മുരിങ്ങ , വാഴ , കറിവേപ്പ് – അനിത തമ്പി

 

 

മലയാളകവിതയിലെ വ്യത്യസ്ത സ്വരമായ അനിത തമ്പിയുടെ പുതിയ സമാഹാരത്തെക്കുറിച്ചു എഴുത്തുകാരിയുടെ കുറിപ്പ് :

 

 

കഴിഞ്ഞ ആറു വര്‍ഷത്തിനിടെ എഴുതിയ കവിതകള്‍. ബോംബെയില്‍നിന്ന് തിരുവനന്തപുരത്ത് തിരികെയെത്തി നിത്യജീവിതത്തിന്റെ ആവര്‍ത്തനങ്ങളിലേക്ക് തിരികെച്ചേര്‍ന്ന കാലം. ഈ കവിതകളില്‍ പലകാലത്തിന്റെ,
പലയിടങ്ങളുടെ, ഓര്‍മ്മയും ഒട്ടിപ്പും ഒഴുക്കും വഴുക്കലും ഒക്കെയുണ്ടാവണം.

ആലപ്പുഴയുടെയും ചുറ്റുനാടുകളിലെയും പൂഴിയിലും വെള്ളത്തിലും പച്ചയിലുമാണ് ഞാന്‍ പിറന്നുവളര്‍ന്നത്. നട്ടുച്ചയ്ക്ക് വിയര്‍ത്തും കരിവാളിച്ചും നട്ടപ്പാതിരാവില്‍ സ്വപ്ങ്ങള്‍ കണ്ടും കഴിയുന്ന നാട്. അവിടത്തെ പ്രകൃതിക്കും മനുഷ്യര്‍ക്കും അഴകും തരളതയുമല്ല, ക്ലേശവും തയമ്പുമാണ് മുന്നിട്ടുനില്‍ക്കുന്ന ഭാവങ്ങള്‍. പരുക്കനാണത, കലക്കമാണത്. ഏതു കെടുതിക്കു മുന്നിലും പതര്‍ച്ച എന്നൊന്നില്ല. എങ്ങനെയും അദ്ധ്വാനിച്ച് കഴിയാം എന്ന അവനവന്റെ, അന്നന്നത്തെ, ഉറപ്പ്. ആലപ്പുഴ മണ്ണിനു കീഴേ കത്തിയമര്‍ന്ന ഒരു വന്‍ കാടുണ്ട് എന്ന് കേട്ടിട്ടുണ്ട്. അതിന്റെ ഇളംമേല്‍ മണ്ണ് വെയിലില്‍ മിനുങ്ങും. ലേശമൊന്നു കുഴിച്ചാല്‍ കറുത്ത നനമണ്ണായി. ഏതാനും കോല്‍ ആഴത്തില്‍ ആലപ്പുഴക്കലശ് വെള്ളം.
അതിനുമെത്രയോ ആഴത്തിലായിരിക്കണം കത്തിയടങ്ങിയ ആ പുരാതനവനം. ആലപ്പുഴമണ്ണിനെ ഒരേസമയം വളക്കൂറുള്ളതും അമ്ലവുമാക്കുന്ന, ഇന്നും അഴുകിത്തീരാത്ത കരിന്തടികള്‍ തരുന്ന അതിന്റെ അവശിഷ്ടങ്ങള്‍. നശിച്ചുപോയ കാടിന്റെ കരച്ചില്‍ പോലെയുള്ള ആ അമ്ലത ഓരോ മഴക്കാലവും കഴുകിമാറ്റുന്നു, വിളകളെ പോറ്റുന്നു. അതൊരു നാടിന്റെ, അതിനു കീഴില്‍ കത്തിയമര്‍ന്ന ഒരു കാടിന്റെ, ആവാസവ്യവസ്ഥയാണ്. അതാണ് എന്റെ തിണ. അവിടെയാണ് എന്റെ ഒച്ചയുടെ ഉറവിടങ്ങള്‍.

ഈ കവിതകള്‍ എഴുതിയ ഇക്കഴിഞ്ഞ വര്‍ഷങ്ങള്‍ ഹിംസയും രോഗങ്ങളുംകൊണ്ട് അടയാളപ്പെട്ടിരിക്കുന്നു. വേദനയും ഭീതിയും അനിശ്ചിതത്വവും അമ്പരപ്പും ആധിയും നിസ്സഹായതയും ചേര്‍ന്ന്, കാതടപ്പിക്കുന്ന ഒച്ചയില്‍, എല്ലാം മുന്നേക്കാള്‍ കൂടുതല്‍ കൂടുതല്‍ എന്ന് തോന്നിക്കുന്ന വിനിമയപ്പെരുക്കങ്ങളില്‍ ലോകം ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നു. എല്ലായ്‌പ്പോഴുമെന്നപോലെ ഇക്കാലവും കടന്നുപോകും. എല്ലാം മാഞ്ഞുപോകും, ഏറ്റവും ആഴമേറിയവയുടെ മാത്രം കലകള്‍ അവശേഷിക്കും. പോയ കവികള്‍ ആറ്റൂര്‍ രവിവര്‍മ്മ, സുഗതകുമാരി, ടി.പി. രാജീവന്‍ എന്നിവരെ അഗാധസ്‌നേഹത്തോടെ ഉള്ളോടുചേര്‍ക്കുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here