പിച്ചക്കാരന്‍ കൊച്ചാപ്പു പിച്ച തെണ്ടിയാണ് ആ ഭീമന്‍ വീടിനു മുന്നിലെത്തിയത്.
“കൊച്ചമ്മാ…കൊച്ചമ്മാ… വിശന്നിട്ടു വയ്യേ…? വല്ലതും തരണേ…?”
ആരും പുറത്തു വന്നില്ല! എല്ലാരും ടീവിക്ക് മുന്നിലാരിക്കും…?
വീട്ടുമുറ്റത്ത് ഒരു വരിക്കപ്ലാവ്! നിറയേ വിളഞ്ഞു പഴുത്ത ചക്കകള്‍ തൂങ്ങി കിടക്കുന്നു! ചിലത് കാക്കകള്‍ കൊത്തിപ്പറിക്കുന്നുമുണ്ട്.
ഇടംവലം നോക്കി കൊച്ചാപ്പു പ്ലാവിലേക്ക് വലിഞ്ഞുകേറി.
പഴുത്ത ഒരു ചക്കക്കരികിലെത്തി. ചക്കയുടെ കുടവയര്‍ നോക്കി ഒറ്റ ഇടി! ഇടികൊണ്ട് കുടവയര്‍ പൊട്ടി. ചക്കകുഞ്ഞുങ്ങള്‍ പുറത്തു ചാടി. വയര്‍ നിറയെ ചക്കപ്പഴം കഴിച്ചു. വല്ലാത്ത ക്ഷീണം..? ഒന്നുറങ്ങണം. കൊച്ചാപ്പു പ്ലാവിന്‍കൊമ്പത്തിരുന്ന് കൂര്‍ക്കം വലിച്ചു ഉറങ്ങുകയാണ്.
പെട്ടെന്നാണ് ശക്തിയായ ഒരു കാറ്റടിച്ചത്.
കൊച്ചാപ്പു ഇതാ താഴേയ്ക്ക്….
പോകുന്നപോക്കില്‍ കയ്യില്‍ തടഞ്ഞ മറ്റൊരു ചക്കയുമായി കൊച്ചാപ്പു “…..പ്ലിം….” എന്ന ഉഗ്രന്‍ ശബ്ദതോടെ താഴേക്കു വന്നു പതിച്ചു!!
ഭീകര ശബ്ദം കേട്ട് ടീവിക്ക് മുന്നില്‍ നിന്നും കൊച്ചമ്മ ഉരുണ്ടുരുണ്ട് പുറത്തേക്കു വരികയാണ്..
“…ദാ….അടുത്ത ചക്ക…വരുന്നേ….!?”
കൊച്ചാപ്പു ചക്കയും വലിച്ചെറിഞ്ഞ് ജീവനും കൊണ്ട് പുറത്തേക്കോടി….