പൂജ്യം കൊണ്ടുള്ള ഗുണനം

140 : കൃഷ്ണന്‍ കുട്ടി സി. വയസ് നാല്പ്പെത്തെട്ട് ….

141: സജിത എന്‍ വയസ് ….

പതിനൊന്നാം നമ്പര്‍ ക്യാമ്പിലെ രജിസ്റ്ററില്‍ അയാളുടെ പേരിനു തൊട്ടു താഴെയായിരുന്നു അവളുടെ പേരും.

അനുവദിക്കപ്പെട്ട ക്ലാസ് റൂമില്‍ ഒരു ബഞ്ചിന്റെ രണ്ടറ്റത്തായി അവര്‍ ഇരുന്നു.

” സുഖമാണോ?”

ഭക്ഷണം കഴിക്കാനായി മറ്റുള്ളവര്‍ പുറത്തിറങ്ങിയപ്പോള്‍ അയാള്‍ പതുക്കെ മൗനം വെടിഞ്ഞു.

അവള്‍ മുഖമുയര്‍ത്തി കൗതുകത്തോടെ അയാളെ ഒന്നു നോക്കി.

” നമ്മള്‍ പഠിച്ച സ്കൂള്‍, ക്ലാസ് റൂം, അന്നത്തെ അതേ ബഞ്ച് ,…”

അയാള്‍ അടുത്തേക്കു ചേര്‍ന്നിരുന്നുകൊണ്ട് അവളുടെ കണ്ണുകളിലേക്കു നോക്കി.

” ഓര്‍മ്മയില്ലേ രാധാമണി ടീച്ചറുടെ കണക്കു ക്ലാസ്” അയാള്‍ തുടര്‍ന്നു.

” ഉം” അവളൊന്നു മൂളി .

” ലാഭം കാണാന്‍ എന്തു ചെയ്യണമെന്ന് ടീച്ചര്‍ ചോദിച്ചപ്പോള്‍ ഞാന്‍ നിന്ന് വിയര്‍ത്തതും എന്നെ സഹായിക്കാന്‍ നിന്നോട് ആവശ്യപ്പെട്ടതും…”

അയാള്‍ മുന്നിലുള്ള മുക്കാലി ബോര്‍ഡിലേക്കു നോക്കി മന്ദഹസിച്ചു .

” ശരിയാണ് അന്ന് ലാഭം കാണാനുള്ള വഴി ഞാന്‍ പറഞ്ഞു തന്നു. അതുകൊണ്ടാണല്ലോ ഞാനൊരു നഷ്ടക്കച്ചവടമാണെന്നു നിങ്ങള്‍ തിരിച്ചറിഞ്ഞതും…”

അവളുടെ ശബ്ദമിടറി , കണ്ണൂകള്‍ നിറഞ്ഞു.

” അല്ല അതു പിന്നെ …”

എന്തു പറയണമെന്നറിയാതെ അയാള്‍ പാതിയില്‍ നിര്‍ത്തി.

” സര്‍ക്കാര്‍ ജോലി , നൂറ്റൊന്നു പവന്‍ .. എല്ലാം കൊണ്ടും ലാഭം തന്നെയായിരുന്നല്ലോ” കണ്ണു തുടച്ചുകൊണ്ട് അവള്‍ അയാളെ നോക്കി.

അയാളുടെ മുഖം കുനിഞ്ഞു.

” അപ്പോഴത്തെ സാഹചര്യത്തില്‍ …”

” സാഹചര്യം !” അവള്‍ പുച്ഛത്തോടെ മുഖം തിരിച്ചു .

” ഭര്‍ത്താവ്.. കുട്ടികള്‍ ?” അല്പ്പനേരത്തെ മൗനത്തിനൊടുവില്‍ അയാള്‍ മടിച്ചു മടിച്ചു ചോദിച്ചു.

” രണ്ടുമില്ല ” അവര്‍ നിര്‍വികാരയായി പറഞ്ഞു.

അയാള്‍ കുറ്റബോധത്തോടെ അവളെയൊന്നു നോക്കി.

തുടര്‍ന്നെന്തെങ്കിലും ചോദിക്കാനുള്ള ധൈര്യം അയാളില്‍ നിന്നും ചോര്‍ന്നു പോയിരുന്നു.

”ഒരു വീടുണ്ടായിരുന്നു അത് ഇന്നലെ പുഴയെടുത്തു. അതേ ഉണ്ടെന്നു പറയാന്‍ ഇനി ഒന്നുമില്ല ”
വിളറിയ ഒരു ചിരി അവളുടെ അധരങ്ങളില്‍ മിന്നി മറിഞ്ഞു.

അവളുടെ മിഴിനീര്‍ തുടയ്ക്കാന്‍ അയാളുടെ കൈ ഉയര്‍ന്നപ്പോള്‍ അവള്‍ തടഞ്ഞു.

” വേണ്ട ഏറെ വൈകിപ്പോയി”

” സജിതേ, ജീവിതത്തിലും എന്റെ കണക്കു കൂട്ടലുകള്‍ പിഴച്ചു. നേടിയെതെല്ലാം ഒന്നിച്ചു കൂട്ടിയാലും നിന്നെ നഷ്ടപ്പെടുത്തിയതിനു പകരമാകില്ല” അയാള്‍ നിലത്തേക്കു ദൃഷ്ടിയൂന്നിക്കൊണ്ടു പറഞ്ഞു.

” നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നില്ലേ?” ഭക്ഷണം കഴിഞ്ഞ് തിരിച്ചെത്തിയ ഒരാള്‍ ചോദിച്ചു.

” പോകാം ” അയാള്‍ പതുക്കെ എഴുന്നേറ്റു.

” വിശപ്പില്ല ”

അവള്‍ ക്ഷണം നിരസിച്ചുകൊണ്ട് മുന്നിലുള്ള മുക്കാലി ബോര്‍ഡിലേക്കു മുഖമുയര്‍ത്തി.

എന്നോ എഴുതിയിട്ട ഒരു കണക്ക് അപ്പോഴും ആ ബോര്‍ഡില്‍ മായാതെ കിടന്നിരുന്നു.

1*0 =0

10*0=0
……………………………..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here