മുൻകാല കവിതകൾ ; സീരീസ്

This post is part of the series മുൻകാല കവിതകൾ ; സീരീസ്

Other posts in this series:

  1. മുൻകാല കവിതകൾ ; സീരീസ്
  2. മുൻകാല കവിതകൾ : സീരീസ്
  3. മുൻകാല കവിതകൾ ; സീരീസ്

 

കെ.അയ്യപ്പപ്പണിക്കരുടെ രണ്ടു കവിതകൾ

 

 

 

 

ഗോപികാദണ്ഡകം

അറിയുന്നു ഗോപികേ നിന്നെ ഞാനെന്റെയീ
വരളുന്ന ചുണ്ടിലെ നനവാര്‍ന്നൊരോര്‍മ്മതന്‍
മധുവായ് മധുരമായ് അറിയുന്നു നിന്നെ ഞാന്‍
ഗോപികേ നിന്റെയീ ചിരകാല വിരഹത്തില്‍
ഒരുനാളിലുറയുന്ന കനിവായ് കാവ്യമായ്
അറിയുന്നു ഗോപികേ നിന്നെ ഞാന്‍
അറിയുന്നു ഗോപികേ..

നിന്നെ ഞാന്‍ തിരയുന്നു തിരകോതി നിറയുന്ന
കാളിന്ദിയുണരുന്ന പുതുമോഹ യാമങ്ങളില്‍
ഗോക്കളലയുന്ന വൃന്ദാവനത്തിന്റെ വൃക്ഷതണല്‍പറ്റി
യെന്തോ കളഞ്ഞത് തേടുന്ന കാറ്റായ്
കാറ്റിലെ നവപുഷ്പ രാഗാര്‍ദ്ര സുസ്മേരമായെന്റെ
ഗതകാല വിസ്മൃതി തിരമാലചാര്‍ത്തുന്നൊര-
ഴലായഴല്‍ ചേര്‍ന്നൊരാഴകായി നിന്നെ ഞാന്‍
അറിയുന്നു ഗോപികേ..
അറിയുന്നു ഗോപികേ..

വിജനത്തിലേകാന്ത ഭവനത്തിലൊറ്റയ്ക്ക്
തഴുതിട്ട കതകിന്റെ പിറകില്‍ തളര്‍ന്നിരു
ന്നിടറുന്ന മിഴികളാല്‍ സ്വന്തം മനസ്സിനെ
മുകരുന്ന ഗോപികേ..
വിരലാല്‍ മനസ്സിന്റെ ഇതളുകള്‍ തടവുമ്പോള്‍
ഇടനെഞ്ചിലിടിവെട്ടും ഏകാന്ത ശോകത്തിന്‍
ഇടയുന്ന കണ്‍പോള നനയുന്ന ഗോപികേ
ഇടയുന്ന കണ്‍പോള നനയുന്ന ഗോപികേ

ഇടയനെ കാണുവാന്‍ ഓടിക്കിതയ്ക്കാതെ
ഓടക്കുഴല്‍ വിളി കാതോര്‍ത്തു നില്‍ക്കാതെ
എവിടെയാണവിടെ നീ ഇവനെ സ്മരിച്ചു-
കൊണ്ടഴലും പരാതിയും കൈമലര്‍ക്കുമ്പിളില്‍
തൂവാതെ നിര്‍ത്തി നുകരുന്ന ഗോപികേ

തഴുതിട്ട വാതില്‍ തുറന്നാലുമോമല്‍
തളരാതെ കൈയ്യെത്തി നീട്ടിപിടിയ്ക്കൂ
തഴുകൂ തടം തല്ലിയാര്‍ക്കുന്ന യമുനതന്‍
തിരമാല പുല്‍കുന്ന തീരമാമിവനെ നീ തഴുകൂ
തഴുകൂ തണുപ്പിന്റെ ചൂടും ചൂടിന്‍ തണുപ്പും
പകരുന്ന ഹേമന്തമായി പടരൂ
പടരൂ തീനാളമായി പിടയൂ
പിടയുന്ന ചോരക്കുഴലൊത്തൊരോടക്കുഴലായ്
വന്നെന്റെ ചുണ്ടില്‍ തുടിയ്ക്കൂ..
തൊടുക്കൂ തുടം ചേര്‍ന്നൊരോമല്‍ പശുവിന്റെ
മുലപോലെ മാര്‍ദ്ധവം വിങ്ങി ചുരത്തൂ
മധുമാസ വധുവിന്റെ സമ്മാനമാകുമീ
വനമാല പങ്കിട്ടെടുക്കൂ
ചിരിയ്ക്കൂ.. ചിരിയ്ക്കൂ മൃദുവായി മിഴിനീരില്‍
ഉലയുന്ന മഴവില്ലുപോല്‍ പുഞ്ചിരിയ്ക്കൂ..

തളകെട്ടി വളയിട്ടു താളം ചവിട്ടി
തളിരൊത്ത പാവാട വട്ടം ചുഴറ്റി
പദപാദ മേളം മയക്കും നികുഞ്ജങ്ങള്‍
അവിടത്ര ഗോപിമാര്‍ അവിടെ നീ പോകേണ്ട
അവിടെ നീ പോകേണ്ടതവരുടെ മാര്‍ഗ്ഗമെന്നറിയൂ
നിനക്കു നിന്‍ മാര്‍ഗ്ഗം വിഭിന്നമാണതുഞാനെന്നറിഞ്ഞെന്നറിയൂ

ഗോപികേ വീണ്ടുമിന്നറിയുന്നു ഞാന്‍
ഗോപികേ വീണ്ടുമിന്നറിയുന്നു ഞാന്‍
നിന്റെ പരിദേവനം നിറയാതെ നിറയുന്ന
കാടുമമ്പാടിയും ജലമെങ്ങുതിരയുന്ന പുല്ലും
പുല്ലെങ്ങു തിരയുന്ന പശുവും
പശുവെങ്ങ് തിരയുന്നൊരിടയക്കിടാങ്ങളും
വനരാജി പതയുന്ന നറുവെണ്‍നിലാവും
രസരാസ കേളിയും മഴവന്ന കാലത്ത്
മലയേന്തി നില്‍ക്കുന്ന നിലയും
മദകാളിയന്‍ വിഷം ചീറ്റുന്ന പത്തികളില്‍
അലിവോടെ കേറിയടവറുപത്തിനാലും
കൊരുക്കുന്ന കാലുകളും
ഉടയാട കിട്ടുവാന്‍ കൈകൂപ്പി നില്‍ക്കുന്ന സഖികളും
ശൂന്യമായ് ഒരു തേങ്ങലായ്
നിഴല്‍ വീശും കടമ്പിന്റെ മുരടിച്ച കൊമ്പും
ഇന്നവയോര്‍മ്മമാത്രമെന്നറിയുന്നു ഞാന്‍
ഇനി പിരിയേണ്ട കാലത്തു പിരിയുന്നതും-
വേണ്ടതറിയുന്നു ഗോപികേ…
അറിയുന്നു ഗോപികേ….

 

 

 

വിട

 

വിട പറയാന്‍ സമയമായില്ല എന്നുതന്നെയാകട്ടെ.
ആര്‌ ആരോടാണ്‌ വിട പറയുന്നത്‌?
സുഹൃത്ത്‌ സുഹൃത്തിനോട്‌ വിട പറയുമോ?
പറയാന്‍ സാധിക്കുമോ? എന്നെങ്കിലും?
പിന്നെ ആരാണ്‌ വിട പറയുന്നത്‌? പറയേണ്ടത്‌?
നമ്മെ ദ്രോഹിച്ചവരോട്‌, ചതിച്ചവരോട്‌,
നമ്മോടു നന്ദികേടു കാണിച്ചവരോട്‌
അവര്‍ക്കു മാപ്പു കൊടുക്കാന്‍ പറ്റുമോ?
ഒരു ജീവിതത്തില്‍ ഒരിക്കലല്ലേ തെറ്റുപറ്റാന്‍ പാടുള്ളു?
തെറ്റിനോടാണു വിട പറയാവുന്നത്‌.
വിട പറയുമ്പോള്‍ മുഖം ശാന്തമായിരിക്കണം.
ശരീരം ഉടയരുത്‌
മുഖം ചുളിയരുത്‌
സ്വരം പതറരുത്‌
കറുത്ത മുടി നരയ്ക്കരുത്‌
നരച്ച മുടി കൊഴിയരുത്‌
വിട പറയുമ്പോള്‍ നിറഞ്ഞ യൗവനമായിരിക്കണം
എന്താണു പറയേണ്ട വാക്കുകള്‍?
ഇനിയും കാണാമെന്നോ?
ഇനിമേല്‍ ഇങ്ങോട്ടു വരണ്ടെന്നോ?
എന്തിനാണു വിടപറയുന്നതെന്നോ?
അതിനെപ്പറ്റിയൊക്കെ ചര്‍ച്ച ചെയ്ത്‌
വിട പറയാന്‍ മറന്നുപോയവരെ മറന്നുപോയോ?
എന്തിനാണു വെറുതെ വിട പറയുന്നത്‌?
ആരും ആരെയും വിട്ടുപോകുന്നില്ല.
ആരെ ആര്‍ക്ക്‌ എന്തു പരിചയം?
വിട്ടുപോകുന്നില്ലെങ്കില്‍ പിന്നെന്തിനു വിട?
പക്ഷേ, ഇതൊരു ചടങ്ങാണു, സുഹൃത്തേ.
വിട പറയുന്നതില്‍ ഒരു രസമുണ്ട്‌
അതൊരനുഷ്ഠാനമാണ്‌
മനസിന്‌ അതു ശാന്തി നല്‍കുന്നു
മുന്‍കൂര്‍ വിട പറഞ്ഞുവച്ചാല്‍
സമയത്തു മറന്നുപോയി എന്നു പരാതിപ്പെടേണ്ടിവരില്ല
ഇതാ നമുക്കു പരസ്പരം വിട പറയാം
അല്ലെങ്കില്‍ ഈ ഭൂമിയോട്‌, ഇന്നത്തെ സൂര്യനോട്‌

ഇത്രയും പറഞ്ഞിട്ട്‌ ഇനി വിട പറയാതിരുന്നാല്‍ മോശം.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English