കവിതയുടെ വീട് ഏതായിരിക്കും? വീടില്ലാതെ അലഞ്ഞലഞ്ഞൊഴുകുന്ന വികാരമാണോ കവിത? കവിതയുടെ സ്വാഭാവികമായ ഉറവിടം എവിടെയാണ്? അത് എവിടെ നിന്നുണ്ടാവുന്നു? അതെങ്ങനെ വളരുന്നു സഹൃദയ ഹൃദയത്തിലെത്തുന്നു?
വീട് ഒരടഞ്ഞ ശരീരമാണോ? ആണെങ്കിൽ അടഞ്ഞ ശരീരത്തിൽ നിന്നും കവിതയെ ചുറ്റുവട്ടത്തേക്കു പടർത്തി വേർപെടുത്തുന്ന പ്രക്രിയയായി കവിതാവതരണത്തെ മാറ്റാൻ കഴിയുമോ? ഈ അന്വേഷണമാണ് പെൺ പോയട്രി പെർഫോമൻസ്.
പെൺ പോയട്രി പെർഫോമൻസ് closed body Art എന്ന exibition ന്റെ ഭാഗമായി അതിനോടു ചേർന്നു നിന്നുകൊണ്ടവതരിപ്പിക്കപ്പെടുന്ന പെൺ കവികളുടേതു മാത്രമായ കാവ്യാവതരണമാണ്.
കവിതാവതരണത്തെക്കുറിച്ചോ കാണിയെക്കുറിച്ചോ അതിന് മുൻവിധികളില്ല. കൃത്യമായി കെട്ടിയുണ്ടാക്കിയ ഒരു അവതരണപ്പന്തൽ (Stage) അതിന് ഇല്ല … കസേരയിൽ ഇരിക്കുന്ന ഒരു കാണിയും ഇല്ല. ഒറ്റയ്ക്ക് ഒരു വീടും അതിന്റെ ജൈവ പരിസരവും പെൺകവിതയെ സ്വീകരിക്കുന്നത് എങ്ങനെയോ അതാണ് പെൺപോയട്രി പെർഫോമിങിലൂടെ വെളിവാകുന്നത്.
സ്ഥിതമായ ഒരു വീട് ഒഴുകുന്ന പെർഫോമർ , ഒഴുകുന്ന കാണി, ഒഴുകുന്ന ജൈവപരിസരം – ഇതാണ് പെൺപോയട്രി പെർഫോമൻസിന്റെ സ്വഭാവം. കവിതയെ ഏറ്റവും സ്വാഭാവികമായി ഒരു വീടിന്റെ ജൈവ പരിസരത്തിൽ അത്രയും ജൈവികമായി അവതരിപ്പിക്കാൻ ഉള്ള പെൺ കവികളുടെ ശ്രമമാണത്. കവിത എഴുതുമ്പോഴനുഭവിച്ചിരുന്ന ആനന്ദം കവി എന്ന കാവ്യ ശരീരത്തിൽ നിന്നും പുറത്തേക്കെടുത്ത് തങ്ങൾക്കു ചുറ്റുമുള്ള ജൈവ പരിസരത്തിലേക്ക് വിടർത്താൻ ഉള്ള ഒരു കൂട്ടം പെൺ കവികളുടെ ശ്രമമാണത്.
സന്ധ്യ പല്ലിശേരി , അമ്മു ദീപ , മഞ്ജു പി.എൻ. ,ധന്യ വെങ്ങാച്ചേരി , അമിത് .കെ , അമൃത .ടി , സന്ധ്യ. എം. എന്നിവരാണ് ഇതിൽ പങ്കെടുക്കുന്നത്
Click this button or press Ctrl+G to toggle between Malayalam and English