ഹയർ സെക്കന്‍ററി സ്‌പെഷ്യൽ കാറ്റഗറി പ്രവേശനത്തിന് അപേക്ഷിക്കാം

സ്‌കോൾ-കേരള മുഖേനെ 2019-20 അധ്യയന വർഷത്തെ ഹയർ സെക്കണ്ടറി കോഴ്‌സ് സ്‌പെഷ്യൽ കാറ്റഗറി (പാർട്ട് III മാത്രം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 30 വരെ www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേനെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

ഹയർ സെക്കണ്ടറി കോഴ്‌സിൽ എല്ലാ വിഷയങ്ങളും വിജയിച്ച വിദ്യാർഥികൾക്ക് മുൻ പരീക്ഷ റദ്ദ് ചെയ്യാതെ സ്‌കോൾ-കേരള മുഖാന്തിരം പുതിയൊരു സബ്ജക്ട് കോമ്പിനേഷൻ (പാർട്ട് III മാത്രം) തെരഞ്ഞെടുത്ത് പഠിക്കാൻ സാധിക്കും. പുതുതായി തെരഞ്ഞെടുക്കുന്ന സബ്ജക്ട് കോമ്പിനേഷനിൽ മുമ്പ് വിജയിച്ചിട്ടുളള വിഷയങ്ങളുടെ പരീക്ഷ വീണ്ടും എഴുതേണ്ടതില്ല. എന്നാൽ പുതിയ കോമ്പിനേഷനിൽ രണ്ട് വർഷം പഠിക്കണം. കോഴ്‌സ് സംബന്ധമായ വിശദവിവരങ്ങൾ സ്‌കോൾ-കേരളയുടെ വെബ്‌സൈറ്റിൽ ലഭിക്കും.

രജിസ്‌ട്രേഷന്റെ ആദ്യ ഘട്ടത്തിൽ വിദ്യാർഥിയുടെ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തി, നിർദിഷ്ട ഫീസ് അടക്കുന്നതിനുളള ചെലാൻ ജനറേറ്റ് ചെയ്യണം. രണ്ടാം ഘട്ടത്തിൽ, നിശ്ചിത ഫീസ് പോസ്റ്റ് ഓഫീസിൽ അടച്ച്, ലഭിക്കുന്ന രസീതിലെ ഇൻവോയിസ് നമ്പറും, മറ്റ് നിർദിഷ്ട വിവരങ്ങളും ഓൺലൈൻ അപേക്ഷയിലെ നിർദിഷ്ട ഫീൽഡിൽ രേഖപ്പെടുത്തി അപേക്ഷാഫോം പ്രിന്റ് എടുക്കണം.

ഓൺലൈൻ രജിസ്‌ട്രേഷനു ശേഷം നിർദിഷ്ട രേഖകൾ സഹിതമുളള അപേക്ഷ രണ്ടു ദിവസത്തിനകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗ്ഗം അയക്കണം. കൂടുതൽ വിവരങ്ങൾക്ക് സ്‌കോൾ കേരള സംസ്ഥാന/ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടുക. ഫോൺ: 0471-2342950, 2342271, 2342369

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English