കവിയും ചലച്ചിത്രഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു

കവിയും ചലച്ചിത്രഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു. കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അല്പം മുന്‍പായിരുന്നു മരണം സ്ഥിരീകരിച്ചത്.

ഗുരുപൗർണ്ണമി എന്ന കാവ്യ സമാഹാരത്തിനു 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും, ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും ആശാൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

1948 മേയ് 3ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്തായിരുന്നു ജനനം. പരേതരായ ഷഡാനനന്‍ തമ്പിയും പാര്‍വ്വതിയമ്മയുമാണ് മാതാപിതാക്കള്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും രമേശന്‍ നായര്‍ പ്രവര്‍ത്തിച്ചിരുന്നു. 1985ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡണ്ടായിരുന്നു. തൃശ്ശൂര്‍ വിവേകോദയം സ്‌കൂള്‍ റിട്ട. അദ്ധ്യാപികയും എഴുത്തുകാരിയുമായ പി. രമയാണ് ഭാര്യ. ഏക മകന്‍ മനു രമേശന്‍ സംഗീതസംവിധായകനാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here