ഒരു സ്ത്രീയായിരുന്നിരിക്കണം .പതിഞ്ഞ ശബ്ദമാണ് കേട്ടത് .കുറച്ചു നിമിഷങ്ങൾക്കകം തന്നെ ആ കാർ വളരെ വേഗത്തിൽ ക്ഷേത്ര മുറ്റത്തുനിന്നും അപ്രത്യക്ഷമായി .തികഞ്ഞ ചാരിതാർഥ്യത്തോടെ ക്ഷേത്രജീവനക്കാരൻ അമ്പലത്തിനകത്തേക്കു നടന്നു .പോകുന്നതിനിടയിൽ അയാളെയും മറ്റു രണ്ടുപേരെയും പുരികം ചുളിച്ചുകൊണ്ട് നോക്കുകയുണ്ടായി .അപ്പോഴും ഫോണിൽ സംസാരിക്കുകയായിരുന്ന അവർ ആ ജീവനക്കാരനെ ഗൗനിച്ചതേയില്ല .അയാളാകട്ടെ ആ ഇരുത്തം ഒന്നുകൂടി വിശാലമാക്കുകയാണ് ചെയ്തത്.
ജീവനക്കാരൻ വീണ്ടും ഫോണിൽ ഉറക്കെ സംസാരിച്ചുകൊണ്ട് അകത്തേക്ക് നടന്നു.
പിന്നീട് വന്നത് ഒരു സ്ത്രീയായിരുന്നു .നാല്പതിനോടടുത്ത പ്രായം തോന്നിക്കുന്ന അവരെ അടുത്തെത്തിയപ്പോഴാണ് അയാൾ കാണുന്നത് അതുകൊണ്ടു തന്നെ അവർ ഏതുവഴിയാണ് വന്നതെന്ന് അയാൾക്ക് മനസ്സിലായില്ല .അവർ അയാളെ സാകൂതം വീക്ഷിച്ചുകൊണ്ട് നടന്നു നീങ്ങി .ഒരു കമാനം മാത്രമാണ് ക്ഷേത്രമുറ്റത്തേക്കു പ്രവേശിക്കാനുള്ള വഴി എന്നതിനാൽ അവരുടെ ആഗമനം അതിലൂടെ തന്നെ ആയിരിക്കണം.അവരുടെ നിതംബചലനങ്ങളിലാണ് അയാളുടെ കണ്ണുകൾ ഉടക്കിയത് .ഛേ എന്തൊരു മനുഷ്യനാണ് താൻ എന്നയാൾ ഉടനെ ചിന്തിക്കുകയും ചെയ്‌തു.കണ്ണുകൾ എന്തൊക്കെ അപരാധങ്ങളാണ് ചെയ്തുകൂട്ടുന്നത് .ഒരുവേള മനസ്സും അതിനനുസൃതമായി ചലിക്കുന്നുണ്ടോ .കണ്ണുകൾ വീണ്ടും വിലക്കിനെ മറികടന്നുകൊണ്ട് നീങ്ങി .ആ സ്ത്രീ അടഞ്ഞുകിടക്കുന്ന ആ വലിയ വാതിലിനടുത്തേക്കാണ് നീങ്ങുന്നത് . ക്ഷേത്രത്തിനു നേരെ എതിർവശമുള്ള ആ വാതിൽ ഉത്സവത്തിന്റെ സമയങ്ങളിൽ മാത്രേ തുറക്കുന്നത് കണ്ടിട്ടുള്ളൂ .അതിനുള്ളിൽ കൊട്ടാരക്കെട്ടിടങ്ങളാണ് .അവിടേക്ക് രാജകുടുംബത്തിൽ പെട്ടവരും തന്ത്രിമാരും അല്ലാതെ ആരും പ്രവേശിക്കാറില്ല എന്നാണ് കേട്ടിരുന്നത് .അങ്ങനെവരുമ്പോൾ ഇവർ രാജകുടുംബത്തിലെ ആരെങ്കിലും ആവണം .
ആ വാതിലിനു അമ്പതടിയോളം ഉയരമുണ്ടാകും .അതിനു മുകളിൽ ഒരു കമാനവും .ഗജവീരന്മാർ അതിലൂടെ എഴുന്നെള്ളുന്നത് ചെറുപ്പത്തിൽ എന്നോ കണ്ടിട്ടുണ്ട് .അന്നാരും കാണാതെ അതിനുള്ളിൽ കയറാൻ ശ്രമിച്ച കൂട്ടുകാരന് തല്ലുകിട്ടിയതും പിന്നീടവർ കൊട്ടാരം ശുദ്ധമാക്കിയ കഥയും ഓർമയിൽ വന്നു .പുളിവാറൽ കൊണ്ടടികിട്ടിയ അവന്റെ ശരീരത്തിലെ മുറിവുകൾ പഴുത്തപ്പോൾ അത് ഭഗവതിയുടെ കോപമാണെന്നാണ് ആളുകൾ പറഞ്ഞത് .എങ്കിലും അതിനുള്ളിൽ കയറിയ അവനെ ആരാധനയോടെയാണ് ഞങ്ങൾ കൂട്ടുകാർ പിന്നീട് കണ്ടത് .അതിനുള്ളിൽ സ്വർണം കൊണ്ടുള്ള വാതിലുണ്ടെന്നും കൊട്ടാരം വലിയ മലയുടെ ഉയരമുള്ളതാണെന്നും അങ്ങനെയെന്തൊക്കെയോ അവൻ പറഞ്ഞിരുന്നതായി ഓർമയിൽ വന്നു .
കോട്ടവാതിലിനടുത്തെത്തിയപ്പോൾ ആ സ്ത്രീ തിരിഞ്ഞു നിന്നുകൊണ്ടയാളോട് വരാൻ ആംഗ്യം കാണിച്ചു .അവിശ്വസനീയതയോടെ അയാൾ പിറകിലേക്ക് തിരിഞ്ഞുനോക്കിയെങ്കിലും ക്ഷേത്രമുറ്റം ശൂന്യമായിരുന്നു അപ്പോൾ.. .മൊബൈലിൽ സംസാരിച്ചിരുന്ന യുവതീയുവാക്കൾ പോയിരുന്നു .
ആ സ്ത്രീ അയാളെയും കാത്തു നിൽക്കുകയാണ് ആ കോട്ടവാതിലിനരികെ.മുണ്ടിൽ പറ്റിയിരിക്കുന്ന ചെളി കൈകൊണ്ടു തട്ടിക്കളയാൻ ഒരു വൃഥാ ശ്രമം നടത്തിക്കൊണ്ടയാൾ അവരെ ലക്ഷ്യമാക്കി നടന്നു.അയാളുടെ മനസ്സിൽ അപ്പോൾ മറ്റൊന്നും ഉണ്ടായിരുന്നില്ല, വാതിലിനപ്പുറവും ആ സ്ത്രീയും മാത്രം.അവരാകട്ടെ അയാളെത്തന്നെ നോക്കിക്കൊണ്ട് ആ വാതിലിനരികിൽ നിൽക്കുകയാണ് .അകത്തേക്ക് കടക്കാനായി വാതിലിന്റെ ചെറിയൊരു ഭാഗം തുറന്നുകിടക്കുന്നുണ്ട് .ആ സ്ത്രീയുടെ പിന്നാലെ അകത്തേക്ക് കടക്കുന്നതിനു മുമ്പായി അയാൾ തിരിഞ്ഞുനോക്കി .ദൂരെ ആല്മരച്ചുവട്ടിൽ അയാളുടെ ബൈക്കും തെല്ലകലെ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന സ്ത്രീയും പുരുഷനും ,നിർത്തിയിട്ടിരിക്കുന്ന കാറും .കുറച്ചു സമയങ്ങൾക്കു മുമ്പേ മനസ്സെടുത്ത ഫോട്ടോഗ്രാഫി ആയിരിക്കാം .ബൈക്കിനു മുകളിൽ ആരോ ഇരിക്കുന്നുണ്ടോ ? അയാളുടെ മുന്നിലെ വാതിലടഞ്ഞു .
സ്വർണം പൂശിയ വാതിൽപ്പടികൾക്കു പകരം കൊത്തുപണികളാൽ അലംകൃതമായ വാതിലാണ് അയാൾക്ക് കാണാൻ കഴിഞ്ഞത്.കൊട്ടാരം അയാൾക്ക് മുന്നിൽ ഭീമാകാരനായ ഒരു രാക്ഷസനെപ്പോലെ നിലകൊണ്ടു. മുറ്റത്തൊരു കോണിലായി നിന്നിരുന്ന കൊമ്പന്റെ അലർച്ച കർണ്ണങ്ങൾ തുളച്ചിറങ്ങി .മൈതാനത്തിലിരിക്കുമ്പോൾ ഒരു ശബ്ദവും കേൾക്കാറില്ലെന്നയാൾ ഒട്ടൊരു വിസ്മയത്തോടെ ഓർക്കുകയും ചെയ്‌തു .
“എന്റെ നിതംബങ്ങളാണോ അതോ മറഞ്ഞിരിക്കുന്ന ഈ കൊട്ടാരക്കെട്ടുകളാണോ എന്നെ പിന്തുടരാൻ നിങ്ങളെ പ്രേരിപ്പിച്ചത് .?”
ആ സ്ത്രീയുടെ ചോദ്യം കേട്ട് അയാൾ അമ്പരന്നു .സത്യത്തിൽ അവരെ പിന്തുടരാൻ പ്രേരിപ്പിച്ചതെന്തെന്ന് അയാൾക്ക് ഓർത്തെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല .പക്ഷെ തന്റെ ആ നോട്ടം അവരെങ്ങനെ കണ്ടു എന്നോർത്തയാൾ അസ്വസ്ഥനായി . അവരുടെ മുഖത്തേക്ക് നോക്കാനാവാതെ അയാൾ തലകുനിച്ചു .
“ഞങ്ങൾക്ക് പിന്നിലും കണ്ണുകൾ ഉണ്ടെന്നത് നിങ്ങൾ ഓർക്കാത്തതെന്ത്..അകത്തേക്ക് വരൂ.. ഞാനിവിടം നിങ്ങളെ കാണിക്കാം .”
അയാൾ തെല്ലു പരിഭ്രാന്തനായി വാതിലിനു നേരെ നോക്കി .അടഞ്ഞു കിടക്കുകയായിരുന്ന വാതിലിനു നേരെ നോക്കി അയാൾ പറഞ്ഞു
“വേണ്ട ഞാൻ പോയ്‌ക്കോട്ടെ ”
അവർ അയാളുടെ കയ്യിൽ പിടിച്ചു .മൃദുലമായ ആ സ്പർശം അയാളിൽ എന്തൊക്കെയോ നിറച്ചു .
“എന്ത് ? പുരുഷന് പേടിയോ …അതും ഒരു സ്ത്രീയെ” അവൾ ചിരിച്ചു ..”
അവളുടെ സംസാരവും സ്പർശവും അയാളിൽ ധൈര്യം പകർന്നു.
“ഞങ്ങൾക്കിവിടെ പ്രവേശനം നിഷേധിക്കപ്പെട്ടതല്ലേ ..അതുകൊണ്ടാണ് അല്ലാതെ …” അയാൾ അർധോക്തിയിൽ നിർത്തി .
“വർണ്ണങ്ങളും ജാതിയുമെല്ലാം അകറ്റിനിർത്താനുള്ള മാർഗമാക്കി മാറ്റിയത് ദൈവങ്ങൾ ആവില്ല .കാരണം ചില വിഭാഗത്തിന് തീണ്ടാപ്പാടകലെ നിര്ത്താന് വേണ്ടി മാത്രം ദൈവം മറ്റു ചിലരെ സൃഷ്ടിക്കുമോ ? നിങ്ങളെ ഞാൻ അകറ്റാനല്ല അടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് ..”
അവൾ പടിക്കല്ലുകൾ കയറാൻ തുടങ്ങി ..
ആ കൊമ്പന്റെ ഗർജനം ഉച്ചസ്ഥായിയിൽ ആയിരുന്നു അപ്പോഴേക്കും
നടുമുറ്റത്തെത്തുവോളം അവരൊന്നും സംസാരിച്ചില്ല .കൊട്ടാരമുറ്റത്തെത്തിയതുമുതൽ അത്ഭുതലോകം കാണുന്ന കുട്ടിയുടെ മാനസികാവസ്ഥയിൽ ആയിരുന്നു അയാൾ .തീണ്ടാപ്പാടുകളുടെ ചുവന്നവരകൾ കണ്ട ബാല്യം ചിലസമയങ്ങളിൽ പേടിയുയർത്തിയെങ്കിലും മറ്റാരെയും അവിടെ കാണാത്തതിനാൽ അയാൾ ആശ്വാസം കൊണ്ടു. കൊത്തുപണികൾ കൊണ്ടലംകൃതമായ ഇടനാഴികളും ചുവര്ചിത്രങ്ങളുമെല്ലാം അയാൾക്ക് പുതിയൊരനുഭവമായിരുന്നു .
നടുമുറ്റത്ത് വലിയൊരു കളം ഒരുക്കിയിരുന്നു .അതിൽ കടും വർണ്ണങ്ങളിലുള്ള ചായങ്ങളും.അവൾ അയാളെ അവിടെ ഇരുത്തിയതിനു ശേഷം അകത്തേക്കുപോയി .അയാൾ ആ വര്ണങ്ങളിലേക്കു സൂക്ഷിച്ചുനോക്കി .അതിൽ ക്ഷേത്രമൈതാനവും ആ മൂന്നുപേരെയും കാണാമായിരുന്നു .ബഹുവര്ണങ്ങള് നിറഞ്ഞ ക്ഷേത്രമൈതാനം ചിലപ്പോൾ തന്റെ ഭൂതക്കാഴ്ചയുടെ പരിഛേദം തന്നെയാവാം.കാറിലിരിക്കുന്ന സ്ത്രീയുടെ കൈകളിലെന്തോ ആയുധം കാണുന്നു .വർണ്ണങ്ങൾ ചലിക്കുകയാണ് .അവളുടെ നാവിൻ തുമ്പിൽ ചോര പൊടിഞ്ഞിരിക്കുന്നു .കൂടെയുള്ള പുരുഷൻ പിടയുന്നതാണ് കാണുന്നത് .ചോരയുടെ നിറമുള്ള ചുവപ്പു വർണ്ണമാകെ കളത്തിൽ നിറഞ്ഞിരിക്കുന്നു .അവ ഒരു ഋജുരേഖയായ് പരിണമിച്ചുകൊണ്ട് ഓടുന്ന കാറിനടിയിലൂടെ നൃത്തം ചെയ്യുന്ന ദൃശ്യം വർണ്ണങ്ങളിൽ കണ്ട അയാൾ ഇരുകൈകൊണ്ടും കണ്ണുകൾ പൊത്തി.
അയാളുടെ ചുമലിൽ ആ മൃദുലമായ കരങ്ങൾ പതിഞ്ഞപ്പോഴാണ് അയാളുണർന്നത് .ആ കളത്തിനു മുന്നിൽ അയാൾ ഇരിക്കുകയായിരുന്നു അപ്പോൾ .പൂർണ്ണ നഗ്നനായിരുന്നു അയാൾ .അയാളുടെ എതിർവശത്ത് അവളും ഇരിക്കുന്നുണ്ടായിരുന്നു നഗ്നയായി തന്നെ .കടുംവർണ്ണത്തിലുള്ള ചായങ്ങൾ വാരിപ്പൂശിയിരുന്നു ഇരുവരുടെയും മേലാകെ .മുന്നിലുള്ള കളത്തിൽ നിന്നും മൈതാനം മാഞ്ഞുപോയിരുന്നു .ഇപ്പോൾ കൊട്ടാരക്കെട്ടും അതിലെ നടുമുറ്റവും മാത്രം .അവൾ കയ്യിലുള്ള കദളി പഴങ്ങൾ അയാൾക്ക് നേരെ നീട്ടി.അവൾ അയാളുടെ അടുത്തേക്ക് വന്നു .പൂർണ നഗ്നയാണെങ്കിലും അയാളിൽ ഭയചകിതമായ ഒരു വികാരം മാത്രമാണ് ഉണ്ടായത് .കുറച്ചു മിനിറ്റുകൾ മുമ്പേ അവളുടെ പിൻഭാഗത്തിന്റെ കാഴ്ചപോലും അയാളിൽ വികാരങ്ങളുണർത്തിയിരുന്നു .
“എന്തുപറ്റി ..? എന്റെ മേലുള്ള ആഗ്രഹങ്ങളെല്ലാം പൊടുന്നനെ നിന്നിൽ നിന്നും അപ്രത്യക്ഷമായോ .. അതോ ഭയം കാമത്തെ കീഴ്പെടുത്തിയോ ..പുരുഷാ ..”അവൾ പുഞ്ചിരിച്ചു
അയാളൊന്നും പറഞ്ഞില്ല .അവളുടെ ശരീരത്തിലേക്ക് നോക്കാൻ അയാൾ ഭയന്നിരുന്നു .ആ പുരുഷനെന്നുള്ള അഭിസംബോധനയിലെ പരിഹാസത്തിന്റെ മുള്ളുകൾ കീറിമുറിച്ചെങ്കിലും അയാൾ ആ വർണ്ണങ്ങളിൽ കണ്ണ് നട്ടുകൊണ്ടിരുന്നു .ചോരനിറമുള്ള വർണ്ണങ്ങൾ ആ വലിയ വാതിലിനിടയിലൂടെ അകത്തേക്ക് ഒഴുകുന്നതായി അയാളുടെ കണ്ണുകൾ കാണുന്നുണ്ടായിരുന്നു ..
അവൾ കൈകൾ കടുംവർണ്ണങ്ങൾ എടുത്ത് അയാളുടെ മുഖത്തു തേച്ചുകൊണ്ടിരുന്നു
“ഞാൻ ബ്രഹ്മം ചരിക്കുന്നവളാണ്. ബ്രഹ്മചാരിണിയെന്നോ കന്യകയെന്നോ വിളിക്കാം .എന്നെ നിങ്ങൾ കാമാസക്‌തിയോടെ നോക്കിയ നിമിഷം എന്റെ വ്രതം മുറിഞ്ഞു ..ഇല്ലേ ..”
“അ..തെങ്ങനെ..” അയാളുടെ സ്വരം വിറച്ചിരുന്നു
“അങ്ങനെയാണ് ബ്രഹ്മചര്യം .. ഞാൻ നടന്നു നീങ്ങുന്ന വഴികളിൽ നിങ്ങൾ വരാനോ അപരാധകണ്ണുകളിൽ എന്നെ നോക്കാനോ പാടില്ലായിരുന്നു.. എന്റെ ബ്രഹ്മചര്യം കാക്കേണ്ടത് നിങ്ങൾ ഓരോ പുരുഷൻമാരുടെയും കർത്തവ്യം ആയിരുന്നു പുരുഷാ…ഇപ്പോൾ നിങ്ങളിലെനിക്ക് കാമം ഉണർന്നു കഴിഞ്ഞു …” അവളുടെ കൈകൾ അയാളുടെ ഉടലിലാകെ ചായം പൂശുകയായിരുന്നു അപ്പോൾ .
“ഇനി വാമാചാരം … കേട്ടിട്ടുണ്ടോ?”
അയാൾ ഇല്ലെന്നു തലയാട്ടി ..
“പഞ്ച മ കാരം…അതിലെനിക്ക് അഞ്ചാമത്തെയാണ് വേണ്ടത് ..തരൂ പുരുഷാ” അവളുടെ കൈകൾ തട്ടിമാറ്റാൻ അശക്തനായി അയാൾ ഇരുന്നു .ഉടലാഴങ്ങളിൽ ഒരു നെരിപ്പോടെരിയുന്നത് അയാൾ അറിഞ്ഞു
അവളുടെ കൈകൾ ചലിക്കുന്ന ഭാഗങ്ങൾ തണുത്തുറയുന്നതായി അയാൾക്ക് തോന്നി .അയാൾക്ക് ഉറക്കെ നിലവിളിക്കണമെന്നു തോന്നി ,എന്നാൽ അശക്തനായി തല ഉയർത്താൻപോലുമാകാതെ മിഴികൾ ചായങ്ങളിൽ ആഴ്ത്തി അയാൾ ഇരുന്നു.നടുമുറ്റത്തേക്കൊലിച്ചിറങ്ങാൻ തയ്യാറായി നിൽക്കുന്ന ചെഞ്ചായങ്ങൾ അകത്തളങ്ങളിൽ പടരുകയാണെന്നു തോന്നി .
ഇന്ന് ശാക്തേയ പൂജ നടത്തേണ്ട ദിനമാണ് .വർഷങ്ങൾ ചിലതായി മുടങ്ങിക്കിടക്കുന്ന ഒന്ന് .പ്രതിവിധിപൂജകളിൽ സംതൃപ്തരാകാൻ വിഡ്ഢികൾക്കു മാത്രമേ ആവൂ .ചെയ്യുന്നവരുടെ മാത്രം സംതൃപ്തിയാണത് .എന്റെ തൃഷ്ണയെ ശമിപ്പിക്കാൻ നിനക്കാവുമോ .
പറയൂ ..പഞ്ച മ കാരം ..
അയാൾ മിണ്ടാൻ പോലും അശക്തനായി ഇരുന്നു .
എനിക്ക് തിരിച്ചുപോകേണ്ട സമയമായി .നീ തികച്ചും അശക്തനാണ്.
ശാക്തേയ പൂജക്ക് ഇനി സമയം കളയാനില്ല .. അവൾ വലതുകൈകൊണ്ടയാളുടെ മുഖം അവളുടെ മാറിലേക്കമർത്തി.
അയാളുടെ കണ്ണുകളിൽ ചെഞ്ചായം ഒഴുകി അവിടമാകെ പടരുകയായിരുന്നു അപ്പോൾ …
————————-
പതിനാലു ദിവസത്തെ പൂജകൊണ്ടാണ് അമ്പലവും തറവാടും ശുദ്ധീകരിക്കാൻ കഴിഞ്ഞത് .അയാളുടെ ദേഹമാസകലം തിണർത്ത ചോരപ്പാടുകൾ ദേവിയുടെ കോപം വിളിച്ചറിയിക്കുന്നതായി അമ്പലവാസികൾ പറഞ്ഞു .എങ്കിലും വര്ഷങ്ങളായി താഴിട്ടു പൂട്ടിയ ആ വലിയ വാതിൽ എങ്ങനെ തുറക്കപ്പെട്ടു എന്നത് മാത്രം ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളായി .തറവാടിന്റെ പുതിയ അവകാശി അമേരിക്കയിൽ നിന്നും കൊണ്ട് വന്ന താക്കോലാണു ഇപ്പോൾ വാതിലിന് .
Click this button or press Ctrl+G to toggle between Malayalam and English