മലയാള കവിത ഇന്ന് ഗദ്യത്തിന്റെ വഴക്കമാണ് പിന്തുടരുന്നത്. താളത്തിലുള്ള കവിതകൾ എന്തുകൊണ്ടോ ഇന്ന് വിരളമാണ്. സച്ചിദാന്ദനെപ്പോലെ പി പി രാമചന്ദ്രനെപ്പോലെ അൻവർ അലിയെപ്പോലെ ചുരുക്കം ചില കവികൾ മാത്രമാണ് രണ്ടിലും എഴുതുന്നത്. കവിതക്ക് താളം ആവശ്യമുണ്ടോ എന്നുള്ളത് എന്നും പ്രസക്തമായ ഒരു തർക്കമാണ്. ഇതിൽ രണ്ടു ചേരിയായി തിരിഞ്ഞു വാദിക്കാനാണ് പലർക്കും ഇഷ്ട്ടം.ഈ രണ്ടു രീതികളും പിന്തുടരുന്ന ഒരാളെന്ന നിലയിൽ കവി സച്ചിദാനന്ദൻ മുഖപുസ്തകത്തിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം
കവിത വൃത്തത്തിലോ സ്വതന്ത്രതാളത്തിലോ പല തരം ഗദ്യരൂപങ്ങളിലോ എല്ലാം എഴുതാം. എന്നാല്‍ വൃത്ത പഠനം , വ്യാകരണ-ഉച്ചാരണ പഠനങ്ങള്‍ പോലെ തന്നെ, ഭാഷാപഠനത്തിന്റെ ഒരു ഭാഗമാണ്. ലക്ഷണങ്ങള്‍ കാണാതെ പഠിപ്പിക്കുകയല്ല, നല്ല കവിതകള്‍ ഉദാഹരണങ്ങള്‍ ആക്കി മാത്രയും ഗണവും തിരിച്ച് പഠിപ്പിക്കുകയാണ് വേണ്ടത്.ഭാഷയുടെ ചില രഹസ്യങ്ങള്‍ അവയിലുള്ളത് കൊണ്ടാണ് ഇത് ആവശ്യമാകുന്നത്. ഇന്നും വലിയ സര്‍വ്വകലാശാലകളില്‍ ഇംഗ്ലീഷ്, ഫ്രഞ്ച് മുതലായ ഭാഷകള്‍ പഠിക്കുമ്പോള്‍ വൃത്തങ്ങള്‍ പഠിക്കുക മാത്രമല്ല, പദ്യം എഴുതുകയും വേണം-എല്ലാവരും കവികള്‍ ആകാനല്ല, ഭാഷയുടെ ആന്തരിക താളങ്ങള്‍ , ശബ്ദം, പ്രാസം തുടങ്ങിയവ പ്രയോഗത്തിലൂടെ മനസ്സിലാക്കാന്‍. ഇതെല്ലാം- വ്യാകരണം, ഉച്ചാരണം, സ്വരക്രമങ്ങള്‍- പഠിപ്പിക്കാതിരിക്കുമ്പോള്‍ നാം അറിയാതെ കൊളോണിയല്‍- ഉപരിവര്‍ഗ്ഗ ഗൂഢാലോചനകള്‍ക്ക് കീഴ്പെടുകയാണ്. അറിവില്‍ നിന്നും മാനകഭാഷയില്‍ നിന്നും നാം വിദ്യാര്‍ഥികളെ അകറ്റുന്നു , അവര്‍ ഒരിക്കലും മുഖ്യധാരയില്‍ വരാതിരിക്കാന്‍. ഇംഗ്ലീഷ് ശരിക്ക് പഠിക്കുന്നത് അത്ര തന്നെ പ്രധാനമാണ്. ലോകവുമായി ബന്ധപ്പെടാനുള്ള നമ്മുടെ മാര്‍ഗം ആണ് അത്. തൊഴില്‍ ലഭിക്കാന്‍ മാത്രമല്ല, ലോക സംസ്കാരം, സാഹിത്യം ഇവയൊക്കെ മനസ്സിലാക്കാന്‍ നമുക്ക് തത്കാലം വേറെ ഭാഷകള്‍ ഇല്ല. അതിനാല്‍ മാതൃഭാഷയുടെ പേരില്‍ ഇംഗ്ലീഷ് പഠനത്തെ എതിര്‍ക്കുന്നവരെയും സൂക്ഷിക്കണം. ഇവ രണ്ടും കഴിഞ്ഞു താത്പര്യം പോലെ മറ്റു ഇന്ത്യന്‍ഭാഷകളും വിദേശഭാഷകളും പഠിക്കാം. തമിഴും സംസ്കൃതവും അറിയുന്നതും മലയാള പഠനത്തെ ശക്തിപ്പെടുത്തും, വാക്കുകളുടെ ഉചിതമായ തിരഞ്ഞെടുപ്പിനെ സഹായിക്കും. വാമൊഴിഭേദങ്ങള്‍- പ്രാദേശികവും സാമുദായികവും തൊഴില്‍പരവും- അറിയുന്നതും അത്ര തന്നെ പ്രധാനമാണ്. ഭാഷ ശരിക്ക് പഠിക്കേണ്ടാ എന്ന് പറയുന്നവര്രെ സൂക്ഷിക്കുക, അവര്‍ നിങ്ങളെ അടിമകളാക്കി വെയ്ക്കാന്‍ ആഗ്രഹിക്കുന്നു.
Click this button or press Ctrl+G to toggle between Malayalam and English