സച്ചിദാനന്ദന്റെ കവിത ; എസ്. ജോസഫ്

“എന്റെ ബി.എക്കാലത്ത് (1982-85)ഒരു നക്സൽ അന്തരീക്ഷമായിരുന്നു എവിടെയും. കുറവിലങ്ങാട് കവലയിൽ വച്ചാണ് കുത്തിക്കെട്ടിയ ഒരു പുസ്തക രൂപം ഇ. സി വിജയൻ എന്നെ കാണിക്കുന്നത്. അതിൽ സച്ചിദാനന്ദന്റെ ആരാണ് ശത്രു എന്ന കവിത ഉണ്ടായിരുന്നു.  പ്രതികരണശേഷിയില്ലാത്ത നീ തന്നെയാണ് നിന്റെ ശത്രു എന്നു പറഞ്ഞാണ് ആ കവിത അവസാനിക്കുന്നത്.

നരേന്ദ്രപ്രസാദ് അവതാരിക എഴുതിയ കവിത എന്ന സമാഹാരം കിട്ടി. മഴയുടെ നാനാർത്ഥം , പനി , ആശുപത്രി, പീഡന കാലം , നാവു മരം , കോഴിപ്പങ്ക് എന്നീ കവിതകൾ അതിലുണ്ടായിരുന്നു.

നരേന്ദ്ര പ്രസാദ് അതിന്റെ ആമുഖത്തിൽ ഓപ്പോൾ എന്നൊരു കവിതയുടെ സ്വര വ്യത്യാസത്തേപ്പറ്റി പറഞ്ഞിരുന്നു.

” വേദനയാണെന്നോപ്പോൾ
പാതിമയങ്ങിയ കണ്ണിൽ തുമ്പിലെ മിഴി നീരാണെന്നോപ്പോൾ
മരവുരി ചാർത്തിയുറങ്ങും ഗ്രാമം
ചൊരിയും മഞ്ഞിൻ കണമെന്നോപ്പോൾ “

ഓപ്പോൾ എന്നത് ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. എങ്കിലും ആ കവിത ഒരു വിഷാദഗാനം പോലെ ഞാനിന്നും ഓർക്കുന്നു. പാതിമയങ്ങിയ കണ്ണിൻ തുമ്പ്, മരവുരി ചാർത്തി ഉറങ്ങുന്ന ഗ്രാമം , നെൽക്കതിർ പോൽ നേർത്ത കഴുത്തിലെ ഏലസ് . മോണാലിസയുടെ കരയും പുഞ്ചിരി  ഈ മാതിരി ഭാഷ. ഈ കവിതയാണ് ഏറ്റവും ഇഷ്ടമെന്ന് ഞാൻ ചിറാപ്പുഞ്ചിയിൽ വച്ച് മാഷിനോട് പറഞ്ഞു.

സച്ചിദാനന്ദന്റെ കവിതകൾ പലതും  ഹൃദിസ്ഥമായിരുന്നു.
ആ കവിതകളോടുള്ള ഇഷ്ടം കൊണ്ടാണ് തൊണ്ണൂറിൽ അതിൽ ഗവേഷണം  തുടങ്ങിയത്.അക്കാലത്ത് ഞാൻ നേരിൽ കാണണമെന്ന് പറഞ്ഞ് ഒരു കത്തെഴുതി.
” വരൂ” എന്ന് മാഷിന്റെ മറുകുറി . പോകാൻ കഴിഞ്ഞില്ല.

ഒരു സ്കൂളിൽ ജോലി കിട്ടിയതു മൂലം ഞാൻ ഗവേഷണം വിട്ടു. വായനയും വിട്ടു.

ഇതിനൊക്കെ മുമ്പേ ഒടുവിൽ ഞാനൊറ്റയാകുന്നു , ഇവനെക്കൂടി , ഏഴിമല തുടങ്ങിയ കവിതകളാണ് വായിച്ചത് . പ്രകാശമുള്ള ഒരു ഭാഷയാണ് സച്ചിദാനന്ദന്റേത്. കടമ്മനിട്ടയുടേതുപോലുള്ള ദ്രാവിഡത്തനിമ കുറവാണ്.  അപൂർവ്വമായ ഇമേജറികളുടെ ഗദ്യഭാഷ.

വയലിനുകളുടെ താഴ് വര /ഇന്നെൻ മനസിൽ കൂർത്ത കഠാരം പോലെ അമർന്നെൻ ഗ്രാമം/മരുന്നു വില്പനക്കാരുടെ നീളൻ നാവുകൾ പോലും നിലച്ചിരുന്നു /
ഒരു കവിയുടെ ആത്മഹത്യ അയാളുടെ അവസാനത്തെ കവിതയാണ് /
അവൻ സ്നേഹിച്ചവർ അവനെ സ്നേഹിച്ചില്ല
അവനെ സ്നേഹിച്ചവരെ അവനും സ്നേഹിച്ചില്ല /
പാവമീനാടിൻ സ്വർണ്ണക്കിണ്ണമായിരുന്നവൻ /
പരിചിതമെനിക്കു കോഴിക്കോട്ടെ രാത്രികൾ /
ശസ്ത്രക്രിയയ്ക്കിടക്കോർമ്മ തെളിഞ്ഞൊരു
മസ്തിഷ്ക രോഗി തൻ പൊട്ടിക്കരച്ചിൽ പോൽ
എത്തിയതെന്തിനെൻ നിദ്രയിലേക്കു നീ /
തത്തകൾ ഭൂമിയിലെങ്ങും ഒരേ ഭാഷ സംസാരിക്കുന്നു /
കുനിഞ്ഞ മനുഷ്യരുടെ മുതുകിൽ സവാരിചെയ്യുന്നവർ നെഞ്ചുകീറി പ്പിടഞ്ഞു ചാകുമെന്ന് ഞാൻ പ്രവചിക്കുന്നു /
ഞാൻ പീഡനകാലത്തിന്റെ കവിയാണ്
സഹോദരാ
വിപ്ലവകാലത്തിന്റെ കവികൾ
എനിക്ക് പിന്നാലെയുണ്ട് /
അന്തിമഹാകാളൻ കുന്നിൽ ചെരിവിലെ
പൊന്തയിലന്തികൾ മൂളുമ്പോൾ /
കായിക്കരയിൽ ഞാനെത്തുമ്പോൾ
ചായും വെയിലെന്നെ നോക്കുന്നു /
ഇങ്ങനെ കുറേ വരികൾ  ഓർമ്മയിൽ നിന്ന്  എഴുതാൻ കഴിയും.

സച്ചിദാനന്ദനെ ഏറ്റവും സ്വാധീനിച്ചത് മാർക്സിസവും മാവോയിസവും ആണെന്ന് ഞാൻ മനസിലാക്കുന്നു.
അക്കാലം നൈതികതയെ സംബന്ധിച്ച് ഉറച്ച ധാരണകളുള്ള കാലമായിരുന്നു.  കൃത്യമായി അങ്ങനെയല്ലെന്ന് വാദിച്ചാലും ഒരു കാര്യത്തെപ്പറ്റി നാലുപേർ നാലു രീതിയിൽ പറയുന്ന ഇന്നത്തേതു പോലുള്ള കാലമായിരുന്നില്ല. കവിത ഒരു പരിചയാണ് എന്നൊക്കെ പറഞ്ഞിരുന്നു.ഇന്ത്യൻ ചക്രവാളത്തിൽ വസന്തത്തിന്റെ ഇടി മുഴക്കം എന്ന വിപ്ലവരൂപകത്തിന്റെ പ്രകമ്പനം   അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു. അത് കേവലമായ ദാർശനികതയുള്ള
കവിതയെ വിപ്ലവാധുനികതയിലേക്ക് മാറ്റി. വസന്തം കവിതയിൽ ഇടി മുഴക്കി.
പിന്നീട് ഇലപൊഴിയും കാലമായിരുന്നു. അപരിചിതമായ മറ്റൊരു കാലം വന്നു. ഉത്തര ഘടനാവാദവും ഉത്തര മാർക്സിസവും മറ്റും.
അദ്ദേഹം പിന്നെയും ഏറെ മുന്നോട്ടു പോയി.തന്റെ കവിതയുമായി അദ്ദേഹം ലോകരാജ്യങ്ങളിൽ , ഇന്ത്യയിൽ, കേരളത്തിൽ സഞ്ചരിക്കുന്നു. ഒരിക്കൽ ഞാൻ വിളിച്ചപ്പോൾ അദ്ദേഹം റഷ്യയിലെ ഏതോ വിമാനത്താവളത്തിൽ ആയിരുന്നു.
ഷില്ലോങ്ങിലെ നെഹു യൂണിവേഴ്സിറ്റിയിലെ കവിത പരിപാടിയിൽ ഞാനും മീന കന്തസാമിയും  എത്തുമ്പോൾ അദ്ദേഹം അവിടെ ഉണ്ടായിരുന്നു. ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് ചിറാപുഞ്ചിയിലേക്ക് യാത്ര പോയി.
ഭോപ്പാലിൽ ഞാനും രേണുവുമെത്തിയപ്പോൾ സച്ചിമാഷുമുണ്ട്. അദ്ദേഹം നമുക്കായെടുക്കുന്ന കരുതൽ ശ്രദ്ധിച്ചിട്ടുണ്ട്.

കവിജീവിതത്തിന്റെ നല്ല ഉദാഹരണമാണ് സച്ചിദാനന്ദൻ . അനുകരിക്കാൻ പറ്റാത്ത മാതൃക. ഇന്ത്യൻ കവിതയെക്കുറിച്ചും മലയാള കവിതയെക്കുറിച്ചും ലോക കവിതയെക്കുറിച്ചും ഒരു പാട് എഴുതിയിട്ടുള്ള ഒരാൾ. ഒട്ടും പാരമ്പര്യവാദിയല്ലാത്ത , സൗമ്യതയോടെ തനിക്ക് പറയാനുള്ളത് ആരോടും പറയുന്ന കവി.

ഏറ്റവും പുതിയ കവികളെ ഞാനൊക്കെ വിമർശിക്കുകയും അവരിൽ പലരുടേയും കവിതകളെ നിഷ്കരുണം തള്ളുകയും ചെയ്യുമ്പോൾ ( ഉള്ളിൽ എനിക്കും സ്നേഹമാണ് കേട്ടോ)അവരെ സ്നേഹപൂർവ്വം ചേർത്തുപിടിക്കുന്ന കവി.

പ്രസന്നരാജൻ സച്ചിദാനന്ദനേക്കുറിച്ചെഴുതിയ ബോധനിലാവ് എന്ന ഒരു ലേഖനം ഓർക്കുന്നു. വിഷാദഭാവത്തോടെ ഇരിക്കുന്ന ഒരു ഫോട്ടോ അതിലുണ്ടായിരുന്നു. അത് എന്റെ മനസിലെന്നുമുണ്ട്. ഓപ്പോളിലെന്നപോലെ സുലേഖയിലും വിഷാദമുണ്ട്.

സുലേഖ ഇത്രയേറെ ചിറകുകളുമായി
നീയവിടെ എന്തു ചെയ്യുകയാണ് ?

ഒഴിഞ്ഞ മുറി എന്ന കവിത ഞാൻ പലപ്പോഴും ഓർക്കാറുണ്ട്.
ആത്മഹത്യ ചെയ്ത സുബ്രഹ്മണ്യദാസിനെക്കുറിച്ചാണ് ആ കവിത. അക്കാലത്ത് ഞാൻ അൽ വാരസിന്റെ സാവേജ് ഗോഡ് വായിച്ചിരുന്നു.

” മഴയായിരുന്നു
ജനലിൽ വന്ന് മരണമെന്നെ വിളിച്ചപ്പോൾ
മഴയായിരുന്നു
ദു:സ്വപ്നങ്ങളുടെ വാതിൽ ചാരി
ഞാൻ അഭയം തേടി ഇറങ്ങി നടന്നപ്പോൾ
മഴയായിരുന്നു
കുളങ്ങൾ ഉത്കണ്ഠയുടെ കൃഷ്ണമണികൾ പോലെ
ഞങ്ങളുടെ
നേരേ തിരിഞ്ഞപ്പോൾ
മഴയായിരുന്നു.
വളഞ്ഞ വഴിയുടെ കാവിയിൽ
അന്ത്യയാത്രയുടെ കാലടികൾ പതിയുമ്പോൾ
മഴയായിരുന്നു
ഞാനും മരണവും ഒന്നിച്ചിവിടെ വണ്ടിയിറങ്ങുമ്പോൾ
മഴയായിരുന്നു
എന്നെ താവളം കാണിച്ചു തന്ന്
മരണം ഒറ്റയ്ക്ക് വേറെ ഭിക്ഷ തേടി മടങ്ങിപ്പോയപ്പോൾ
മഴയായിരുന്നു.
………”
ഇവിടെയും ആവിഷ്കാരം നമ്മെ അത്ഭുതപ്പെടുത്തും. ഭാവനയുടെ വിചിത്രമായ വഴികളാണ് ഓരോരോ പ്രയോഗങ്ങളും. ഭ്രാന്തമായ അയുക്തികതയുമുണ്ട്.
ഇതൊക്കെ ഞാൻ ആവർത്തിച്ച് വായിച്ചിട്ടുള്ളതിന് കയ്യും കണക്കുമില്ല. ഏതു വിഷയത്തേക്കുറിച്ചും സംഭവത്തേക്കുറിച്ചും അനായാസമായി കവിതകൾ എഴുതുന്ന കവിയാണ് സച്ചിദാനന്ദൻ എന്നും പറയാം. ഇതു കഥാകൃത്തുകൾ നാധാരണയായി ചെയ്യുന്നതാണ്. തിരുത്ത്, ഹിഗ്വിറ്റ , വന്മരങ്ങൾ വീഴുമ്പോൾ ഒക്കെ ഉദാഹരണം. കവിത ആത്മനിഷ്ഠതയിൽ നിന്ന് ലോകനിഷ്ഠതയിലേക്ക് പോകുന്നതുകൊണ്ടാണിത്. എന്നാൽ ആത്മനിഷ്ഠത ഇല്ലെന്നും പറയാൻ ആവില്ല. കവിത ഭാവദുർബലമാകുന്നത് ശരിയല്ല എന്ന് എനിക്ക് ഒരു മറുപടിക്കത്ത് സച്ചിദാനന്ദൻ എഴുതിയിട്ടുണ്ട്.

ഒരു കവിയുടെ എല്ലാ കവിതകളും ഒരാൾക്ക് ഇഷ്ടപ്പെടണമെന്നില്ല. സമഗ്രതയിൽ വിശ്വസിക്കാത്ത എനിക്ക്
സമഗ്രതയിൽ ഒരു കവിയേയും കാണാനാവില്ല. മഹാകാവ്യത്തിനേ അതിന്റെ ആവശ്യമുള്ളു. അതൊട്ടു വായിച്ചു തീർക്കാനുമാവില്ല. ഏറ്റവും നല്ല കവിത ചൂണ്ടിക്കാണിക്കാൻ എനിക്ക് ഓപ്പോളല്ലാതെ സുലേഖയുമുണ്ട്. മഴയുടെ നാനാർത്ഥം, എഴുത്തച്ഛനെഴുതുമ്പോൾ , ഒഴിഞ്ഞ മുറി , ജോൺ മണം,ഇവയൊക്കെ ഞാൻ പുറകേ തിരഞ്ഞെടുക്കും.

പേശീ ദാർഢ്യമുള്ള ഗദ്യത്തെക്കുറിച്ചും ഓടയിൽ പെറ്റുവീണ കുഞ്ഞിന്റെ നിലവിളിയുടെ വൃത്തത്തേക്കറിച്ചും സച്ചിദാനന്ദൻ പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ഒരു കാലഘട്ടത്തിൽ ജനകീയ കവിത എന്ന അവബോധം സൃഷ്ടിച്ചതാണ് ആ ഗദ്യകവിതകൾ. മലയാള കാവ്യലോകത്തെ ഈ ഗദ്യം മാറ്റിപ്പണിതു.”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here