മഴ പെയ്തുതോർന്നിട്ടില്ല
തേങ്ങോലകൾ
കരഞ്ഞുതീർന്നിട്ടില്ല.
കാറ്റിനിപ്പോഴും ഉപ്പിന്റെ
ചുവയുണ്ട്.
ചങ്കിലൊരു ഭാരമൊതുക്കി
ചെറിയ പൊന്നാനിയൊരുങ്ങി!
തിരകൾ നുരയുമ്പോൾ
നെഞ്ചുതല്ലി ചോരതുപ്പി
പവിഴപ്പുറ്റുകൾ
ഉടഞ്ഞടർന്നുവീണു.
സൂര്യൻ ഉണരുന്നില്ല,
കിഴക്കിനു ദിശനഷ്ടമാകുന്നു
ചന്ദ്രൻ ഇങ്ങിനിവരില്ലെന്നും
പറഞ്ഞു താരകൾ കണ്ണടച്ചു…
പവിഴദ്വീപുകളിൽ
പരേതാത്മാക്കൾ
പഴികേൾക്കുന്നു
കുരുന്നുകൾ കരയുന്നു
ചെറിയ പൊന്നാനിയിൽ
ചൂരകൾ
അവസാനശ്വാസത്തിനായി
പിടയുന്നു…
ദിശതെറ്റിയ കാറ്റുകരഞ്ഞു
ദിശയില്ലാതലകടൽ
തീരം മാറിയലഞ്ഞു
കടലിന്റെ പൊട്ടുകൾ
മാഞ്ഞുതുടങ്ങി.
വഴിതെറ്റി പണ്ടെന്നോ
വന്നെത്തിയ പിതാക്കളെ,
പൂഴിയിൽ വിണ്ണുതീർത്തവരെ,
മൺകുടിൽകൊണ്ട്
കിനാവുതീർത്ത പ്രപിതാക്കളെ,
മണ്ണടിഞ്ഞ ചരിത്രത്തെയെല്ലാം
ഒരു മാറാപ്പാക്കി
കുരുന്നുകളൊഴുകിത്തുടങ്ങി.
ചക്രവാളം തേടി
ആശാമുനമ്പു തേടി
വിശാലതീരം തേടി
മക്കത്തുപോയ
ഹാജിയാരുടെ വിളിയുംകാത്ത്…
ചെറിയ പൊന്നാനി *
ഒരു പൊങ്ങുതടിയായൊഴുകി!
*കിൽത്തൻ ദ്വീപ്