വായിച്ചുതുടങ്ങിയ
കവിതയോട്
കവി പറഞ്ഞത്
ഇതെൻ്റെ കവിതയല്ലെന്നാണ്
ഹാരമിട്ട് ആദരിച്ച
മഹാസദസ്സിനു മുന്നിൽ
കവി കേണപേക്ഷിച്ചത്
ഞാനെഴുതിയതിങ്ങനല്ലെന്നാണ്.
അക്കാദമിയുടെ
പുരസ്ക്കാരത്തുക
അരിവാങ്ങി
വയറുനിറക്കുമെങ്കിലും
കവി പറഞ്ഞത്
ഞാനിതിനർഹനല്ലെന്നാണ്.
വിശപ്പറിഞ്ഞവൻ്റെ
നോവെഴുതിയ കവിത
വില്പനക്കാരൻ്റെ
കൗശലമായി
വായിക്കപ്പെട്ടപ്പോൾ
പ്രതിഷേധമായി കവി
കവിതയെ നിഷേധിച്ചു.