ഓരിയിട്ട് ഉറക്കം കെടുത്തിയപ്പോഴും
കടിച്ച് കീറി മുറിവേൽപ്പിച്ചപ്പോഴും
നായകളെയല്ല കാട്ടിൽ തിരഞ്ഞത്,
പൂച്ചകളെയായിരുന്നു.
വീട്ടിനുള്ളിൽ മാംസവും മൽസ്യവും
ഒളിച്ചുവെച്ച രഹസ്യ സങ്കേതങ്ങൾ
പൂച്ചകൾക്ക് കാണാപാഠമായിരുന്നു.
ചാക്കിൽ കെട്ടി നാട് കടത്തിയിട്ടും
വൻമതിലിനപ്പുറത്തെ”മ്യാവൂ” ശബ്ദം
ആരെയൊക്കെയോ അലോസരപ്പെടുത്തുന്നു.
കടുവ വംശത്തിൽ ജാതനായ നീ
കണ്ണടച്ച് പമ്മി നടന്നാലും
പാവമാണെന്ന് വിശ്വസിക്കുന്നില്ല.
നീണ്ടു നിൽക്കുന്ന മീശയും
കാലു കുത്തിയുള്ള വീഴ്ചയും
നിന്റെ വിപ്ലവാദർശങ്ങളെ
വിളിച്ചോതുന്നു.
മിഴികൾ മെല്ലെ തുറന്നുള്ള
നിന്റെ ഉറക്കം
എലികളുടെ ഉറക്കം കെടുത്തുന്നു.
മച്ചിൻ പുറങ്ങളിൽ ഒച്ചവെച്ചതും
നിന്റെ സംസാരത്തിന്റെ
വൈദേശികച്ചുവയും
നിന്റെ കുറ്റപത്രം നിറച്ചെഴുതുന്നു.
മച്ചിൻ പുറങ്ങൾ തീയിട്ടതും
മക്കളെ തല്ലിയോടിച്ചതും
സംശയരഹിതമായി
കോടതിയിൽ തെളിയിക്കപ്പെടും വരെ
നീ കൊല്ലപ്പേടേണ്ടവൻ തന്നെയാണ്.