പോത്തിനെ ആട് തിന്നു

adupoth

 

അമ്പിളി എല്‍.കെ.ജി ക്ലാസിലാണ് പഠിക്കുന്നത്. ഒരൊഴിവുദിവസം അയല്പക്കത്തെ ആതിര അമ്പിളിയുടെ വീട്ടില്‍ വന്നു. ഇരുവരും കൂടി മുറ്റത്തിന്റെ അരികില്‍ നിന്ന് പ്ലാവിന്റെ ചുവട്ടിലിരുന്നു കളിച്ചു.

മണ്ണപ്പം ഉണ്ടാക്കിയാണ് കളിച്ചത്. മണ്ണു കുഴച്ച് ചിരട്ടയില്‍ നിറച്ച് അമര്‍ത്തി താഴെ കമഴ്ത്തി ചിരട്ട പൊക്കിയെടുത്തു. വീണ്ടും മണ്ണു നിറച്ച് കമഴ്ത്തി. ഇങ്ങനെ പ്ലാവിന്റെ ചുവട്ടില്‍ നിറയെ അപ്പം ഉണ്ടാക്കി വച്ചു.

അമ്പിളിയുടെ മുത്തശ്ശി രാവിലെ കഞ്ഞി കുടിക്കാന്‍ പ്ലാവിന്റെ ചുവട്ടില്‍ ചെന്നു. മുത്തശ്ശിയെ കണ്ടപ്പോള്‍ അമ്പിളി ചോദിച്ചു:

‘മുത്തശ്ശി ഞങ്ങള്‍ക്ക് പ്ലാവിലകൊണ്ട് പോത്തിനെ ഉണ്ടാക്കി തരാമോ?’

‘തരാല്ലോ. പ്ലാവില കൊണ്ടുവാ.’ മുത്തശ്ശി പറഞ്ഞു.

കുട്ടികള്‍ പഴുത്ത പ്ലാവില എടുത്തു കൊണ്ടു കൊടുത്തു. കുട്ടി പോത്തിനെ വാങ്ങി പ്ലാവിന്‍ ചുവട്ടില്‍ വച്ച് കൈകാട്ടി ആര്‍ത്തു ചിരിച്ചു.

‘മുത്തശ്ശി എനിക്കും വേണം പോത്തിനെ.’ ആതിര പറഞ്ഞു.

ആതിരയ്ക്കും മുത്തശ്ശി പോത്തിനെ ഉണ്ടാക്കി കൊടുത്തു.

‘ഇനിയും വേണം ഇനിയും വേണം.’ എന്ന് രണ്ടു പേരും ആവശ്യപ്പെട്ടു.

മുത്തശ്ശി ഇരുവര്‍ക്കും വീണ്ടും വീണ്ടും പോത്തുകളെ ഉണ്ടാക്കി കൊടുത്തു. കുട്ടികള്‍ പ്ലാവിന്റെ ചുവട്ടില്‍ നിരനിരയായി പോത്തുകളെ തിരത്തി വച്ചു. മുത്തശ്ശിയും കുട്ടികളും പോത്തുകളെ നോക്കികൊണ്ട് അഹ്ലാദിച്ചു.
കുട്ടികളുടെ സന്തോഷം കണ്ടപ്പോള്‍ മുത്തശ്ശി അമ്പിളിയുടെ തലയില്‍ പ്ലാവിലകൊണ്ട് തൊപ്പിയുണ്ടാക്കി വച്ചു. അപ്പോള്‍ അമ്പിളി പറഞ്ഞു: ‘മുത്തശ്ശി ആതിരയ്ക്കും ഒരു തൊപ്പിയുണ്ടാക്കി കൊടുക്ക്.’

മുത്തശ്ശി തൊപ്പിയുണ്ടാക്കി ആതിരയ്ക്കും കൊടുത്തു. രണ്ടുപേരും തൊപ്പിവെച്ച് തുള്ളിച്ചാടി കളിച്ചു. പോത്തിനു വെള്ളം കൊടുക്കാന്‍ പ്ലാവില പാത്രമുണ്ടാക്കി വെള്ളം കൊടുത്തു.
കഞ്ഞിയും കറിയും ആണെന്നു സങ്കല്പിച്ച് ചീരയിലയും ചാമ്പക്കയും പറിച്ചു പ്ലാവിലയില്‍ വച്ച് ആതിരയും അമ്പിളിയും കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ആതിരയുടെ അമ്മ വിളിച്ചു:

‘മോളേ ആതിരേ കഞ്ഞി കുടിക്കാന്‍ വാ.’

‘അമ്പിളീ അമ്മ വിളിക്കുന്നുണ്ട്. ഞാന്‍ പോയി കഞ്ഞി കുടിച്ചിട്ട് വരാം. എന്നിട്ടു കളിക്കാം.’ എന്നു പറഞ്ഞ് ആതിര തൊപ്പി ഊരി പ്ലാവിന്റെ ചുവട്ടില്‍ വച്ചുകൊണ്ട് വീട്ടിലേക്കു പോയി.

അമ്പിളിയും തൊപ്പി എടുത്ത് പ്ലാവിന്റെ ചുവട്ടില്‍ വച്ചു കൊണ്ട് കഞ്ഞികുടിക്കാന്‍ പോയി.

കഞ്ഞികുടിക്കാന്‍ ചെന്നപ്പോള്‍ അമ്മ പറഞ്ഞു: ‘മോളേ, അമ്മ ആടിനെ പറമ്പില്‍ കെട്ടിയിട്ടു വരാം. മോള്‍ക്ക് മുത്തശ്ശി കഞ്ഞി തരും.’

അമ്പിളിയും മുത്തശ്ശിയും കൂടി കഞ്ഞി കുടിച്ചു. വിശേഷങ്ങള്‍ പറഞ്ഞിരുന്നു. അപ്പോള്‍ ആതിര വന്നു വിളിച്ചു:

‘അമ്പിളീ വാ, നമുക്ക് പോത്തിനു പുല്ല് കൊടുക്കാം.’

ഇരുവരും കൂടി പ്ലാവിന്റെ പ്ലാവിന്റെ ചുവട്ടില്‍ ചെന്നു. മണ്ണപ്പം ചവിട്ടി നിരത്തിയിട്ടിരിക്കുന്നത് കണ്ടു. പോത്തിനെ ഒന്നിനെപ്പോലും കാണുന്നില്ല. തൊപ്പികളും കാണുന്നില്ല. എന്തു പറ്റി? അവര്‍ക്ക് സങ്കടം വന്നു. അവര്‍ മുത്തശ്ശിയെ വിളിച്ച് വിവരം പറഞ്ഞു.

മുത്തശ്ശി പറഞ്ഞു: ‘മക്കളേ പോത്തിനെ ആടിനെ തിന്നു. നമുക്ക് ഇനി വേറെ ഉണ്ടാക്കാം.’

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here