കനകക്കുന്നിന്റെ ചെരുവില്‍ ഒരു കൊച്ചു കുടിലില്‍ കുട്ടിയമ്മയും കുട്ടികളും താമസിച്ചിരുന്നു . കുട്ടിയമ്മയുടെ കിണറില്‍ ഒരു നീലപൊന്മാന്‍ പൊത്തു കുത്തി കൂടുണ്ടാക്കി മുട്ടയിട്ടു. മുട്ട എങ്ങനെയോ കിണറ്റില്‍ വീണൂ.
പൊന്മാന്‍ കരഞ്ഞുകൊണ്ട് കുട്ടിയമ്മയുടെ അടുത്ത് ചെന്നു പറഞ്ഞു.
” കുട്ടിയമ്മേ കുട്ടിയമ്മേ എന്നെയൊന്നു സഹായിക്കു എന്റെ മുട്ട കിണറ്റില്‍ പോയി അതൊന്നൊന്ന് എടുത്തു തരു ”
” നീലപ്പൊന്മാനെ നീ വേറെ ആരോടെങ്കിലും ചെന്നു പറയു. പെണ്ണുങ്ങളാണോ കിണറ്റില്‍ ഇറങ്ങുന്നത്”
നീലപ്പൊന്മാന്‍ കരഞ്ഞുകൊണ്ട് കുട്ടിയമ്മയുടെ വീട്ടില്‍ നിന്നു പോയി കാട്ടിലെ പന്നിയുടെ അടുത്ത് ചെന്നു പറഞ്ഞു.
”തേറ്റയുള്ള പന്നി കിണറ്റിലിറങ്ങി എന്റെ മുട്ടയെടുത്തു തരാത്ത കുട്ടിയമ്മയുടെ കണ്ടിച്ചേമ്പ് രാത്രി വന്ന് കുത്തിനശിപ്പിക്കാമോ” ?
” പോ പോ പൊന്മാനെ കാട്ടില്‍ നിന്ന് നാട്ടില്‍ വന്നാല്‍ നായാട്ടുകാര്‍ എന്നെ പിടിക്കും”
നീലപ്പൊന്മാന്‍ ദു:ഖിതയായി കാട്ടില്‍ നിന്ന് വേടന്റെ അടുത്ത് വന്ന് പറഞ്ഞു.
” വേടാ വേടാ കിണറ്റില്‍ പോയ എന്റെ മുട്ടയെടുത്തു തരാത്ത കുട്ടിയമ്മയുടെ ചേമ്പു കുത്താത്ത പന്നിയെ നീ എയ്തു വീഴ്ത്താമോ? ”
” നീലപ്പൊന്മാനെ എനിക്ക് നേരമില്ല ഞാന്‍ മാന്‍വേട്ടക്കു പോവുകയാണ്. പന്നിയിറച്ചി ഞാന്‍ തിന്നുകയില്ല ”
നീലപ്പൊന്മാന്‍ വേടന്റെ വീട്ടില്‍ നിന്ന് എലിയുടെ മാളത്തില്‍ വന്നു പറഞ്ഞു.
” അല്ലയോ ദയാലുവായ ചുണ്ടെലീ നീ എന്നെയൊന്നു സഹായിക്കാമോ? കിണറ്റില്‍ വീണ എന്റെ മുട്ടയെടുത്ത് തരാത്ത കുട്ടിയമ്മയുടെ ചേമ്പ് കുത്താത്ത പന്നിയെ എയ്തു വീഴ്ത്താത്ത വേടന്റെ വില്ലിന്റെ ഞാണ്‍ മുറിക്കാമോ?”
” സാദ്ധ്യമല്ല ഞാണ്‍ മുറിക്കുമ്പോള്‍ വില്ല് തെറിച്ചു വീണ് അപകടമുണ്ടാകാനിടയുണ്ട് ആവശ്യമില്ലാതെ അപകടത്തില്‍ ചാടാന്‍ ഞാനില്ല ”
നീലപ്പൊന്മാന്‍ എലിയുടെ മാളത്തില്‍ നിന്ന് പോന്ന് പൂച്ചയുടെ അരികിലെത്തി.
”കുറിഞ്ഞിപ്പൂച്ചെ കുറിഞ്ഞിപ്പൂച്ചെ എന്നെയൊന്നു സഹായിക്കാമോ”?
” നീലപ്പൊന്മാനെ , നിനക്കെന്നില്‍ നിന്നും എന്തു സഹായമാണു വേണ്ടത്”
” കിണറ്റില്‍ വീണ എന്റെ മുട്ടയെടുത്ത് തരാത്ത കുട്ടിയമ്മയുടെ ചേമ്പ് കുത്താത്ത പന്നിയെ എയ്തു വീഴ്ത്താത്ത വേടന്റെ വില്ലിന്റെ ഞാണ് മുറിക്കാത്ത എലിയെ ഒന്ന് പിടിക്കാമോ?”
”പറ്റില്ലല്ലോ പൊന്മാനെ ഞാന്‍ പെറ്റു കിടക്കുകയാണ്. എന്റെ മക്കളുടെ അടുത്ത് നിന്ന് മാറാന്‍ നിവൃത്തിയില്ല”
പൂച്ചയുടെ അടുത്ത് നിന്ന് നീലപ്പൊന്മാന്‍ പട്ടിയുടെ വീട്ടില്‍ ചെന്നു.
” പാണ്ടന്‍ പട്ടി ഞാനൊരു കാര്യം പറഞ്ഞാന്‍ നീ കേള്‍ക്കാമോ?”
” എന്തു കാര്യമാണ് കേള്‍ക്കട്ടെ ”
”കിണറ്റില്‍ വീണ എന്റെ മുട്ടയെടുത്ത് തരാത്ത കുട്ടിയമ്മയുടെ ചേമ്പ് കുത്താത്ത പന്നിയെ എയ്തു വീഴ്ത്താത്ത വേടന്റെ വില്ലിന്റെ ഞാണ് മുറിക്കാത്ത എലിയെ പിടിക്കാത്ത പൂച്ചയെ കടിക്കാമോ?”
” അയ്യോ ഒരു നിവൃത്തിയുമില്ല നീലപ്പൊന്മാനെ എനിക്ക് യജമാനന്റെ വീടു കാക്കണം ഇവിടെ നിന്ന് പുറത്തു പോകാന്‍ പാടില്ല”
നീലപ്പൊന്മാന്‍ പട്ടിയുടെ അടുത്തു നിന്നു പോയി കാട്ടില്‍ ചെന്ന് ചെന്നായയോടു പറഞ്ഞു.
”ചെന്നായേ, ചെന്നായേ, എന്റെ മുട്ട മുട്ടയെടുത്ത് തരാത്ത കുട്ടിയമ്മയുടെ ചേമ്പ് കുത്താത്ത പന്നിയെ എയ്തു വീഴ്ത്താത്ത വേടന്റെ വില്ലിന്റെ ഞാണ് മുറിക്കാത്ത എലിയെ പിടിക്കാത്ത പൂച്ചയെ കടിക്കാത്ത പട്ടിയെ പിടിക്കാമോ?”
പറ്റില്ലെന്നു പറഞ്ഞു കൊണ്ട് ചെന്നായ കാട്ടില്‍ കിടന്നുറങ്ങി.
നീലപ്പൊന്മാന്‍ തീയുടെ അടുത്ത് ചെന്ന് സങ്കടം പറഞ്ഞു.
തീയും ഒഴിവുകഴിവുകള്‍ പറഞ്ഞ് ഒഴിഞ്ഞു മാറി.
എന്നിട്ടും നിരാശ കൂടാതെ നീലപ്പൊന്മാന്‍ വെള്ളത്തിന്റെ അടുത്ത് ചെന്ന് ആവശ്യം ഉന്നയിച്ചു.
വെള്ളവും പൊന്മാനെ സഹായിക്കാതെ ഒഴിഞ്ഞു.
ആരെ കണ്ടിട്ടും കാര്യം നടക്കാതെ വന്നപ്പോള്‍ ഏറ്റവും വലിയവനായ ആനയെ സമീപിച്ച് നീലപ്പൊന്മാന്‍ സങ്കടമുണത്തിച്ചു.
ആനയും പൊന്മാനെ സഹായിക്കാന്‍ തയാറായില്ല. അവസാനം പൊന്മാന്‍ ഏറ്റവും ചെറിയവനായ ഉറുമ്പിനെ സമീപിച്ച് തന്റെ മുട്ട കിണറ്റില്‍ പോയ വിവരവും ഓരോരുത്തരുടേയും അടുത്ത് സഹായമഭ്യര്‍ത്ഥിച്ച് ചെന്ന കാര്യവും അവര്‍ നിസഹരിച്ച കഥയും പറഞ്ഞു.
നീലപ്പൊന്മാനിന്റെ കഥ കേട്ട് ഉറുമ്പിനു സഹാനുഭൂതി തോന്നി. പൊന്മാനെ സാഹായിക്കാമെന്ന് ഉറുമ്പ് പറഞ്ഞു. പൊന്മാന്റെ പുറത്തു കയറി ഉറുമ്പ് കാട്ടില്‍ ചെന്ന് ആനയെ കണ്ടു. ആന ഉറങ്ങുന്ന തക്കം നോക്കി തുമ്പിക്കയ്യുടെ ദ്വാരത്തിലൂടെ കടന്ന് മസ്തകത്തില്‍ ചെന്ന് കടിച്ചു. ആന മരണവേദനയോടെ പിടഞ്ഞെഴുന്നേറ്റ് ചിന്നം വിളിച്ചു.
നീലപ്പൊന്മാന്‍ നടന്ന സംഭവങ്ങള്‍ ആനയൊട് വിവരിച്ചു.
ആന ഓടിച്ചെന്ന് വെള്ളം കലക്കി, വെള്ളം ചെന്ന് തീ കെടുത്താന്‍ പോയി, തീ ചെന്ന് കാടിനു പിടിച്ചു, കാട്ടില്‍ നിന്ന് ചെന്നായ് ഇറങ്ങി പട്ടിയെ ഓടിച്ചു, പട്ടി പോയി പൂച്ചയെ ഓടിച്ചു, പൂച്ച ചെന്ന് എലിയെ പിടിക്കാന്‍ പോയി, എലി ഞാണ് മുറിക്കാന്‍ ചെന്നു, വേടന്‍ പന്നിയെ എയ്തു വീഴ്ത്താന്‍ പോയി, പന്നി കുട്ടിയമ്മയുടെ കണ്ടിച്ചേമ്പ് കുത്താന്‍ ചെന്നു, കുട്ടിയമ്മ കിണറ്റിലിറങ്ങി മുട്ടയെടുത്തു കൊടുത്തു . പൊന്മാന് സന്തോഷമായി . മുട്ട കൂട്ടില്‍ വച്ച് അടയിരുന്നു.