ജുവാൻ റാമോൺ ജിമിനസിന്റെ(1881- 1958) കവിതകൾ

 

ലോർക്കയുടെ അത്ര പ്രശസ്തി ജിമിനെസിന് ഒരിക്കലും ലഭിച്ചില്ല. ലോർക്കയുടെ അസ്വാഭാവിക മരണവും അദ്ദേഹത്തിനെ നിരന്തരം വേട്ടയാടിയ ഭരണകൂടവും മറ്റ് പല സാഹചര്യങ്ങളും ലോർക്കയുടെ ആഗോള പ്രശസ്തിക്കും കാരണമായിട്ടുണ്ട്. ജിമിനസ് ഏകാകിയായിരുന്നു. തന്റെ മുറിയും പുസ്തകങ്ങളും പ്രിയപ്പെട്ടവളുമായി അയാൾ ജീവിതം തള്ളിനീക്കി.

മഡ്രിഡിലെ കടലോര വസതിയിൽ , കുറച്ചുനാൾ താമസിച്ച ന്യൂയോർക്കിൽ, സന്ദർശകരെ ഭയന്ന് , തന്റെ ഏകാന്തത ഉടയുമെന്ന് പേടിച്ച് ജീവിച്ച ജിമിനസിനെപറ്റി ലോർക്കതന്നെ പറയുന്നുണ്ട്.

കവിത പലപ്പോഴും തുടർച്ചയുടെ വെളിച്ചമാണ്. ഒരാൾ കൊളുത്തിയ തിരി മറ്റൊരാൾ ഏറ്റെടുക്കുകയും അതിന്റെ വെളിച്ചം അടുത്ത തലമുറയിലേക്ക് കൈമാറുകയും ചെയ്യുന്നു. ജുവാൻ റാമോൺ ജിമിനസിന്റെയും ഫെഡ്രിക്കോ ഗാർസിയ ലോർക്കയുടെയും കാവ്യ ജീവിതങ്ങൾ ഇത്തരത്തിൽ കൗതുകകരമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് ഇവരെ ഇംഗ്ളീഷിലേക്ക് തർജമ ചെയ്ത അമേരിക്കൻ പൊയ്റ്റ് റോബർട്ട് ബ്ലൈ അവകാശപ്പെടുന്നു.

ജിമിനസിനെപ്പോലെ ലോർക്കയും ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ അമേരിക്ക സന്ദർശിക്കുന്നുണ്ട് , ജിമിനസിനെപ്പോലെ ലോർക്കയുടെ കവിതയിലും ശൈലിയുടെ യാന്ത്രികതക്ക് പകരം ഐന്ദ്രികമായ അനുഭവങ്ങൾക്ക് പ്രാധാന്യം കൂടുതലുണ്ട്.

ജിമിനസ് വളരെ കുറച്ചു മാത്രം എഴുതി. അയാൾ നിർത്തിയിടത്തു നിന്ന് ലോർക്ക ആ ശ്രമങ്ങളെ മുന്നോട്ടു കൊണ്ടുപോയി. മുൻപ് പറഞ്ഞപോലെ,
കവിത പലപ്പോഴും തുടർച്ചയുടെ വെളിച്ചമാണ്.

 

1.സംഗീതം

 

നിറവെളിച്ചത്തിലൂടെ
ഭ്രാന്തമായോടും
നഗ്നയാം പെണ്ണ്.

 

2. കടിഞ്ഞാൺ

 

സന്ധ്യതൻ
കടിഞ്ഞാൺ വലിച്ച്‌,
ഞാൻ ജീവിതത്തിലേക്കെത്തി.

ഉറക്കത്തിലെ പൂക്കൾ,
അവരെന്നെ എങ്ങനെ
നോക്കിയെന്നോ,
ഭ്രാന്തമായ് ,
നിലാവിലേക്കവരുടെ
കൈയുയർത്തി…

3. കടലുകൾ

 

എന്റെ യാനം
ഈ ആഴനീലയിൽ
കുടുങ്ങിയെന്ന തോന്നൽ.

എന്നിട്ടെന്ത്?

ഒന്നുമില്ല ,
ഒന്നും സംഭവിച്ചില്ല,
നിശബ്ദതയും
തിരകളും മാത്രം…

ഒന്നുമില്ലേ
ഒന്നും സംഭവിച്ചില്ലേ…

അതോ എല്ലാം
നടന്നുകഴിഞ്ഞെന്നോ?

പുതുതീരത്തിൻ
വക്കിലോ നമ്മൾ…

4.ഇതളുകൾ ഓരോന്നായി ഞാൻ
എടുത്തു

 

നിന്റെ ആത്മാവ് തേടി,

ഇതളുകൾ ഓരോന്നായി
ഞാൻ അടർത്തിയെടുത്തു.

കണ്ടുകിട്ടിയില്ല.

അതെന്തായാലും കടലിനും
കരയ്ക്കുമിടയിലെ ചക്രവാളം,
അനാദിയായവയെല്ലാം
അത്ഭുതകരമായ സുഗന്ധത്തിൽ
തുടുത്തുനിന്നു…

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here