”ലഗ്ഗേജ് ഉണ്ടോ?”
”ഉണ്ട്”
”എങ്കിൽ ഒരു മുപ്പത് കൂടി ടോട്ടൽ നൂറ്റമ്പത്”
കണ്ടക്ടറുടെ കയ്യിൽ കാശും കൊടുത്ത് ജമാൽ അടുത്ത സീറ്റിൽ ഇരുന്നു. സമയത്തിന് വരാതെ അര മണിക്കൂർ താമസിച്ചാണ് ബസ് വന്നത്. അത് വരെ ഉണ്ടായ വെപ്രാളം പറഞ്ഞറിയിക്കാൻ വയ്യ. അക്ഷരാർത്ഥത്തിൽ മുൾ മുനയിലായിരുന്നു. ഒടുവിൽ ബസ് വന്നപ്പോൾ വളരെ കഷ്ടപ്പെട്ടാണ് ലഗ്ഗേജുമായി ബസിൽ വലിഞ്ഞു കയറിയത്.
സീറ്റിലിരുന്ന് ഒരു ദീർഘ നിശ്വാസം. ഇനി എയർപ്പോർട്ടിലെത്തിയാൽ മതിയല്ലൊ. സുഖമായൊന്നുറങ്ങാം.
സ്നേഹക്കെട്ടുകളുടെ ഭാരവുമായി ബസ് കയറാൻ പെട്ട പാട് . ഹൗ…. ക്ഷീണിച്ചു പോയി. അത് കൊണ്ടാകാം, സീറ്റിൽ തല താഴ്ത്തി ജമാൽ ഉറക്കമായി. പെങ്ങന്മാരും, മരുമക്കളും, അമ്മായിമാരും തുടങ്ങി, ചില സുഹൃത്തുക്കളും വരെ, ചക്കയും മാങ്ങയും അച്ചാറും പലഹാരങ്ങളും, അങ്ങനെയങ്ങനെ. കിലോക്കണക്കിന് കെട്ടുമായാണ് ജമാലിനെ യാത്രയാക്കാനെത്തിയത്. ആരെയും പിണക്കരുതല്ലോ. എല്ലാം പെറുക്കിക്കൂട്ടി പെട്ടിയിലാക്കി. എന്നിട്ടും സ്നേഹത്തിലൂട്ടി പഞ്ചാരകലക്കിയ രണ്ട് അച്ചാർ കുപ്പി ബാക്കി വന്നു.
”എല്ലാം എടുത്ത് പെട്ടില് വെച്ചീല്ലെ?”
”ഓ.. വെച്ചു.”
എന്നാൽ ആ ചോദിച്ച അമ്മായീടെ കെട്ട് വെക്കാൻ പറ്റീല്ല. ഭാരം കൂടും. അത് എടുത്തിട്ടില്ലെന്ന് അമ്മായിയോട് പറയാമ്പറ്റ്വോ? പിന്നെ പറയേണ്ടതില്ലല്ലോ പുകില്. അത് മെല്ലെ അലമാരക്ക് പിന്നിൽ തിരുകി.
മൊബൈൽ എടുത്തു. അക്കങ്ങളിൽഞെക്കി. പോരാത്തതിന് ഒരു വരയും. അങ്ങേ തലയിൽ ഫോൺ ചിരിച്ചു.
”റസിയാ… അലമാരയുടെ പിന്നിൽ ചില കെട്ടുകൾ ഉണ്ട്. അച്ചാറും പലഹാരവുമാണ്. ചെറിയമ്മായിയുടേതാ…. എല്ലാം കൂടി ഭാരം കൂടുതലാ… നീ അത് മാറ്റി വെക്കണം”
”ശരി ഇക്കാ…”
യാത്രയുടെ സാധാരണ പിരിമുറുക്കത്തിലമർന്ന് ഉറങ്ങിപ്പോയ ജമാൽ പെട്ടെന്ന് ഞെട്ടിയുണർന്നു. പരിസരം ഒന്ന് വീക്ഷിച്ചു. ഏതോ ഒരു ബസ്സ്റ്റാൻഡിൽ എത്തിയിരിക്കുന്നു. തന്റെ സമീപം ഒഴിഞ്ഞ സീറ്റിൽ ഒരാൾ വന്നിരുന്നു. പരിചയപ്പെട്ടു. സംസാരിച്ചു. ഒരേ ഫ്ലൈറ്റ് തന്നെ. ഇരുവർക്കും സന്തോഷമായി. എയർപോർട്ടിലേക്കിനി അധിക ദൂരമില്ല. ഇതിനിടെ ജമാൽ അയാളുടെ കൈ ശ്രദ്ധിച്ചു. ഒരു ചെറിയ ബാഗ്. ജമാലിന് കൗതുകം.
”ഇതാണോ ഹാൻഡ് ബാഗ്”
”അതെ”
ഞാനാണെങ്കിൽ ഹാൻഡ് ബാഗും കുത്തി നിറച്ചാ കൊണ്ടുവന്നിരിക്കുന്നത്. ഭാര്യ വീട്ടിന്ന് കൊടുത്തയച്ചവ. ആരോടെത്ര വേണ്ടേന്ന് പറഞ്ഞാലും വീണ്ടും കൊണ്ടുവരും പലഹാരപ്പൊതികൾ. നിരസിക്കാനാവില്ലല്ലോ. ആ സ്നേഹപ്പൊതികളല്ലേ പ്രവാസിയുടെ പ്രാണൻ. ജമാൽ ആത്മഗതം ചെയ്തു.
”ലെഗ്ഗേജ് വേറെ ഉണ്ടാകും അല്ലെ?” ജമാൽ ചോദിച്ചു.
”ഇല്ല ഒന്നുമില്ല”
പാവം, ഒന്നുകിൽ ആരുമില്ലാത്തവൻ, അല്ലെങ്കിൽ ആരും ഒന്നും കൊടുത്തില്ല. അതുമല്ലെങ്കിൽ അയാൾ നിരസിച്ചു കാണും.
ചിന്തിച്ചിരിക്കുമ്പോഴേക്കും ബസ് എയർപോർട്ടിലെത്തി. ഏതായാലും അരികെയിരുന്ന സുഹൃത്തിനെ തന്നെ തന്റെ യാത്രയയപ്പിനെത്തിയ പലഹാരപ്പെട്ടിക്ക് കൈത്താങ്ങ് നൽകാൻ ജമാൽ വിളിച്ചു. ഇരുവരും ”അപ്പക്കെട്ട്” ചുമന്ന് അടുത്ത് കണ്ട ട്രോളിയിൽ കയറ്റി മുന്നോട്ട് നീങ്ങി.
??????????
✍✍✍✍✍✍✍✍✍✍
നല്ല കഥ.
നന്ദി സർ