തിരുവനന്തപുരം:പ്രശസ്ത കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി(84)അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്നലെ രാത്രി 11ഓടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആറു ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു. തിരുമല രേണുകാ നിവാസിൽ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്.സംസ്‌കാരം കൊവിഡ് പരിശോധനകൾക്ക് ശേഷം പിന്നീട്. പരേതയായ തങ്കമ്മയാണ് ഭാര്യ, മക്കൾ: രേണുക, രാധിക,രാഗിണി. മരുമക്കൾ: സി.അശോക് കുമാർ(റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്),പി.ടി സജി(മുംബെയ് റെയിൽവെ) കെ.എസ്.ശ്രികുമാർ (സി.ഐ.എഫ്.ടി)
1936 ജനുവരി19 ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിലാണ് അദ്ദേഹത്തിൻെറ ജനനം. പന്തളം എൻ.എസ്.എസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി. 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് സിനിമയുമായി ചുനക്കര രാമൻ കുട്ടി ബന്ധപ്പെട്ടത്. ആകാശവാണിക്കുവേണ്ടിയും നാടകങ്ങൾ എഴുതുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
ദേവീ നിൻ രൂപം ,സിന്ദൂരത്തിലകവുമായ്, ദേവദാരു പൂത്തു, ഹൃദയവനിയിലെ ഗായികയോ തുടങ്ങി ഒട്ടേറെ ഗാനങ്ങൾ രചിച്ചു.