ഉലാവ് ഹേഗ് എഴുതിയിരുന്നത് ‘നൈനോർസ്ക്“ (Nynorsk) എന്ന നോർവ്വീജിയൻ ഭാഷാഭേദത്തിലാണ്; നോർവ്വേയുടെ ഈ തനതുഭാഷ പിന്നീട് ചരിത്രപരമായ കാരണങ്ങളാൽ ഗ്രാമീണമേഖലയിലേക്കൊതുങ്ങുകയായിരുന്നു. 1380 മുതൽ 1814 വരെ നോർവ്വേ ഡെന്മാർക്കിന്റെ ഭരണത്തിൻ കീഴിലായിരുന്നു. സർക്കാരും സഭയും ഡാനിഷോ ഡെന്മാർക്കിൽ പഠിച്ചവരെങ്കിലുമോ ആയിരുന്നു. അതിനാൽ ഡാനിഷ് ആധാരമായ ബൊക്മൽ (Bokmal) എന്ന നോർവ്വീജിയൻ ഭാഷാഭേദം അധികാരത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായി. ഇതുകൊണ്ട് നഗരവാസികൾക്കും ഗ്രാമീണനോർവ്വേക്കുമിടയിലുണ്ടായ ധ്രുവീകരണം ഇന്നും പരിഹൃതമായിട്ടില്ല. നിയമപരമായി രണ്ടു രൂപങ്ങൾക്കും ഒരേ പദവിയാണുള്ളതെങ്കിലും ബൊക്മലിൽ എഴുതുന്ന എഴുത്തുകാർക്ക് കൂടുതൽ വായനക്കാരെ കിട്ടുമെന്ന ആനുകൂല്യമുണ്ട്. റോൾഫ് ജേക്കബ്സെനെ(Rolf Jacobsen)പ്പോലെ ബൊക്മലിലാണ് എഴുതിയിരുന്നതെങ്കിൽ എത്രനേരത്തേ അദ്ദേഹം അംഗീകരിക്കപ്പെടുമായിരുന്നു. ഗ്രാമീണജനതയേയും ഗ്രാമീണമൂല്യങ്ങളേയും പ്രതിനിധീകരിക്കുന്ന ഒരു ഭാഷയിലേ താൻ എഴുതൂ എന്ന ഉലാവ് ഹേഗിന്റെ ശാഠ്യം നോർവ്വീജിയൻ ആവുക എന്നാൽ എന്താണ് എന്നതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ഒരു പ്രസ്താവനയാണ്.
പ്രശസ്തനായ നോർവ്വീജിയൻ കവി ഉലാവ് എച്ച്. ഹേഗിന്റെ തിരഞ്ഞെടുത്ത കവിതകളും ഡയറിക്കുറിപ്പുകളും “ഇലക്കുടിലുകളും മഞ്ഞുവീടുകളും” എന്ന പേരിൽ ഐറിസ് ബുക്സ്, തൃശ്ശൂർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വില 130 രൂപ. പുസ്തകം ആവശ്യമുള്ളവർ 9446278252 എന്ന വാട്ട്സാപ്പ് നമ്പരിലേക്കോ irisbooks17@gmail എന്ന മെയിലിലേക്കോ മേൽവിലാസം അയക്കുക
Click this button or press Ctrl+G to toggle between Malayalam and English