പിതൃ വന്ദനം

father-daughter1

പിതൃത്വത്തിനും മാതൃത്വത്തോളംതന്നെ പ്രാധാന്യമുണ്ട്. തന്റെ പിതാവാരെന്നറിയാതെ, അല്ലെങ്കിൽ തന്റെ പിതാവിനെ സമൂഹത്തിനുമുന്നിൽ ചൂണ്ടികാണിയ്ക്കാൻ കഴിയാതെ മണ്ണിൽ ജന്മമെടുക്കേണ്ടി വരുന്ന മനുഷ്യജന്മം സമൂഹത്തിനുമുന്നിൽ ഒരു കളങ്കമാണെന്നതിൽ നിന്നുതന്നെ പിതൃത്വത്തിന്റെ പ്രാധാന്യം വ്യക്തമാണ്.

ഒരു പിതാവ് ഒരു കുടുമ്പത്തിന്റെ അടിത്തറ തന്നെയാണ്. ഒരു പിതാവിന് മക്കൾക്കുവേണ്ടി ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കടമ അവരുടെ അമ്മയെ സ്നേഹിയ്ക്കുകയെന്നതാണ് (The most important thing a father can do for his children is to love their mother) എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞു. അതായത് ഒരു അമ്മയെ മതിവരുവോളം സ്നേഹിയ്ക്കുന്നതിൽ അവൾ സന്തോഷവധിയാകുന്നു. ‘അമ്മ സന്തോഷവധിയായിരിയ്ക്കുമ്പോൾ  കുട്ടികളും അതിലൂടെ മുഴുവൻ കുടുമ്പവും സന്തുഷ്ടമാകുന്നു. അപ്പോൾ ഒരു സന്തുഷ്ട കുടുമ്പത്തിന്റെ ആദ്യ കണ്ണി അച്ഛൻ തന്നെ.

പത്തുമാസം ചുമന്നു, ശാരീരിക വേദന അനുഭവിച്ച് ഒരു അമ്മ കുഞ്ഞിന് ജന്മം നൽകുന്നു എന്നതുകൊണ്ട് എപ്പോഴും മാതൃത്വത്തെ ആദരിയ്ക്കപ്പെടുന്നു. എന്നാൽ ഒരു യഥാർത്ഥ  പിതാവ് മാതാവിന്റെ ശാരീരിക വേദനയ്ക്ക് തത്തുല്യമായ മാനസിക  സംഘർഷങ്ങൾ പലവിധത്തിലും അനുഭവിയ്ക്കുന്നു എന്നത് ഒരിക്കലും വിലകല്പിയ്ക്കാതെ പോകുന്നു. തന്റെ മക്കളെകൊണ്ടുണ്ടാകുന്ന ഏതെങ്കിലും വിഷമഘട്ടങ്ങളെ തരണം ചെയ്യാൻ സാന്ത്വനത്തിന്റെ  കരങ്ങളുമായി അച്ഛൻ അമ്മയ്‌ക്കൊപ്പമുണ്ടെന്നു മാത്രമല്ല, തന്റെ മനോവിഷമങ്ങളെ വാവിട്ടു കരഞ്ഞു തീർക്കാനും ഒരു അമ്മയ്ക്ക് അവകാശമുണ്ട് . എന്നാൽ ഈ സാഹചര്യങ്ങളിലൊക്കെ തന്റെ മനോവേദനയെ ഉള്ളിലൊതുക്കി മറ്റുള്ളവരെ സാന്ത്വനപ്പെടുത്തി സന്തുലിനത  പാലിയ്ക്കേണ്ട   ഒരു മഹത്തായ ഹൃദയം അച്ഛനുണ്ടാകണം.

ഒരു ‘അമ്മ എപ്പോഴും മക്കളെ വളർത്തുന്നത് വൈകാരികമായിരിയ്ക്കും. ഇത് അവരെ ജീവിതയാത്രയിൽ പലപ്പോഴും തളർത്തിയേയ്ക്കും.  എന്നാൽ ഒരു  പിതാവ് തന്റെ മക്കളെ പ്രായോഗികമായി വളർത്തുന്നു. ഒരു ദുർബല വികാരങ്ങൾക്കും അവിടെ സ്ഥാനമില്ല. ഒരു മാതൃകാ പിതാവ് ഒരിയ്ക്കലും തന്റെ ഇഷ്ടാനിഷ്ടങ്ങൾ മക്കളിൽ അടിച്ചെൽപ്പിച്ച് അവരുടെ അഭിരുചിയ്ക്ക് ഭംഗം വരുത്താറില്ല. മക്കൾ പോകുന്ന വഴികൾ വ്യക്തമല്ലെങ്കിൽ  അവരെ അവിടെ നിന്നും പിന്തിരിപ്പിയ്ക്കും

പിതൃദിന ആചാരണത്തെക്കുറിച്ച് ചിന്തിയ്ക്കുകയാണെങ്കിൽ അധ്യാപകദിനം, മാതൃദിനം എന്നി ദിനങ്ങളെപ്പോലെ പിതൃദിന ആചാരണവും അനിവാര്യം തന്നെ. അച്ഛന് സ്വന്തം മകളെയും, മകന് തന്റെ സ്വന്തം അമ്മയെയും, സഹോദരിമാരെയും തിരിച്ചറിയാതെ ലഹരിയ്ക്കും, വികാരവിചാരങ്ങൾക്കും മാത്രം പ്രാധാന്യം നൽകുന്ന ഈ കാലഘട്ടത്തിൽ  ഓരോ പുരുഷനും തന്നിൽ ഒരു പിതൃഭാവം ഉണ്ട് എന്ന തിരിച്ചറിവു നൽകാൻ കഴിയുന്നുവെങ്കിൽ ഈ പിതൃദിനത്തിനു തീർത്തും പ്രാധാന്യം നൽകുകയും, മഹത്തായി ആഘോഷിയ്ക്കുകയും  വേണം

ഓരോ മക്കളെപ്പോലെ പിതാവിനെക്കുറിച്ച് പറയുമ്പോൾ വാചാലമാകുന്നു ഈ മകളുടെ മനസ്സും. ശാസനയും ശിക്ഷണവുമില്ലാതെ, ജീവിത അനുഭവങ്ങളെ അടയിൽ ശർക്കരയും, തേങ്ങയും എന്നോണം ദൈനംദിന ജീവിതത്തിൽ പറഞ്ഞുതന്നു ജീവിതമെന്തന്നു പഠിപ്പിച്ച കർഷകനായ, നാലുമക്കളുടെ പിതാവ്. സാഹചര്യങ്ങൾ ഒരുക്കുന്നതിനായി വേണ്ടതിലധികം പണക്കെട്ടുകൾ കയ്യിലില്ലായിരുന്നിട്ടും ഞങ്ങളിലെ കഴിവുകളെയും, അഭിരുചികളെയും വളർത്തിയെടുക്കാൻ സ്വാതന്ത്രത്തിന്റെ പോർച്ചട്ട അണിയിച്ചുതന്ന, വിജയങ്ങളിൽ സന്തോഷത്തിന്റെ, പ്രോത്സാഹനങ്ങളുടെ വാക്കാകുന്ന പൂച്ചെണ്ടുകളും, തോൽവികളിൽ സാത്വനത്തിന്റെ തലോടലുകളും നൽകി ഞങ്ങളുടെ കഴിവുകളെ തഴച്ചുവളരാനനുവദിച്ച പിതാവ്. കഠിനാദ്ധ്വാനത്തിന്റെ തീയ്യിൽ കുരുത്താൽ സാഹചര്യങ്ങളുടെ വെയിലിൽ ഒരിയ്ക്കലും വാടില്ലെന്നു പഠിപ്പിച്ച അച്ഛൻ. തന്റെ മകൾ അല്ലെങ്കിൽ മകൻ താൻ നൽകുന്ന സ്നേഹത്തിനു പകരം തന്നെ അനുഭവങ്ങളുടെ കൈപ്പനീര് കുടിപ്പിയ്ക്കില്ല എന്ന അടിയുറച്ച വിശ്വാസത്തിൽ ഞങ്ങൾ തിരഞ്ഞെടുത്ത വഴിയിൽ കെടാവിളക്കായി കൂട്ട് വന്ന അച്ഛൻ. ദൈനംദിന സംഭവവികാസങ്ങൾ പറക്കമുറ്റാത്ത ഈ കുഞ്ഞു മനസ്സുകളുമായി പങ്കുവയ്ക്കുമ്പോൾ അതിൽ നിന്നും ഒരാശയവും, അഭിപ്രായങ്ങളും ലഭിയ്ക്കാനില്ല എന്നറിഞ്ഞിട്ടും ഓരോ ദിവസത്തെ സംഭവവികാസങ്ങൾ ഞങ്ങളുമായി ചർച്ച ചെയ്യുമ്പോൾ   അതിലൂടെ ജീവിതത്തിന്റെ പ്രായോഗിക വശങ്ങളെ ഞങ്ങൾക്കു മനസ്സിലാക്കിത്തരാനും, ഞങ്ങളെ വിവേകമുള്ളവരാക്കാനും കഴിയുമെന്ന ചിന്തയോടെ ദിവസവും കുറച്ചുസമയമെങ്കിലും എല്ലാവരും കൂട്ടായിരുന്ന് ചർച്ചചെയ്യാൻ അച്ഛൻ സമയം കണ്ടെത്താറുണ്ട്.  ‘പഠിയ്ക്ക്, പഠിയ്ക്ക്’ എന്ന് പറഞ്ഞു നിലമുഴുന്ന കാളകളെപ്പോലെ  പഠനത്തിനുവേണ്ടി മാത്രം തള്ളിവിടാതെ,  വെറും പുസ്തകപ്പുഴുക്കളാക്കി വളർത്താതെ കൃഷിയിടങ്ങളിൽ ഞങ്ങളുടെ മൃദുലകരങ്ങൾക്ക്   ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ പങ്കാളികളാക്കി പ്രകൃതിയെ അറിഞ്ഞും, ഇഴുകിച്ചേർന്നു, മണ്ണിനെ അറിഞ്ഞും സന്തോഷിച്ച ഒരിക്കലും മറക്കാനാകാത്ത ഒരു ബാല്യം ഞങ്ങൾക്കായി അച്ഛൻ ഒരുക്കി. ഒരുപാട് വിദ്യാഭ്യാസവും  ബിരുദാനന്തര ബിരുദവുമൊന്നുമില്ലാതെ തന്നെ ഞങ്ങളെ സമൂഹത്തിൽ സ്വാഭിമാനമുള്ള വ്യക്തിത്വത്തിന് ഉടമകളാക്കി വളർത്തി വലുതാക്കിയ   മുല്ലഴിപ്പാറ (പൂക്കാട്ടിൽ) നാരായണൻ നമ്പ്യാർ എന്ന എന്റെ പ്രിയപ്പെട്ട അച്ഛന്റെ പാദങ്ങളിൽ നമസ്കരിച്ച് അച്ഛന് പിതൃദിനം ആശംസിയ്ക്കുന്നതോടൊപ്പം പിതാവെന്ന  മഹത്തായ സ്ഥാനം ജഗദീശ്വരൻ അനുഗ്രഹിച്ചു നൽകിയ എല്ലാ പുരുഷന്മാർക്കും എന്റെ ഹൃദയം നിറഞ്ഞ  “പിതൃദിനാശംസകൾ”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English