സ്നേഹസദനം

 

d68b7de10907a3f08fe274e5604159b3

 

തികച്ചും അപ്രതീക്ഷിതമായിരുന്നു സുമതിയുടെ വേർപാട്.വർഷങ്ങൾ നീണ്ട ജോലിയുടെയും പാസഞ്ചർ വണ്ടികളിലെ മടുപ്പിക്കുന്ന വിരസതയുടെയും നിമിഷങ്ങൾക്ക് വിരാമമിട്ട് വീട്ടിലേക്ക് ചേക്കേറുമ്പോൾ പിന്നെ അവളായിരുന്നു കൂട്ട്.പുസ്തങ്ങളെപ്പോലെ തന്നെ തനിക്ക് പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു അവൾ.മക്കൾ രണ്ടും കുടുംബ സമേതം വിദേശത്തായതിനാൽ വല്ലപ്പോഴും വരുന്ന ഫോൺ കോളുകളിലും എപ്പോഴെങ്കിലും വിശേഷ ദിവസങ്ങളിലെ വരവിലും ഒതുങ്ങി അവരുമായുള്ള ബന്ധം.
അമ്മയുടെ മരണാനനന്തര ചടങ്ങുകൾക്ക് എല്ലാവരുമെത്തി.ഒരാഴ്ചത്തെ ലീവേ ഉള്ളു എന്നതിനാൽ പ്രധാന ചടങ്ങുകളൊക്കെ അതിനിടയിൽ നടത്തി.മക്കളും ചെറുമക്കളുമൊക്കെ ചേർന്ന് ആകെ ബഹള മയമായിരുന്നു അന്തരീക്ഷം.അതിനിടയിൽ അയാൾ ആലോചിച്ചു.രണ്ടു ദിവസം കഴിയുമ്പോൾ എല്ലാം കഴിയും.പിന്നെ ഈ വലിയ വീട്ടിൽ തനിക്ക് കൂട്ട് പുസ്തകങ്ങളും സുമതിയുടെ ഓർമ്മകളും മാത്രം..
മക്കൾക്ക് തിരികെ പോകാനുള്ള ദിവസമെത്തി.
’’അല്ല അച്ഛൻ ഇനിയും റെഡിയായില്ലേ..?’’..മകന്റെ ചോദ്യം അയാളെ ചിന്താക്കുഴപ്പത്തിലാക്കി.മക്കളാരെങ്കിലും തന്നെ കൂടെ കൊണ്ടു പോകാനുള്ള ഉദ്ദേശത്തിലായിരിക്കണം.കുറച്ചു നാൾ നാട്ടിൽ നിന്ന് ഒന്ന് മാറി നിൽക്കുന്നതും നല്ലതാണ്.എങ്കിലും ഇതു വരെ അക്കാര്യം തന്നോട് ആരും സൂചിപ്പിച്ചില്ലല്ലോ..ഇനി തിരക്കിനിടയിൽ പറഞ്ഞിട്ട് മറന്നു പോയതാണോ..
‘’ഞങ്ങൾ ഒത്തിരി ആലോചിച്ചാണ് അച്ഛാ ഈ തീരുമാനത്തിലെത്തിയത്..’’ മകൻ പറയാൻ തുടങ്ങിയപ്പോൾ അയാൾ ആകാംക്ഷയോടെ ചെവിയോർത്തു .’’ഞങ്ങൾ പൊയ്ക്കഴിഞ്ഞാൽ ഇവിടെ അച്ഛൻ ഒറ്റയ്ക്കാവും..’’.
.മകനോ മകളോ ആരാവും യതന്നെ കൂടെ കൊണ്ടു പോകുക എന്ന ചിന്താക്കുഴപ്പത്തിലായിരുന്നു അയാൾ.ആരുടെ കൂടെ പോകാനും തനിക്ക് സന്തോഷമാണ്.എങ്കിലും മകളോടോപ്പം പോകാനാണ് കൂടുതലിഷ്ടം.ചെറുപ്പം മുതൽ അവളെയായിരുന്നല്ലോ കൂടുതൽ ലാളിച്ചു വളർത്തിയത്.
മകളുടെ ശബ്ദമാണ് അയാളെ ചിന്തയിൽ നിന്നുണർത്തിയത്.’’എന്തൊക്കെ വാർത്തകളാ ഓരോ ദിവസവും പത്രങ്ങളിൽ..അതൊക്കെ വായിക്കുമ്പോൾ ഈ വലിയ വീട്ടിൽ അച്ഛനെ ഒറ്റയ്ക്കാക്കി പോകാൻ പേടിയാവുന്നു..’’
ചെറിയൊരു ചിരിയോടെ മകളുടെ ക്ഷണം കാത്ത് അയാൾ തലയുയർത്തി.
‘’അതു കൊണ്ട് അച്ഛാ,ടൗണിലെ ‘സ്നേഹസദ’നിൽ അച്ചന് വേണ്ടി ഒരു മുറി ഞങ്ങൾ ബുക്ക് ചെയ്തു.എല്ലാ സൗകര്യവുമുണ്ട്,വീട്ടിലെ പോലെ തന്നെ അവർ നോക്കും..അച്ഛനെ അവിടെ ആക്കിയിട്ടാവുമ്പോൾ ഞങ്ങൾക്ക് സമാധാനമായി പോകുകയും ചെയ്യാമല്ലോ..?’’
മകളുടെ വാക്കുകൾ അവിശ്വസനീയതയോടെയാണ് അയാൾ കേട്ടത്..തന്റെ മകൾ തന്നെയാണോ ഇതു പറയുന്നത്..എത്രയോ രാത്രികളിൽ ഈ മകളെ നോക്കാൻ വേണ്ടി,അവളുടെ കരച്ചിൽ മാറ്റാൻ വേണ്ടി താനും സുമതിയും ഉറക്കമൊഴിഞ്ഞിരുന്നിട്ടുണ്ട്..അതൊന്നും ഓർത്ത് സമയം കളയാനില്ലായിരുന്നു..എതിർത്തൊന്നും പറയാനാകട്ടെ അയാളുടെ ശബ്ദം പുറത്തേക്ക് വന്നതുമില്ല.
‘’എന്റെ പുസ്തകങ്ങൾ..?’’ഒരു ഗദ്ഗദമായി ആ ശബ്ദം മാത്രം പുറത്തേക്ക് വന്നു.
സ്വന്തമെന്ന് പറയാൻ ഇനി അവ മാതം,സ്വാർഥതയില്ലാത്ത ബന്ധുക്കളും വഞ്ചനയില്ലാത്ത സുഹൃത്തുക്കളും..
‘’പുസ്തകങ്ങൾ മൊത്തം എടുത്തിട്ടുണ്ട്..ഇവിടെ ഇട്ടിട്ട് ആരു വായിക്കാനാണ്..’’ മകൾ ചോദിച്ചു..
‘ശരി,എന്നാൽ ഇറങ്ങാം.സമയം വൈകി..’’ മകൻ ധൃതി കൂട്ടി..മക്കൾ കൈ പിടിച്ച് അച്ഛനെ ‘സ്നേഹസദന’ത്തിലേക്ക് യാത്രയാക്കി.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleദശാസന്ധികള്‍
Next article‘സമാധാനത്തിന്റെ അമ്മ’ ലെയ്മാ ബോവി
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here