കവിതയുടെ ദുരിതകാലം: ബ്രെഹ്റ്റ്

നാടകകൃത്തും നാടകസൈദ്ധാന്തികനുമെന്ന നിലയിലുള്ള പ്രശസ്തി ബ്രെഹ്റ്റെന്ന കവിയെ ഏറെനാൾ നിഴലിൽ നിർത്തിയിരിക്കുകയായിരുന്നു. ബ്രെഹ്റ്റ് തന്നെയും തന്റെ കവിതകൾ പ്രസിദ്ധീകരിക്കുന്നതിൽ വിമുഖനുമായിരുന്നു. മരിക്കുന്നതിനു മുമ്പ് ഇരുന്നൂറിൽത്താഴെ കവിതകൾ അടങ്ങിയ മൂന്നു ചെറിയ സമാഹാരങ്ങൾ മാത്രമാണ് പുറത്തുവന്നത്. അതേസമയം Tom Kuhn, David Constantine എന്നിവർ ഇംഗ്ളീഷിലേക്കു വിവർത്തനം ചെയ്ത് 2018ൽ ഇറങ്ങിയ ബ്രെഹ്റ്റിന്റെ സമാഹൃതകവിതകളിൽ 1200 കവിതകളുണ്ട്; അതുതന്നെ അദ്ദേഹത്തിന്റെ മൊത്തം കവിതകളിൽ പകുതിയോളമേ വരുന്നുള്ളുവത്രെ!

ബ്രെഹ്റ്റിന്റെ കവിതകൾ പ്രധാനമായും, ആദ്യകാലത്തെ എക്സ്പ്രഷനിസ്റ്റ് രചനകൾ ഒഴിച്ചാൽ, താൻ ജീവിച്ച ജീവിതത്തിനോടുള്ള വികാരമുക്തമായ പ്രതികരണങ്ങളായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ക്രൂരമായ ചില നിമിഷങ്ങളിലൂടെയാണ് അദ്ദേഹം കടന്നുപോന്നത്: രണ്ടു ലോകമഹായുദ്ധങ്ങൾ വരുത്തിവച്ച സർവ്വനാശം, പട്ടിണിയും തൊഴിലില്ലായ്മയും, യുദ്ധാനന്തരം ജർമ്മനിയുടെ വിഭജനം, ജോസഫ് സ്റ്റാലിന്റെ കൈകളിൽ കമ്മ്യൂണിസത്തിനു വന്ന ക്രൂരമായ വിപരിണാമം. ബ്രെഹ്റ്റിന് ഒരിക്കലും തടവറയിൽ കിടക്കേണ്ടിവന്നില്ലെങ്കിലും അദ്ദേഹത്തിന്റെ അടുത്ത സഹകാരികളിൽ പലരും അക്കാലത്തെ മർദ്ദകഭരണങ്ങൾക്കിരയായി. അദ്ദേഹത്തിന്റെ പ്രസാധകനായിരുന്ന പീറ്റർ സുഹ്ർകാമ്പ് കുറേക്കാലം ഒരു നാസി കോൺസെൻട്രേഷൻ ക്യാമ്പിൽ തടവിലായിരുന്നു; നടിയും ഗായികയുമായ കാരൊള നെഹെർ 1942ൽ ഒരു സോവ്യറ്റ് ഗുലാഗിൽ ടൈഫസ് പിടിച്ചു മരിച്ചു; ബ്രെഹ്റ്റിന്റെ സ്നേഹിതനായ മാർക്സിസ്റ്റ് സൈദ്ധാന്തികൻ വാൾട്ടർ ബന്യാമിൻ നാസികളിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു; അദ്ദേഹത്തിന്റെ കാമുകിയായിരുന്ന മാർഗരറ്റ് സ്റ്റെഫിൻ ആകട്ടെ, ഒരു മോസ്ക്കോ സാനിട്ടോറിയത്തിൽ വച്ച് ക്ഷയരോഗിയായി മരിക്കുകയും ചെയ്തു. ബ്രെഹ്റ്റിന്റെ കവിതയെ നിർണ്ണയിക്കുന്നത് ഈ അനുഭവങ്ങളുടെ രാഷ്ട്രീയമാണ്.

ബ്രെഹ്റ്റിന്റെ തിരഞ്ഞെടുത്ത കവിതകൾ “കവിതയുടെ ദുരിതകാലം” എന്ന പേരിൽ ഐറിസ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്; ആദ്യകാലകവിതകൾ, പ്രവാസത്തിന്റെ ആദ്യവർഷങ്ങൾ, സ്വെൻഡ്ബോർഗ് കവിതകൾ, ദുരിതകാലത്തിന്റെ കവിതകൾ, അമേരിക്കൻ കവിതകൾ, അവസാനകാലത്തെ കവിതകൾ എന്നിങ്ങനെ ആറു വിഭാഗങ്ങളിലായി 90 കവിതകൾ, വിവർത്തനം: വി രവികുമാർ, വില 150 രൂ, വിതരണം ആൾട്ടർ മീഡിയ, ബ്രഹ്മസ്വം മഠം ബിൽഡിംഗ്, എം ജി റോഡ്, തൃശ്ശൂർ – 680001 ഫോൺ: 7356370521, 9446278252, 9495026478

കടപ്പാട്: വി.രവികുമാർ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here