കവിതയുടെ കാർണിവൽ 2020- നവമാദ്ധ്യമകവിത ദേശീയസെമിനാർ: പ്രബന്ധങ്ങൾ ക്ഷണിച്ചു

പട്ടാമ്പി ശ്രീനീലകണ്ഠ ഗവണ്മെന്റ് സംസ്കൃതകോളേജിലെ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ ധനസഹായത്തോടുകൂടി കവിതയുടെ കാർണിവലിന്റെ അഞ്ചാം പതിപ്പ് ഇത്തവണയും നടത്തുന്നു. പുതിയ നൂറ്റാണ്ടിൽ, നവമാദ്ധ്യമങ്ങൾ വഴി എഴുതിത്തുടങ്ങിയ കവികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടാണ് ഇത്തവണ കാർണിവൽ നടത്തുന്നത്.
കവിതാ കാർണിവലിന്റെ ഭാഗമായി ‘നവമാദ്ധ്യമകവിത’ എന്ന വിഷയത്തിൽ ഒരു ദേശീയ സെമിനാർ 2020 ജനുവരി 24,25,26 തിയ്യതികളിലായി നടത്തുന്നുണ്ട്. 2000 മുതൽ 2020 വരെയുള്ള കാലയളവിൽ ബ്ലോഗുകൾ, ഫേസ്ബുക്ക് മുതലായ മുതലയായ ഓൺലൈൻ മാദ്ധ്യമങ്ങൾ വഴി എഴുതി ശ്രദ്ധേയരായി തീർന്നിട്ടുള്ള കവികളെപ്പറ്റിയുള്ള പ്രബന്ധങ്ങളാണ് സെമിനാറിൽ അവതരിപ്പിക്കുന്നത്. പ്രബന്ധം അവതരിപ്പിക്കാൻ താല്പര്യമുള്ള സർവകാലാശാലാ-കോളേജ് അദ്ധ്യാപകർ, ഗവേഷകർ എന്നിവരിൽ നിന്ന് നവമാദ്ധ്യമകവിതയുടെ രൂപം, ഉള്ളടക്കം, ഭാവുകത്വം, മാദ്ധ്യമസ്വഭാവം മുതലായ വിഷയങ്ങളിൽ ഊന്നി നിന്നുകൊണ്ടുള്ള പ്രബന്ധങ്ങൾ ക്ഷണിച്ചുകൊള്ളുന്നു. സാഹിത്യസമീപനങ്ങളിലെ അട്ടിമറി, എഡിറ്ററുടെ നിരാകരണം, ഓൺലൈൻ കവിതാ പ്ലാറ്റ്ഫോമുകൾ, ഓൺലൈൻ കവിതാ ആഴ്ചപ്പതിപ്പുകൾ, യൂ ട്യൂബ് അടക്കമുള്ള ഓഡിയോ-വീഡിയോ സംരംഭങ്ങൾ, നവകാവ്യോത്സവങ്ങൾ, പുതിയ കവിതാ സംസ്കാരം, ഓൺലൈൻ കവിതാസംവാദങ്ങൾ, കവിതാഗ്രൂപ്പുകൾ, ആദ്യകാല നവമാദ്ധ്യമ കവികൾ, നവമാദ്ധ്യമ പെൺകവിത, ഏറ്റവും പുതിയ തലമുറയിലെ കവികൾ, ദളിത്-ആദിവാസി-ട്രാൻസ് ജെൻഡർ വിഭാഗങ്ങളുടെ ഓൺലൈൻ പ്രവേശനം, അത് കവിതയിൽ കൊണ്ടുവന്ന മാറ്റങ്ങൾ എന്നിങ്ങനെ നവമാദ്ധ്യമകവിതയുമായി ബന്ധമുള്ള ഏതു വിഷയത്തിലും പ്രബന്ധം തയ്യാറാക്കാവുന്നതാണ്. 15-20 മിനുട്ടാണ് പ്രബന്ധാവതരണത്തിനുള്ള സമയപരിധി. പ്രബന്ധങ്ങൾ യൂണിക്കോഡ് ലിപിയിൽ ടൈപ്പ് ചെയ്ത് സമർപ്പിക്കേണ്ടതാണ്. പ്രബന്ധം അവതരിപ്പിക്കാൻ താല്പര്യമുള്ളവർ അതിന്റെ ശീർഷകം, ഉള്ളടക്കത്തിന്റെ സംക്ഷിപ്തരൂപം എന്നിവ സഹിതം ഓൺലൈനായോ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്.

ഓൺലൈൻ മേൽവിലാസം : www.sngscollege.org
ഇ-മെയിൽ : sngsmalayalam@gmail.com

പോസ്റ്റൽ മേൽവിലാസം :
വകുപ്പ് മേധാവി മലയാള വിഭാഗം ശ്രീനീലകണ്ഠ ഗവ. സംസ്കൃതകോളേജ്, പട്ടാമ്പി
മേലേപട്ടാമ്പി പി ഒ, പാലക്കാട്, 679306

Mob: 9446750436
9446237428
വകുപ്പദ്ധ്യക്ഷൻ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here