പലവുരി പലദിനം കേട്ടു ഞാന്‍ ജാലകവാതിലില്‍
കളകളാരവം ചൊരിയുന്ന ആ സൗന്ദര്യത്തിടമ്പുകള്‍
ഇളം ചാരനിറത്തിലാ പൂത്താങ്കിരി കിളിക്കൂട്ടം
അതിന്റെ ജല്പ്പനം മഹത്തരമല്ലേ ഈ ധരയില്‍
പൊട്ടൊന്നൊരുച്ചമയക്കത്തില്‍ ഞെട്ടി ഞാനെഴുന്നേറ്റു
രണ്ടു ചകോരപക്ഷികള്‍ ശകാരിക്കുന്നീ പാവങ്ങളെ
ഇടിലുഴക്കം പോലെ ശബ്ദായമാനമാക്കി അന്തരീക്ഷം
എല്ലാ നോട്ടവും ശ്രദ്ധയും പിടിച്ചു പറ്റീ ഞാനും
പൂത്താങ്കിരികളുടെ കിലുക്കവും കുലുക്കവും
മാമരച്ചില്ലകളില്‍ സീല്‍ക്കാരമുയര്‍ത്തുമ്പോള്‍
എന്തൊരു മനോഹാര്യം ചിത്തത്തില്‍ സ്വരൂപിക്കാന്‍
പ്രകൃതിയുടെ സമ്മാനദാനത്തിന് മൂല്യം കൂടുന്നിവിടെ
ഒട്ടു നേരം ശ്രദ്ധിച്ചു നില്‍ക്കവേ കാണക്കാണെ
എനിക്കേറ്റം പ്രിയങ്കരമായ് അവയുടെ ചേഷ്ടകള്‍
വികൃതിയാം ഒരുവന്റെ തെറ്റാലിയില്‍ നിന്നുതിര്‍ന്ന കല്ല്-
വീഴ്ത്തി ഒരു കിളിയെ പൊടുന്നനെ താഴെ
മയങ്ങിപ്പിടയുന്ന ഓമനക്കിളിയുടെ വേദന
കിളിക്കൂട്ടത്തില്‍നിന്നുതിരുന്ന വിഭ്രാന്തിയും
ഹൃദയം പിളര്‍ത്തിയെന്‍ മാനസ്സം പെട്ടന്ന്
ഏറെ പ്രിയങ്കരം എനിക്കാ പൂത്താങ്കിരികള്‍