മുൻകാല കവിതകൾ ; സീരീസ്

This post is part of the series മുൻകാല കവിതകൾ ; സീരീസ്

Other posts in this series:

  1. മുൻകാല കവിതകൾ ; സീരീസ് (Current)
  2. മുൻകാല കവിതകൾ ; സീരീസ്
  3. മുൻകാല കവിതകൾ ; സീരീസ്

 

കൊടുത്തു മുടിഞ്ഞ മാവ്‌

 

 

പി. കുഞ്ഞിരാമൻ നായർ

 

 

പൂനിലാച്ചന്ദനച്ചാറു പൂശി
സൂര്യപ്രകാശപ്രസാദമേശി
വിണ്ണിൽ തലപൊക്കി നിൽക്കുന്നു നീ
എല്ലാം കൊടുത്തു മുടിഞ്ഞ മാവേ!

നേടിയതൊക്കെയുമെണ്ണിക്കെട്ടി-
പ്പൂട്ടി വയ്ക്കുന്ന പിലാവുകളും
അള്ളിപ്പിടിച്ചു പുറത്തുകാട്ടാ-
തുള്ളിലൊതുക്കും കവുങ്ങുകളും

പച്ചരത്നങ്ങൾ കുലകുലയായ്‌
സൂക്ഷിച്ചുപോരുന്ന തെങ്ങുകളും
നാമ്പുകളൊക്കെയും സ്വർണ്ണമായി
മാറ്റിവെയ്ക്കും കണിക്കൊന്നകളും

ചുറ്റും നിന്നുറ്റുനോക്കുന്നു നിന്റെ
അമ്പരപ്പിക്കുന്ന ധാരാളിത്തം.
വൻചതിപ്പോരിൽ ജയിച്ചു മാറ്റാൻ
നിൻ ചതുരംഗക്കരുക്കൾ പോയി
കോട്ടമറ്റെന്നും തുറന്നിട്ടതാം
ഊട്ടുപുരവാതിൽ പൂട്ടിപ്പോയി

നാലുകെട്ടാകെത്തളർന്നു മച്ചിൽ
പൂത്തിരിയെണ്ണവിളക്കില്ലെന്നാൽ
വിണ്ണിൽ തലപൊക്കി നിൽക്കുന്നു നീ
എല്ലാം കൊടുത്തു മുടിഞ്ഞ മാവേ!

കോട്ടമറ്റെല്ലാം നിറഞ്ഞ കാലം
വീട്ടുമുറ്റത്തെ തിരക്കോർക്കുന്നു
ഊട്ടുപുരയിൽ ചടഞ്ഞുകൂടി
കാക്കകൾ വാവൽ കുരുവികളും
സർവ്വാണിയെന്നും പെരുകും കൂട്ടം
നിത്യം വിരുന്നുകൾ, സദ്യവട്ടം

ആളില്ലയർത്ഥങ്ങളില്ല ചുറ്റു-
പാടു വിജനശ്മശാനമിപ്പോൾ
എന്നാൽ തലപൊക്കി നിൽക്കുന്നു നീ
എല്ലാം കൊടുത്തു മുടിഞ്ഞ മാവേ!

തേൻകണപ്പൂമ്പനിനീരു പാറ്റി
പൂന്തണൽപ്പായ വിരിച്ചു നീളെ
തേൻകനിപ്പൂക്കുട നൽകി വന്ന
കൂട്ടരെയൊക്കെയും സൽക്കരിച്ചു

സർവ്വചരാചരമൂലകന്ദം
സത്യപ്പൊരുളിനെയുള്ളിൽ നണ്ണി
ഭേദമനോഭാവമറ്റു, വന്ന
കൂട്ടരെയൊക്കെയും സൽക്കരിച്ചു

വല്ലായ്മ വായ്ക്കിലും അർത്ഥികളോ-
ടില്ലെന്നൊരുവാക്കു ചൊല്ലീല നീ
നീയുറപ്പിച്ച കുടുംബം പോറ്റും
വന്ന പരമ്പരാദാനധർമ്മം

നിൻ തറവാട്ടിൽ പരാർത്ഥസ്നേഹ-
ത്യാഗവിളക്കു കെടാതെ കത്തി
എല്ലാം കഴിഞ്ഞൊരുനാൾ പുലരെ
കൂർത്ത മഴുപ്പട മുറ്റത്തെത്തി

സമ്മാനം, പാവനജീവിതത്തിൽ
സമ്മാനം നൽകാനവർ മുതിർന്നു
ഭോഗത്തിനാവാം മഴുവാ സ്നേഹ-ത്യാഗത്തിൻ തായ് വേരിലാഞ്ഞു വെട്ടി
എങ്കിലും നീ തലപൊക്കി നിന്നൂ
എല്ലാം കൊടുത്തു മുടിഞ്ഞ മാവേ!

സ്വർണ്ണക്കതിരുകൾ വാരിവീശി
ക്കന്നിക്കതിരോൻ മറയുന്നേരം
വെട്ടേറ്റുയിർ മങ്ങിക്കൂപ്പി, രത്ന-
ഗർഭതൻ കാൽക്കൽ നമസ്ക്കരിച്ചു

സ്വാർത്ഥമരുഭൂവിൽ നീ നട്ടതാം
സാത്വിക നിഷ്കാമകർമ്മയോഗം
നിന്നോർമ്മ, നിൻപേർ, തഴച്ചു വീണ്ടും
എല്ലാം കൊടുത്തു മുടിഞ്ഞ മാവേ!

 

 

(C) പി. കവിതകൾ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here