കവിത

 

 

നിരാശക്കന്നുകൾ ഉഴുതു മറിച്ച്
വിഷാദവിത്തുകൾ മുള പൊട്ടി
തഴച്ച വയലിടമാണ് കവിത

അമർഷത്തിന്റെ ചവണയിൽ
തെറിപ്പിച്ച അരിശക്കല്ലുകളുടെ
ഘർഷണത്തീയ്യാണ് കവിത

ദൈന്യക്കുന്നുകൾ വഴി മുടക്കിയ
നിനവുകളുടെ പുഴയിലെ
ആത്മരോഷപ്രളയമാണ് കവിത

അധർമ്മയാനത്തിന്നാർപ്പുവിളികളിൽ
അടങ്ങാത്ത പ്രതിഷേധത്തിരകളുടെ
സങ്കടക്കടലിരമ്പലാണ് കവിത

ഹൃത്തടം പണയം വച്ച് പകരം
കൊയ്തടുക്കിയ കിനാക്കറ്റകളുടെ
കളപ്പുരയാണ് കവിത

നോവിന്റെ തിമിരം മറച്ച
കാഴ്ചയിൽ തിളയ്ക്കും കണ്ണീരിൻ
കലഹപ്പെയ്ത്താണ് കവിത

പകുത്ത കരൾ പാതിയിൽ
പൂത്ത പ്രണയത്തിൻ
പൂക്കൂടയാണ് കവിത

മടുത്ത മൗനവേനലിൽ
വറ്റി വരണ്ട തൊണ്ടയിലെ
നനവിന്നുമിനീരാണ് കവിത

ഉലച്ചു മറിച്ച രോഷക്കാറ്റിൽ
അലകു തകർന്ന മേഘക്കനവിൻ
കദനം പെയ്യും മഴയിതു കവിത

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here