ഒരു പുഷ്പം കൊണ്ടൊരീ മുറ്റത്തെ
പൂക്കളമൊരുക്കിയ പൊൻകിടാവേ.
ഒരത്ത പുലരി പുലർന്നോ, നീ-
പൂക്കളമൊരുക്കാൻ മറന്നീലല്ലോ.
ഒരു പുഷ്പം കൊണ്ടിന്നൊരത്തം പിറന്നീടും,
തിരുവോണനാളെ നീ വരില്ലെ?
പൂക്കളുണ്ടോ നാളെ പൂക്കളമൊരുക്കുവാൻ
ഒരു പുഷ്പമല്ലിനി പൂക്കളങ്ങൾ.
‘തിരയാം ഞാനിനീ, പുഷ്പ തൊടികളിൽ
വിടാരാതൊരുമൊട്ടും വാടിടല്ലെ’.
പൊൻകിടാവേയെന്റെ പെൺകിടാവേ
നിന്റെ സ്വപ്നങ്ങളിന്നൊരു പൊന്നോണമോ?
പൂ പൂത്തതും നിന്റെ സ്വപ്നങ്ങളും
പൂക്കളൊരുങ്ങുന്ന പുലരികളും
പൂവിടാമുല്ലകൾ പൂത്തപോലെ
പൂവിതൾ വിടർന്നൊരു ഓണമായി.
ഈ തൊടിയിലെ പൂക്കളോ മതിവരില്ല
ചായം കലർത്തി നാം മനം നിറയ്ക്കാം.
പൂക്കളമൊരുങ്ങട്ടെ ചായങ്ങളാൽ
പൂവിതൾ പോരിനീ പൊന്നോണത്തിൽ.
വേണ്ടല്ലൊ, വേണ്ടല്ലോ ചായങ്ങളെ
ചമയമൊരുക്കട്ടെ ചായങ്ങളാൽ.
കുമ്മാട്ടി തെയ്യവും പുലിക്കളിയും
ചായം കൊണ്ടൊരുങ്ങട്ടെ തിരുവോണത്തിൽ.
പൂവിതൾ മതിയല്ലോ പൂക്കളത്തിൽ
പൂമണം തൂകട്ടെൻ പൂക്കളവും.
പൂന്തേനൊഴുകട്ടെ പൂക്കളത്തിൽ
ചായങ്ങൾ വേണ്ടെന്റെ പൂക്കളത്തിൽ.
പൂവിതളാണെന്റെ സ്വപ്നമെന്നും
പൂക്കളം പൂവിന്റെ മാത്രമല്ലേ!.