This post is part of the series മുൻകാല കവിതകൾ ; സീരീസ്
Other posts in this series:
- മുൻകാല കവിതകൾ ; സീരീസ് (Current)
- മുൻകാല കവിതകൾ : സീരീസ്
- മുൻകാല കവിതകൾ ; സീരീസ്
1. തുന്നൽക്കാരൻ
അപ്പുക്കുട്ടി ഒരു തുന്നൽക്കാരൻ
അടുപ്പമുള്ളവർ അയാളെ
അപ്പു എന്നും കുട്ടി എന്നും വിളിക്കും,
എന്തു വിളിച്ചാലും
അയാൾ വിളികേൾക്കില്ല.
കവലയിൽ
റേഷൻകട, അമ്പട്ടക്കട
ചായക്കട, വായനശാല…
അവക്കിടയിലോ പിന്നാമ്പുറത്തോ
അപ്പുക്കുട്ടിയുടെ തുന്നൽക്കട,
കട ഒരു സങ്കൽപ്പം.
വംശനാശം വന്ന
ഏതോ ജീവിയുടെ ഫോസിൽ പോലെ
ഒരു ആദ്യകാല തുന്നൽയന്ത്രം മാത്രം കാണാം,
ചിലപ്പോൾ അതും കാണില്ല.
പകൽസമയങ്ങളിൽ
അപ്പുക്കുട്ടിയെ
ആരും അവിടെ കാണില്ല.
കണ്ടാൽതന്നെ തിരിച്ചറിയുകയുമില്ല.
കാരണം, അയാളെ ആരും
ഇന്നേവരെ പകൽവെളിച്ചത്തിൽ
കണ്ടിട്ടില്ല.
ഉടുപ്പ് തുന്നേണ്ടവരുടെ അളവെടുക്കാൻ
അപ്പുക്കുട്ടി വീടുകൾ കയറിയിറങ്ങുക
പകലാണ് എന്നാണ് പറയുന്നത്.
അത് സത്യമായാലും
കെട്ടുകഥയായാലും
ഇന്നലെ എന്നെക്കാണാൻ
അപ്പുക്കുട്ടി വന്നു,
ഞാനറിയാതെ എന്റെ അളവുകൾ
അടിമുടിയെടുത്തുപോയി.
ഇന്ന് നേരം പുലർന്നപ്പോൾ
സ്വപ്നത്തിൽ പോലും
ഞാൻ അണിയില്ല എന്ന് കരുതിയ
ഒരു പുത്തൻ ഉടുപ്പണിഞ്ഞു
ഞാൻ കിടക്കുന്നു.
രാത്രിയാണത്രെ
അപ്പുക്കുട്ടിയുടെ തുന്നൽ ,
മണ്ണിരകളും ഇരുതലമൂരികളും
ഭൂമി ഉഴുതു മറിക്കുന്നതു പോലെ.
2. ശിക്ഷ
ഒടുവില്‍ എന്നെ
എന്നിലേയ്ക്കുതന്നെ
നാടുകടത്താന്‍
ഞാന്‍ തീരുമാനിച്ചു.
ഞാന്‍
ഒരു രാജ്യമായിരുന്നെങ്കില്‍
ആ രാജ്യത്തിനെതിരെ
ഞാന്‍ നടത്തിയ
ഗൂഢാലോചനകള്‍
അട്ടിമറിശ്രമങ്ങള്‍,
കലാപങ്ങള്‍
എല്ലാം പരിഗണിക്കുമ്പോള്‍
ഇതിലും കുറഞ്ഞൊരു ശിക്ഷ
എനിക്കുപോലും വിധിക്കാന്‍ കഴിയില്ല,
എനിക്കെതിരെ.
ജനിക്കുന്നതിനു മുമ്പുതന്നെ
എനിക്കു ഭാര്യയും
മക്കളുമുണ്ടായിരുന്നു.
എത്ര ജന്മങ്ങള്‍ ജീവിച്ചുതീര്‍ത്താലും
തീരാത്ത പാപങ്ങളും കടങ്ങളും.
ചങ്ങമ്പുഴയോ ഷെല്ലിയോ
കീറ്റ്സോ ആയിരുന്നു ഞാനെങ്കില്‍
ജനിക്കുന്നതിനുമുമ്പുതന്നെ
ക്ഷയരോഗം വന്നോ
ബോട്ടപകടത്തില്‍പ്പെട്ടോ
മരിക്കേണ്ടവനായിരുന്നു ഞാന്‍.
പോയ നൂറ്റാണ്ടിന്റെ
ആദ്യപകുതിയിലോ
അതിനുമുമ്പത്തെ
ഏതെങ്കിലും നൂറ്റാണ്ടിന്റെ
അവസാനത്തിലോ ആയിരുന്നു
എന്റെ ജനനമെങ്കില്‍
കലിംഗ
കുരിശ്
പ്ലാസി
ശിപായി
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍
ഇവയിലേതിലെങ്കിലും
കൊല്ലപ്പെടുമായിരുന്നു ഞാന്‍.
ഞാന്‍
ഒരു ദ്വീപോ
മരുഭൂമിയോ ആയിരുന്നെങ്കില്‍
എന്നെപ്പോലെ
ഒരു കുറ്റവാളിയെ തുറന്നുവിടാന്‍
എന്നെക്കാള്‍ ഏകാന്തവും
തണുത്തുറഞ്ഞതും
ചുട്ടുപൊള്ളുന്നതുമായ ഒരിടം
വേറെയില്ല.
Click this button or press Ctrl+G to toggle between Malayalam and English