സാഫോയുടെ കവിതകൾ

 

 

 

 

വിവർത്തനം – ആശാലത

 

വിവർത്തകയുടെ കുറിപ്പ് :

പെൺകവികളുടെ ആദിമാതാവായിരുന്നോ, ഒരേ സമയം ആഘോഷിക്കപ്പെടുകയും എന്നാൽ ചരിത്രത്തിൽ നിന്ന് അപ്രത്യക്ഷയാകുകയും ചെയ്ത ഈ കവി? പ്രാചീന ഗ്രീസിൽ ജീവിച്ചിരുന്ന സാഫോ ക്രിസ്തുവിനും 6 നൂറ്റാണ്ടു മുമ്പ്
ലെസ്ബോസിൽ ജനിച്ചതായി കണക്കാക്കുന്നു. (ബിസി 630 എന്നാണ് വിശ്വസിക്കുന്നത്).

സാഫോയുടെ വളരെക്കുറച്ച് കവിതകൾ മാത്രമേ കണ്ടെടുക്കപ്പെട്ടിട്ടുള്ളു. അവയിൽത്തന്നെ രണ്ടെണ്ണമൊഴികെ മറ്റെല്ലാം തന്നെ അപൂർണ്ണങ്ങളാണ്. സാഫോയുടെ വ്യക്തി ജീവിതത്തെക്കുറിച്ചും കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. ലെസ്ബോസിലെ ഒരു പ്രഭുകുടുംബത്തിലെ അംഗമായിരുവെന്നും എന്തോ രാഷ്ട്രീയ കാരണത്താൽ കുടുംബത്തെയപ്പാടെ സിസിലിയിലേക്ക് നാടുകടത്തിയെന്നും ഒരു കഥയുണ്ട്.
സാഫോക്ക് നിരവധി പെൺകൂട്ടുകാരും ശിഷ്യകളുമുണ്ടായിരുന്നുവെന്നും സ്വവർഗ്ഗ പ്രണയത്തിൽ തൽപ്പരയായിരുന്നുവെന്നും കരുതപ്പെടുന്നു. സാഫോയുടെ ലഭ്യമായ കവിതകളിൽ അതിൻ്റെ സൂചനകളുണ്ട്. ലെസ് ബോസിൽ നിന്നാണത്രേ ലെസ്ബിയൻ എന്ന വാക്കുണ്ടായത്. സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനും സാമൂഹ്യ – സർഗ്ഗ ജീവിതങ്ങൾക്കും വിലക്കുകൾ മാത്രമുണ്ടായിരുന്ന പുരാതനഗ്രീസിൽ സാഫോ എങ്ങനെ അവയൊക്കെ മറികടന്നു എന്നതും എങ്ങനെ സ്വതന്ത്ര ജീവിതം നയിക്കുകയും കവിതയെഴുതുകയും ചെയ്തു എന്നതും അജ്ഞാതം.

പൗരാണിക ഗ്രീസ്സിൽ പത്താമത്തെ മ്യൂസ് എന്നാണത്രേ സാഫോ അറിയപ്പെട്ടിരുന്നത്. ഹോമറെപ്പോലെ ഇതിഹാസങ്ങളോ സോഫോക്ലീസിനെയോ അരിസ്റ്റോഫേനസിനെയോ പോലെ നാടകങ്ങളൊ എഴുതിയിട്ടില്ല. കണ്ടു കിട്ടിയത് ആകെ കുറച്ചു കവിതാശകലങ്ങൾ മാത്രം. പക്ഷെ അവയിൽ സ്ത്രൈണവും വന്യവുമായ ആസക്തിയുടെ ലോകം തുറക്കുന്നുണ്ട്.

പത്താമത്തെ മ്യൂസ് എന്നു വിളിക്കപ്പെട്ടിരുന്ന ഒരാളുടെ കവിതകൾ എങ്ങനെ നശിച്ചു? കവിതകൾ എഴുതി സൂക്ഷിച്ചിരുന്ന തോലിൻ്റെ യോ പാപ്പിറസിൻ്റെയോച്ചുരുളുകൾ നാശമായിപ്പോയതുകൊണ്ടോ? അതോ ആക്രമണങ്ങളിലോ അധികാര മാറ്റങ്ങളിലോ നശിച്ചുപോയതോ? ആർക്കറിയാം! മമ്മികളെ അടക്കം ചെയ്തയിടത്തു നിന്നു പോലും ചുരുളുകൾ കിട്ടിയിട്ടുണ്ടത്രേ.

ചുരുളുകൾ വായിക്കാനാവാത്ത വിധം നശിച്ചതുകൊണ്ടോ പ്രാചീന ഗ്രീക്കുഭാഷ വിവർത്തനം ചെയ്യുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പങ്ങൾ കൊണ്ടോ സാഫോ കവിതകൾക്ക് വ്യത്യസ്ത
വിവർത്തനങ്ങളാണുള്ളത്. ക്രീറ്റിലേക്കു വരൂ എന്ന് ഒരു മൊഴിമാറ്റം പറയുമ്പോൾ മറ്റൊന്ന് ക്രീറ്റ് വിട്ടു വരൂ എന്നാണ്. പല ഇംഗ്ലിഷ് വിവർത്തനങ്ങൾ പരിശോധിച്ചിട്ടാണ് ഇവ മലയാളത്തിൽ പരിഭാഷ ചെയ്തത്. സാഫിക്ക് സ്റ്റാൻസ എന്ന മുമ്മൂന്നു വരി വീതമുള്ള ഖണ്ഡങ്ങളിലാണ് സാഫോ എഴുതിയിരുന്നതത്രേ. ആലപിക്കാവുന്ന രീതിയിലാണ് രചിച്ചിരിരുന്നത്. ഈ മൊഴി മാറ്റത്തിൽ സാഫിക്ക് സ്റ്റാൻസയുടെ ഒരു നിഴൽ നിലനിറുത്താൻ ചെറിയ ശ്രമം നടത്തിയിട്ടുണ്ട്. സാഷാ ന്യൂബോണിൻ്റെ ഇംഗ്ലിഷ് വിവർത്തനത്തെ ആസ്പദമാക്കിയാണ് ഈ മൊഴിമാറ്റം.

 

 

1. ക്രീറ്റു വിടൂ

ക്രീറ്റു വിടൂ! എന്നടുത്തേക്കു വരൂ!
നിൻ്റെ മധുരിക്കുമാപ്പിൾത്തോട്ടത്തിലേക്ക്,
സുഗന്ധപ്പുക ചുറ്റുമൾത്താരയിലേക്ക് വരൂ

ചില്ലകൾക്കിടയിൽ കുളിരരുവി മന്ത്രിക്കുന്നു
റോസാച്ചെടികൾ നിലത്ത് നിഴലു വീഴ്ത്തുന്നു
വിറകൊളളുമിലകളിൽ നിന്നാലസ്യം പൊഴിയുന്നു

മെരുങ്ങിയ കുതിരകൾ പൂക്കൾക്കിടയിൽ മേയുന്നു
കാറ്റിൽ ശതപുഷ്പം; സ്വർണ്ണ ചഷകത്തി –
ലാനന്ദം ചാലിച്ചമൃതു പകരുക, അഫ്രോഡിറ്റീ

2.ആഥിസ്, നിനക്കുറപ്പുണ്ടാവണം

ആഥിസ്, നീയുറപ്പിക്കൂ
സാർദിസ്സിലിരുന്നാലും അനക്ടോറിയ നിന്നെയോർത്തിടുമെല്ലായ്പ്പോഴും

ഇവിടെപ്പങ്കിട്ടതാം ജീവിതമവൾക്കു നീ –
യൊരു ദേവത, നിൻ്റെ സംഗീത –
മവൾക്കളവറ്റതാമത്യാനന്ദം

സൂര്യനസ്തമിക്കുമ്പോൾ,
ചോപ്പനമ്പിളി ചൂഴും താരാ
വ്യൂഹത്തെനയിക്കുമ്പോൽ,

അവൾ തൻ വെട്ടമുപ്പുകടലിൽ പൂമേട്ടിലു-
മൊരുപോൽ വീഴിക്കുമ്പോൽ, ജ്വലിപ്പൂ
ലിഡിയൻ പെൺകിടാങ്ങൾക്കിടയിലിവൾ

പുലർമഞ്ഞ് കുളിപ്പിപ്പൂ
പനിനീർപ്പൂവിനെ, ലോലം കാശിത്തെറ്റിയെ,
പൂത്ത വാടാമല്ലികപ്പൂവെ

അവളലയുന്നൂ ലക്ഷ്യമില്ലാതെ ആഥിസ്സിനാ-
യിളം മുലകൾക്കകത്താഥിസ്സിനായി-
ട്ടവളുടെ ഹൃദയം കനം തൂങ്ങുന്നു.

നമ്മൾ കേൾക്കുന്നു : വരൂ വരൂ എന്നവ-
ളുറക്കെ കടലിന്നു കുറുകേ വിളിക്കുന്നൂ
ആയിരം കാതുള്ള രാവതേറ്റിരമ്പുന്നു.

3. ഇനി ഞാൻ കാണില്ല,       ആഥിസ്സിനെയൊരിക്കലും…

ഇനി ഞാൻ കാണില്ല ആഥിസ്സിനെയൊരിക്കലും
മരിച്ചുപോയിരുന്നെങ്കിൽ ഞാനെന്ന്
കരഞ്ഞു കൊണ്ടാണവൾ പോയത്

സാഫോ,നമുക്കെങ്ങനെ
താങ്ങാനാവുമീവേർപാട്?
പോവാനാവില്ലെനിക്കെന്ന് കരയുന്നു

സന്തോഷത്തോടെ പോകൂ
ഞാൻ പറയുന്നൂ,
നിന്നെയാരാധിച്ചവളെയോർമ്മിക്ക മറക്കാതെ

മറക്കാൻ പോകുമ്പോൾ
നമ്മളൊന്നിച്ചു പങ്കിട്ട
അസുലഭദിവസങ്ങളോർമ്മിക്കുക

ഒന്നിച്ചു ചേർന്നു നിൽക്കുമ്പോൾ
അഴിച്ചിട്ട നിൻ്റെ മുടിയിൽ ഞാൻ ചൂടിത്തന്ന
കരിങ്കൂവളം, പനീർപ്പൂമൊട്ട്

ശതപുഷ്പവും കുങ്കുമപ്പൂവും കോർത്തു
നിൻ്റെ കഴുത്തിൽ ഞാ-
നണിയിച്ച പൂമാല

മൃദു മെത്തയിൽ തലയിണകളിലാഴ്ന്നു നീ കിടക്കവേ
സുഗന്ധതൈലങ്ങൾ നിൻ്റെ
മെയ്യിൽ ഞാൻ പുരട്ടവേ

ചടച്ച പെൺകിടാങ്ങൾ നമുക്കാശിച്ചതെല്ലാം തന്നു
നമ്മളില്ലാതേയില്ല ദിവ്യമാം പൂങ്കാവുകൾ
നമ്മളെക്കൂടാതില്ല കൂട്ടായ നിമന്ത്രണം

ഇരുവർ നാമിവിടെ –
യൊന്നായിട്ടലയുമ്പോൾ
നിറഞ്ഞൂ തോപ്പിൽ പക്ഷിപ്പാട്ടുകൾ.

 

 

(ആശാലത : – എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ ജനിച്ച ആശാലത മലയാളസാഹിത്യത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് Construction of gender images in contemporary Malayalam Cinema എന്ന വിഷയത്തിൽ പി.എച്ച്.ഡി. കടൽപ്പച്ച , എല്ലാ ഉടുപ്പും അഴിക്കുമ്പോൾ എന്നീ കവിതാ സമാഹാരങ്ങൾക്കു പുറമേ ചിത്രഗ്രീവൻ , സംഭാഷണങ്ങൾ, ആഗോളവൽക്കരണവും അസംതൃപ്തിയും എന്നീ പരിഭാഷകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആടിൻ്റെ വിരുന്ന് എന്ന വിവർത്തന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ പരിഭാഷയ്ക്കുള്ള അവാർഡ് ലഭിച്ചു.)

(C)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English