അരണാട്ടുകര ജോൺ മത്തായി സെന്റർ കാമ്പസിലെ തുറന്ന വേദിയിൽ 11, 12 ,13 തീയതികളിൽ ‘ഞാനും പോട്ടേ ബാപ്പാ ഒൽമാരം കാണുവാൻ’ എന്ന നാടകം അരങ്ങേറി’. തൃശൂർ സ്ക്കൂൾ ഓഫ് ഡ്രാമയിലെ വാർഷിക നാടകാവതരണപദ്ധതിയുടെ ഭാഗമായി 44 ഓളം ബി ടി എ – എം ടി എ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ രൂപപ്പെടുത്തിയ ഈ ദൃശ്യ – ശ്രാവ്യ ആവിഷ്കാരത്തിന്റെ വാചിക പാഠം രചിച്ചിരിക്കുന്നത് അൻവർ അലിയും രംഗപാഠം സംവിധാനം ചെയ്തിരിക്കുന്നത് നജ്മുൽ ഷാഹിയുമാണ്.
ലക്ഷദ്വീപുകളിൽ വായ്മൊഴിയായി പ്രചരിച്ചു പോരുന്ന ഒരു നാടോടി ഗാനകാവ്യത്തിന്റെ നാടകാവിഷ്കാരമാണ് ‘ _ഞാനും പോട്ടേ ബാപ്പാ ഒൽമാരം കാണുവാൻ_ ‘.
ദ്വീപുമനുഷ്യരുടെ ജീവിതത്തിലെ മിത്തുകളും ലഗൂൺപ്രകൃതിയിലെ ജന്തുജാലങ്ങളും നിറയുന്ന ഒരു മായക്കഥ. മേഘങ്ങൾ ഇരുണ്ടുപെയ്ത ഒരു പെരുമഴയത്ത് പെട്ടെന്നൊരു അത്ഭുതമരം കുരുത്തുയരുന്നു. അതു കാണാൻ നാനാദിക്കിൽ നിന്നും ആളുകളെത്തുന്നു. ആ മരത്തെ ചൂഴുന്ന നാടകീയ പരിണാമങ്ങളാണ് നാടകത്തിന്റെ ഇതിവൃത്തം.
ഒൽമാരപ്പാട്ടിലെ ശീലുകൾക്കുപുറമേ മറ്റു ചില തനതു ദ്വീപുപാട്ടുകളും കഥകളും ഇതിൽ സൂചിതമാവുന്നുണ്ട്. കിൽത്താൻ ദ്വീപിൽ വാമൊഴിയായി പ്രചരിച്ചിരുന്ന കഥാകാവ്യത്തിലെ വരികളും ഘടനയും ഏതാണ്ട് പൂർണ്ണമായും ഉപജീവിച്ചു കൊണ്ടാണ് ഇതിന്റെ വാചികപാഠരചന. രംഗപാഠരചനയാവട്ടെ, ദ്വീപും കടലും കാറ്റും സൂഫി സംഗീതഛായയും ഇടകലർന്ന ശബ്ദപഥത്തിന്റെ അന്തർധാര ഉടനീളം നിലനിർത്താൻ ശ്രമിച്ചു കൊണ്ടും. വാചികത്തിൽ, ലക്ഷദ്വീപുകളിലെ ഭാഷാഭേദമായ ജസരി വായ്മൊഴിശീലുകളും വടക്കൻ മലയാളത്താളങ്ങളും ഇടകലരുമ്പോൾ അവതരണത്തിൽ, പെൺജീവിതത്തിന്റെ ഒരേ സമയം സ്വച്ഛവും കലുഷവുമായ സ്വപ്നലോകവും അതിലൂടെ സ്വാതന്ത്ര്യത്തെ ക്കുറിച്ചുള്ള ഒരു പെൺസ്വപ്നവും ധ്വനിപ്പിക്കാൻ ശ്രമിക്കുന്നു.
Click this button or press Ctrl+G to toggle between Malayalam and English