കവിയും മരണവും

മരണം
അതിന്റെ കൂർത്തമുന
കഴുത്തിൽ ചേർത്ത്
വീണ്ടും ശാസിച്ചു.

കവി പതറിയില്ല.

”അറിയാതെ…
പാടാതെ…
ഇരിക്കുവതെങ്ങനെ കവി”.

”ഉയർന്ന ഗോപുരങ്ങളുടെ
അസ്ഥിവാരങ്ങൾ പാകുമ്പോൾ
അമർന്നടിയുന്ന
കുഞ്ഞുങ്ങളുടെ
കരച്ചിൽ
കേൾക്കാതിരിക്കുവതെങ്ങനെ ?

അറുത്തെടുക്കുന്ന കുന്നിടങ്ങളിലെ
മറിഞ്ഞു വീഴുന്ന
തണൽ മരങ്ങൾക്കടിയിൽ
തൊഴുകൈ കൂപ്പുന്ന
തൊട്ടാവാടികളെ
കാണാതെ പോകുവതെങ്ങനെ ?

കരയെടുക്കാനാർക്കുന്ന
തിരകൾക്ക് മുന്നിൽ
സ്നേഹമതിൽ തീർക്കുന്ന
കണ്ടൽക്കാടുകളുടെ
മരണമൊഴി
രേഖപ്പെടുത്താതിരിക്കുവതെങ്ങനെ?

വായുവേഗമായുവാൻ
വലിയ വഴികൾ വെട്ടിയപ്പോൾ
രണ്ടു കരകളിലായി
വേർപെട്ടുപോയവരെ…

അതിരുകൾ വരച്ച്
ഭൂപടത്തിലൊതുങ്ങിയപ്പോൾ
പല ദേശങ്ങളിലായ്
വേർപിരിഞ്ഞുപോയവരെ…

വിഷവാതകമൊഴുകിയപ്പോൾ
നിലച്ചുപോയ
സ്നേഹ ഗീതങ്ങൾക്കൊപ്പം
പിടഞ്ഞമർന്നവരെ..?”

കൂർത്ത കത്തിയുടെ
ചോരമുന കാട്ടി
മരണം
അന്ത്യോപദേശമേകി:

”പട്ടണക്കാഴ്ചകളിൽ
കോർത്തൊരുക്കിയ
വിദേശ പുഷ്പങ്ങളുടെ
പരിമണം പുൽകി
ഗതകാല
സ്മരണകളെഴുതൂ…,

ഉയർന്ന മന്ദിരങ്ങളിലെ
മണിയറകൾ കാണൂ…
അതിലുറങ്ങുന്ന
കുഞ്ഞുകാതുകളിൽ
താരാട്ടുപാട്ടാകൂ…,

സായന്തനങ്ങളുടെ
ചാരുകസേരകൾക്കരികിൽ
പാട്ടുപെട്ടികളിലെ ഗസലുകളായ്
സാന്ത്വനമാകൂ..,

ആഘോഷ രാവുകളിൽ
ലഹരി പതയുന്ന
ചഷകങ്ങൾക്കിടയിൽ
ചടുല താളമാകൂ…,

കരുത്തിന്റെ ലോകത്തിൽ
നിരന്തര വിജയികളുടെ
നിറഞ്ഞ ചിരികാണൂ…
അവരുടെ
ആഹ്ളാദ ഗീതമാകൂ…,

സദാചാരങ്ങളെ
പാതി മറച്ച കാട്ടുപൊന്തകൾക്കുള്ളിലെ
ശ്ലീലമല്ലാത്ത
പ്രണയ ലീലകളിലേക്ക്
ഒളിഞ്ഞുനോക്കൂ…
പാടുന്ന ഒരു പൈങ്കിളിയാകൂ…,

നിയതവൃത്തത്തിലൊതുങ്ങി
നറുതേൻ പുരട്ടി
എത്രയെത്ര
അലങ്കാരകാവ്യങ്ങൾ തീർക്കാം…

അങ്ങനെയെങ്കിൽ
നിനയ്ക്കിനിയും പാടാം”
മരണത്തിൻ്റെ ഉദാരത !

കൊലക്കത്തി മുനയിൽ
കൊളുത്തി നീട്ടിയ
ഉടമ്പടികൾക്ക് മീതെ
കവിതകൾ പാദുകമാക്കി
കവി നടന്നു നീങ്ങി…
മരണം പെരുവഴിയിൽ
മരിച്ചു വീണു…
മറ്റൊരു ഉയിർത്തെഴുന്നേല്പില്ലാതെ..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകിനാവ്
Next articleതിരിച്ചറിവ്
കണ്ണൂർ സ്വദേശി. ആനുകാലിക മാഗസിനുകളിലും സോഷ്യൽ മീഡിയകളിലും എഴുതുന്നു. കവിതകളും ഗാനങ്ങളും ദൃശ്യാവിഷ്കാരത്തിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്. പ്രഥമ 'NTV പ്രവാസി എഴുത്തുകാരൻ' പുരസ്‌കാര ജേതാവാണ്. പുസ്തകങ്ങൾ: ലൈബ്രേറിയൻ മരിച്ചിട്ടില്ല, ലേബർക്യാമ്പുകളിലെ തലയിണകൾ (കവിതാസമാഹാരങ്ങൾ).

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English