This post is part of the series മുൻകാല കവിതകൾ ; സീരീസ്
Other posts in this series:
ആറ്റൂരിന്റെ രണ്ടു കവിതകൾ
1. തെണ്ടി
അവൻ ആരുടെയും സ്നേഹത്തെപ്പറ്റി പറഞ്ഞില്ല
ക്രൂരതയുടെ സ്വാർത്ഥത്തെപ്പറ്റി പറഞ്ഞു
പ്രണയത്തെപ്പറ്റി പറഞ്ഞില്ല
മരണത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു
പുലരിയിൽ കൂകിയുണർന്നില്ല
പാതിരാക്കൂമനായി മൂളി.
മധുരമുണ്ടായിരുന്നില്ല നാവിൽ
കയ്പ്പായിരുന്നു തൊണ്ടയിൽ
പാറ പിളർക്കുന്ന മഴുകൊണ്ട്
ആകാശം പണിയാനാവില്ല
പാതാളം തുരന്നു.
പൂക്കളിൽനിന്നു തേനുണ്ടില്ല
വിഷമായിരുന്നു പാനീയം.
തോടായിരുന്നു പാത്രം
തോലായിരുന്നു ഉട
തലയ്ക്കോളമായിരുന്നു
ചോടുവച്ചേടം ചുടലയായിരുന്നു
നോട്ടത്തിൽ തീയ്യായിരുന്നു
സുന്ദരനായിരുന്നു അവൻ
2. ഒപ്പ്
അമ്മമ്മ മഷിപുരട്ടിയ തള്ളവിരൽ
കടലാസ്സിൽ അമർത്തുകയാണ്
പതിവ്.
പത്താം തരത്തിൽ വച്ചാണ്
എനിക്ക് ഒപ്പുണ്ടായത്.
യൗവനം പോലെ.
പിന്നെ ഒപ്പിടൽ തന്നെ.
പണം കിട്ടാൻ
അപേക്ഷിക്കാൻ കൽപ്പിക്കാൻ
ഒരൊപ്പിന്നു ഉള്ള കണ്ടം
പോയി ഒരിക്കൽ.
പോലീസുകാരൻ മീശ പിരിച്ചു
കണ്ണുരുട്ടി
ഒപ്പിടുവിച്ചു ഒരിക്കൽ.
പിന്നെ അടുത്തുള്ള കക്ഷിക്കാർ
വന്നു മധുരം ചൊല്ലി ഒരിക്കൽ.
ചങ്ങാതിമാർക്കു വേണ്ടി
അനുകൂലമായും പ്രതികൂലമായും
എത്രയോ.
എന്റെ കള്ളൊപ്പിട്ടു
ബാങ്കിലെ ഏൽപ്പിച്ച പണം
കൊണ്ടുപോകലും ഉണ്ടായിട്ടുണ്ട്.
പുതിയ എന്റെ ഒപ്പ്
പഴയ എന്റെ ഒപ്പല്ലെന്ന്
പണ്ടത്തെ ഞാൻ വളരെ
മാറിയിരിക്കുന്നെന്ന്
എന്നെ അംഗീകരിക്കില്ലെന്ന്
പഴയ ഞാനാകാൻ
വളരെ വിഷമമായിരിക്കുന്നു.
(ആറ്റൂർ രവിവർമ്മയുടെ കവിതകൾ
ഭാഗം രണ്ട് 1995-2003
ഡി സി ബുക്ക്‌സ്)
തുടർന്ന് വായിക്കുക :
മുൻകാല കവിതകൾ ; സീരീസ്
Click this button or press Ctrl+G to toggle between Malayalam and English